Image

മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടതാര്: കോടതി

Published on 28 February, 2012
മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടതാര്: കോടതി
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന് ഉത്തരവാദിത്വം ഇല്ലേയെന്നും കോടതി ചോദിച്ചു. വെടിവെപ്പുമായി ക്യാപ്റ്റന് യാതൊരു ബന്ധവുമില്ലെന്ന് കപ്പല്‍ ഉടമകള്‍ കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം.

വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ നഷ്ടപരിഹാര ഹര്‍ജി പരിഗണിക്കവെയാണ് കോടോതിയുടെ നിരീക്ഷണം.

കപ്പലിന്റെ സുരക്ഷാ ഉത്തരവാദിത്വം ഇറ്റാലിയന്‍ നാവികസേനയ്ക്കാണ്. കപ്പലിലുള്ള ഗ്രൂപ്പ് ക്യാപ്റ്റന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാവികര്‍ പ്രവര്‍ത്തിക്കുന്നത്. എന്റിക്ക ലെക്‌സിയിലെ നാവികരുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അറസ്റ്റിലായ ലെസ്‌തോറെ മാസി മിലിയാനോ ആണെന്നും ഉടമകള്‍ അറിയിച്ചു.

കോടതിയ്ക്ക് പുറത്ത് മധ്യസ്ഥ ശ്രമത്തിലൂടെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണോയെന്നകാര്യം കോടതിയെ അറിയിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് കപ്പല്‍ ഉടമകളോട് നിര്‍ദ്ദേശിച്ചു.

അതിനിടെ കൊല്ലം കോടതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. ചാനല്‍ 5 ന്റെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയുമാണ് അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞ് പോലീസില്‍ ഏല്‍പിച്ചത്.

കളക്‌ട്രേറ്റ് കൂടി ഉള്‍പ്പെട്ടതാണ് കോടതി പരിസരം. കളക്‌ട്രേറ്റിലെത്തിയവരും അഭിഭാഷകരും ചേര്‍ന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക