Image

മിഷിഗണ്‍, അരിസോണ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു;ഒഹായോ സ്കൂള്‍ വെടിവെയ്പ്പ്: ഒരു വിദ്യാര്‍ഥി മരിച്ചു

Published on 28 February, 2012
മിഷിഗണ്‍, അരിസോണ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു;ഒഹായോ സ്കൂള്‍ വെടിവെയ്പ്പ്: ഒരു വിദ്യാര്‍ഥി മരിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണെ്ടത്തുന്നതില്‍ നിര്‍ണായകമാകാവുന്ന മിഷിഗണ്‍, അരിസോണ സംസ്ഥാന പ്രൈമറികളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മുന്‍ നിരയിലുള്ള മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയും പെന്‍സില്‍വാനിയ മുന്‍ സെനറ്റര്‍ റിക് സാന്റോറവും തമ്മിലാണ് പ്രധാന പോരാട്ടം. സമീപകാലത്ത് നടന്ന പ്രൈമറികളില്‍ റോംനിയ്ക്കുമേല്‍ നേടിയ അട്ടിമറിവിജയം സാന്റോറത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ ഗാലപ് പോള്‍ സര്‍വെ അനുസരിച്ച് രജിസ്റ്റേര്‍ഡ് വോട്ടര്‍മാരില്‍ 36 ശതമനം പേര്‍ റോംനിയെ പിന്തുണയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കുന്നതാണ്. സാന്റോറത്തിന് 26 ശതമാനം പേരുടെ പിന്തുണ മാത്രമെ രജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ക്കിടയിലുള്ളൂ എന്ന് സര്‍വെ വ്യക്തമാക്കിയിരുന്നു. താന്‍ ജനിച്ചുവളര്‍ന്ന മിഷിഗനിലാണ് പ്രൈമറി തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഇവിടെ തോല്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും റോംനിയ്ക്കാവില്ല. അതുകൊണ്ടു തന്നെ സ്വന്തം സംസ്ഥാനത്തിന്റെ ഉറച്ച പിന്തുണ റോംനി പ്രതീക്ഷിക്കുന്നുണ്ട്. അരിസോണ ഗവര്‍ണര്‍ ജാന്‍ ബ്രൂവര്‍ പിന്തുണ പ്രഖ്യാപിച്ചതും റോംനിയുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്.

ഒഹായോ സ്കൂള്‍ വെടിവെയ്പ്പ്: ഒരു വിദ്യാര്‍ഥി മരിച്ചു

ഒഹായോ: ക്ലീവലാന്‍ഡിലെ കാര്‍ഡണ്‍ ഹൈസ്കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. റസല്‍ കിംഗ് ജൂനിയറെന്ന(17) വിദ്യാര്‍ഥിക്കാണ് മസ്തിഷ്ക മരണം സംഭവിച്ചത്. സ്കൂള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഹൈസ്കൂളില്‍ കൗമാരക്കാരനായ തോക്കുധാരി തിങ്കളാഴ്ച രാവിലെയാണ് വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

സ്കൂളിലെ കഫെറ്റേരിയയിലുള്ള കുട്ടികളാണ് അക്രമത്തിന് ഇരയായത്. വെടിപൊട്ടുന്ന ശബ്ദം കേട്ട് ടേബിളിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുള്ളില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടികളുടെ സഹപാഠികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മറ്റ് ക്ലാസുകളിലെ കുട്ടികളെ അധ്യാപകര്‍ ക്ലാസ് മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അപകടഭീതിയൊഴിഞ്ഞ ശേഷമാണ് ഇവരെ പുറത്തേക്ക് വിട്ടത്. സംഭവത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ ഒരു അധ്യാപകന്‍ പിന്തുടര്‍ന്ന് പിടികൂടി. എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന സംശയത്താല്‍ ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അഫ്ഗാന്‍ നയത്തില്‍ മാറ്റമില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുണ്ടായ അക്രമത്തിനു ശേഷം യുഎസ് അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ നയമാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ മുന്നേറ്റം മറന്ന് അക്രമം പടരുന്നത് അനുവദിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. അല്‍-ഖായിദയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതസ്ഥാനം നിഷേധിക്കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. സമാധാനത്തിനു വേണ്ടി ശ്രമം നടത്തുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയെ യുഎസ് അഭിനന്ദിച്ചു. അക്രമം തടയാന്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെയും ത്യാഗങ്ങളെയും യുഎസ് അഭിനന്ദിച്ചു. അല്‍-ഖായിദയെയും തീവ്രവാദത്തെയും മേഖലയില്‍ നിന്നു തുടച്ചുനീക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

പേറ്റന്റ് ലൈസന്‍സ:്‌ഫേസ്ബുക്കിനെതിരെ യാഹൂ

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് ലൈസന്‍സ് ഫീസ് നല്‍കണമെന്ന് ഫേസ്ബുക്കിനോട് യാഹൂ ആവശ്യപ്പെട്ടു. ഫേസ്ബുക്കിന്റെ പരസ്യം, പ്രൈവസി കണ്‍ട്രോളുകള്‍, ന്യൂസ് ഫീഡ്, മെേേസജിംഗ് സര്‍വീസ് തുടങ്ങിയവയില്‍ യാഹൂവിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നാണ് വാദം. ഇതുസംബന്ധിച്ച് ഇരുകമ്പനികളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. പേറ്റന്റ് ലൈസന്‍സ് ഉള്ളതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നും യാഹു വ്യക്തമാക്കി.

ചര്‍ച്ച ഫലപ്രദമായില്ലെങ്കില്‍ ഫേസ്ബുക്കിനെതിരെ യാഹൂ കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന. യാഹൂവും ഫേസ്ബുക്കും തമ്മിലുള്ള ചര്‍ച്ചകളുടെ വാര്‍ത്ത ആദ്യം ന്യൂയോര്‍ക്ക് ടൈംസിലാണു പ്രസിദ്ധീകരിച്ചത്. യാഹൂ അധികൃതര്‍ ന്യൂയോര്‍ക്ക് ടൈംസുമായി ബന്ധപ്പെട്ട സമയത്തു തന്നെയാണ് തങ്ങളുമായും ബന്ധപ്പെട്ടതെന്നും യാഹൂവിന്റെ അവകാശവാദത്തെക്കുറിച്ച് വിശദമായി പഠിക്കാനായിട്ടില്ലെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.

71 യാത്രക്കാരുമായി പോയ വിമാനം നെവാര്‍ക്കില്‍ അടിയന്തരലാന്‍ഡിംഗ് നടത്തി
വാഷിംഗ്ടണ്‍: 71 യാത്രക്കാരുമായി പോയ യുണൈറ്റഡ് എക്‌സ്പ്രസ് യാത്രാവിമാനം നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ലാന്‍ഡിംഗ് ഗിയറില്‍ തകരാറുള്ളതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു അടിയന്തരലാന്‍ഡിംഗ്. പ്രാദേശിക സമയം വൈകിട്ട് 6.20 നായിരുന്നു സംഭവം.

യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യുണൈറ്റഡ് എക്‌സ്പ്രസിന്റെ 5124- ാം നമ്പര്‍ വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ലാന്‍ഡിംഗിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു. ഒരു മണിക്കൂറിന് ശേഷം മൂന്ന് റണ്‍വേകളില്‍ രണ്‌ടെണ്ണം തുറന്ന് ഭാഗീകമായി പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക