Image

പുലിയെ പിടിക്കാന്‍ നേതൃത്വം നല്‍കിയ കുട്ടനും നാട്ടുകാര്‍ക്കുമെതിരെ കേസ്

Published on 29 February, 2012
പുലിയെ പിടിക്കാന്‍ നേതൃത്വം നല്‍കിയ കുട്ടനും നാട്ടുകാര്‍ക്കുമെതിരെ കേസ്
പത്തനംതിട്ട: മൂഴിയാര്‍ വനമേഖലയില്‍നിന്നു നാട്ടിലിറങ്ങിയ നാലുവയസുള്ള പുലിക്കുട്ടിയെ പിടികൂടാന്‍ വനപാലകര്‍ കൊണ്ടുവന്ന കുട്ടന്‍ കെണിയില്‍. ആങ്ങാമൂഴിയില്‍ ഇന്നലെ നാട്ടുകാരുമായുള്ള മല്‍പ്പിടുത്തത്തില്‍ പുലി ചത്തതോടെയാണ് കുട്ടന്‍ കുരുക്കിലായത്. പുലിക്കുവച്ച 'കെണി'യില്‍ കുട്ടന്‍ മാത്രമല്ല 25 ഓളം നാട്ടുകാരും അകപ്പെട്ടിട്ടുണ്ട്.

ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പുലിയെ കൊലപ്പെടുത്തിയതിനു ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്ത വകുപ്പുകള്‍ പ്രകാരം വനംവകുപ്പ് കുട്ടന്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പുലിയെ പിടിക്കുന്നതില്‍ വിദഗ്ധനായ കുട്ടനെ കൊല്ലത്തുനിന്നു വനപാലകരാണ് ആങ്ങാമൂഴിയില്‍ എത്തിച്ചത്. കേസെടുത്തില്ലെങ്കില്‍ നിയമക്കുരുക്കില്‍പ്പെടുന്നത് തങ്ങളാണെന്ന് പറഞ്ഞ് ഇതേ വനപാലകരും കൈ മലര്‍ത്തുകയാണ്. നിലവിലുള്ള നിയമവ്യവസ്ത അനുസരിച്ച് പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന വന്യമൃഗ വിഭാഗത്തില്‍പ്പെട്ട ജീവിയാണ് പുലി.

ഇന്നലെ രാവിലെ 7.30നാണ് ആങ്ങാമൂഴി ഗുരുകുലം യുപി സ്‌കൂളിനു സമീപം പുലിയ കാണുന്നത്. ആങ്ങാമൂഴി വേലിക്കകത്ത് ഉദയന്റെ വീട്ടുമുറ്റത്തുനിന്ന പുലി നായയെ പിടികൂടുന്നത് പാല്‍ വാങ്ങാന്‍വന്ന യുവതിയാണ് ആദ്യം കാണുന്നത്. നാട്ടുകാരും വനപാലകരും സ്ഥലത്തെത്തിയതോടെ പുലി പുല്ലിനടിയില്‍ ഒളിച്ചു. നാട്ടുകാര്‍ കാത്തുനിന്നു. വേനല്‍ച്ചൂട് കൂടിയതോടെ പുലി പുറത്തിറങ്ങി. നാട്ടുകാര്‍ കാത്തുനില്‍ക്കുന്നതുകണ്ട പുലി വീണ്ടും കാട്ടിനുള്ളിലേക്കു മറഞ്ഞു.

ഇതിനിടെയാണ് കൊല്ലത്തുനിന്നു പുലിയെ പിടിക്കുന്നതില്‍ വിദഗ്ധനായ കുട്ടനെ സ്ഥലത്തെത്തിച്ചത്. ആങ്ങാമൂഴിയിലെത്തിയ കുട്ടന്‍ പുലി മറഞ്ഞിരിക്കുന്ന കാടിനടുത്തേക്കു എത്തിയതോടെ പുലി ആളുടെ മുകളിലേക്കു ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പുലിയ പിടികൂടാന്‍ രംഗത്തെത്തി. നാട്ടുകാരും കുട്ടനും ചേര്‍ന്നുള്ള മല്‍പ്പിടിത്തത്തിനിടയില്‍ പുലി അവശനായി.

അവശനായ പുലിയെ കൈയും കാലും കെട്ടി വായില്‍ തുണിതിരുകി വനപാലകരുടെ അടുക്കല്‍ എത്തിച്ചപ്പോഴേക്കും ചത്തിരുന്നു. പുലിയ പിടികൂടുന്നതിനിടെ കുട്ടനു കടിയേറ്റിരുന്നു. ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയാല്‍ കുട്ടന്‍ അകത്താകും. ഇനി കോടതിക്കു മാത്രമേ കുട്ടനെ രക്ഷിക്കാനാവൂ. റിസര്‍വ് ഫോറസ്റ്റ് മേഖലയിലല്ല സംഭവം നടന്നതെന്നു മാത്രമാണ് കുട്ടനും നാട്ടുകാര്‍ക്കും അനുകൂലമായേക്കാവുന്ന ഘടകം. സ്വയം രക്ഷയ്ക്കുള്ള ശ്രമത്തിനിടെയാണ് പുലിക്കുട്ടി കൊല്ലപ്പെട്ടതെന്നു കുട്ടനുവേണ്ടി കോടതിയില്‍ സമര്‍ഥിക്കുകയും വേണം. പുലിയില്‍നിന്ന് ഗ്രാമം രക്ഷപെട്ടെങ്കിലും വരാനിരിക്കുന്ന നിയമക്കുരുക്കിന്റെ ഭീതിയിലാണ് നാട്ടുകാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക