Image

പ്രവാസി സ്വാഗത്‌ പദ്ധതിയുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 02 March, 2012
പ്രവാസി സ്വാഗത്‌ പദ്ധതിയുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌
റിയാദ്‌: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‍െറ പ്രവാസി സ്വാഗത്‌ പദ്ധതി സര്‍ക്കാരിന്‍െറ പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക്‌ മികച്ച പിന്തുണയേകുമെന്ന്‌ ബാങ്ക്‌ അധികൃതര്‍ റിയാദില്‍ പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികള്‍ക്ക്‌ അവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിക്ഷേപവും ബാങ്കിലെ ഇടപാടുകളും കണക്കിലെടുത്ത്‌ ചെറുകിട വന്‍കിട നിക്ഷേപങ്ങള്‍ക്ക്‌ വായ്‌പ ലഭ്യമാക്കുന്നതാണ്‌ പ്രവാസി സ്വാഗത്‌ പദ്ധതി.

ഉപഭോക്‌താവിന്‌ സൗകര്യപ്രദമായ നിബന്ധനകളോടെയായിരിക്കും വായ്‌പ നല്‍കുക. പ്രവാസി നിക്ഷേപകരുമായി നേരിട്ട്‌ സംവദിക്കുന്നതിനും വിദേശ ബാങ്കുകളും വിനിമയ സ്‌ഥാപനങ്ങളുമായും ചര്‍ച്ച നടത്തി ഇന്ത്യയിലേക്കുള്ള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുമായി ഗള്‍ഫ്‌ നാടുകള്‍ സന്ദര്‍ശിക്കുന്നതിന്‍െറ ഭാഗമായി റിയാദിലെത്തിയ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പ്രതിനിധികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

20 ശതമാനത്തിലധികം പ്രവാസി നിക്ഷേപമുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ 1992 ല്‍ ഇന്ത്യയിലെ ആദ്യത്തെ എന്‍ആര്‍ഐ ബ്രാഞ്ച്‌ ആരംഭിച്ചു കൊണ്‌ട്‌ പ്രവാസി നിക്ഷേപങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. 2014 ല്‍ ഒരു ലക്ഷം കോടിയുടെ ബിസിനസ്‌ ലക്ഷ്യമിടുന്ന ബാങ്ക്‌ മുഴുവന്‍ ബ്രാഞ്ചുകളിലും കോര്‍ ബാങ്കിംഗ്‌ സിസ്റ്റം നടപ്പാക്കിയിട്ടുണ്‌ട്‌. നിലവില്‍ 678 ബ്രാഞ്ചുകളും 634 എടിഎം കൗണ്‌ടറുകളുമുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഈ വര്‍ഷം 700 ബ്രാഞ്ചും 650 എടിഎം കൗണ്‌ടറുകളുമുള്ള നെറ്റ്‌വര്‍ക്കായി ഉയരുന്നതോടൊപ്പം 62,000 കോടിയുടെ ബിസിനസും ലക്ഷ്യമിടുന്നതായി ബാങ്ക്‌ സിഇഒ ഡോ. വി.എ ജോസഫ്‌ അറിയിച്ചു.

സൗദി അറേബ്യയില്‍ നിലവില്‍ അല്‍ രാജ്‌ഹി ബാങ്കുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ താമസിയാതെ ഇവിടെയുള്ള മിക്ക മുന്‍നിര പണമിടപാട്‌ സ്‌ഥാപനങ്ങളുമായും വിദേശ വിനിമയ സ്‌ഥാപനങ്ങളുമായും കരാറുണ്‌ടാക്കും. അറബ്‌ നാഷണല്‍ ബാങ്കുമായി ചര്‍ച്ച നടന്നു കൊണ്‌ടിരിക്കുന്നതായും നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെ ക്യുക്ക്‌ പേ സിസ്റ്റം സാങ്കേതികമായി വികസിപ്പിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം ഇവിടെ നിന്നും പണമയച്ചാല്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‍െറ അക്കൗണ്‌ടില്‍ പണമെത്തുമെന്നും ഡോ. ജോസഫ്‌ പറഞ്ഞു.

ഏറെ സുതാര്യവും സുഗമവുമായ ഓണ്‍ ലൈന്‍ സംവിധാനവും നെറ്റ്‌ ബാങ്കിംഗ്‌ സിസ്റ്റവുമാണ്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റേത്‌. ലോകത്ത്‌ എവിടെ നിന്നും ബാങ്കിടപാടുകള്‍ നടത്താന്‍ ഇതു മൂലം ഉപഭോക്‌താവിന്‌ സാധിക്കും. ഇന്ത്യയിലെ പഴയകാല സ്വകാര്യ ബാങ്കുകളില്‍ നാലാം സ്‌ഥാനത്തുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ആധുനികമായ എല്ലാം ബാങ്കിംഗ്‌ സൗകര്യങ്ങളും ഉപഭോക്‌താക്കള്‍ക്ക്‌ ഏര്‍പ്പെടുത്തുന്നതില്‍ എന്നും മുന്നിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക്‌ അധികൃതര്‍ പറഞ്ഞു. ബത്‌ഹയിലെ റമാദ്‌ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ജോസഫിനൊടൊപ്പം ചെയര്‍മാന്‍ അമിതാഭ്‌ ഗുഹ, എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ ഏബ്രഹാം തരിയന്‍ എന്നിവരും പങ്കെടുത്തു.
പ്രവാസി സ്വാഗത്‌ പദ്ധതിയുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക