Image

ധരുണ്‍ രവി കേസില്‍ വാദം നാലാഴ്ച തുടരും; യുവാവിന്റെ പുകവലി; വിമാനം അടിയന്തരമായി നിലത്തിറക്കി

Published on 26 February, 2012
ധരുണ്‍ രവി കേസില്‍ വാദം നാലാഴ്ച തുടരും; യുവാവിന്റെ പുകവലി; വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂജേഴ്‌സി: റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ടെയ്‌ലര്‍ ക്ലെമന്റി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപാഠിയും സഹതാമസക്കാരനുമായ ധരുണ്‍ രവി (20)  കുറ്റക്കാരനാണെന്ന് വിധിക്കുകയാണെങ്കില്‍ രവിക്ക് പത്തുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചേക്കും.
കഴിഞ്ഞ ദിവസം വാദം തുടങ്ങിയ കേസില്‍ രവിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രൂക്ഷ പരാമര്‍ശങ്ങളാണ് നടത്തിയത്. ക്ലെമന്റി സ്വവര്‍ഗാനുരാഗിയാണെന്ന കാര്യം പറഞ്ഞ് കളിയാക്കിയ ധരുണ്‍ രവിയുടെയും കൂട്ടുകാരുടെയും നടപടി വെറും കുസൃതിയായി കാണാനാവില്ലെന്നും ആസൂത്രിത ശ്രമമായി മാത്രമെ ഇതിനെ കണക്കാക്കാനാവൂ എന്നും പ്രോസിക്യൂട്ടര്‍ ജൂലി മക്‌ലൂര്‍ കോടതിയില്‍ പറഞ്ഞു. ക്ലെമന്റിയുടെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിക്കാനായി രവിയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും ക്രിമിനലുകളെ പോലെ പെരുമാറിയെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

മനംനൊന്ത് 2010 സെപ്റ്റംബര്‍ 22നാണ് ക്ലെമന്റി  George Washington പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തന്റെ ആണ്‍സുഹൃത്തിനൊപ്പം തനിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്ലെമന്റി അറിയിച്ചതിനെത്തുടര്‍ന്ന്  സുഹൃത്തായ മോളി വിയുടെ റൂമിലേക്ക് പോയ രവി, പോകുന്നതിന് മുമ്പ് മുറിയിലെ തന്റെ കമ്പ്യൂട്ടറിന്റെ വെബ്ക്യാം ഓണ്‍ ചെയ്തിരുന്നു.
പിന്നീട് വെബ്ക്യാമിലൂടെ ക്ലെമന്റിയും സുഹൃത്തും തമ്മിലുള്ള ഇടപഴകലുകള്‍ ആസ്വദിച്ച രവി  ഇക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും സുഹൃത്തുക്കളെ വിളിച്ച് കാണിക്കുകയും ചെയ്തു.
എന്നാല്‍ ക്ലെമന്റിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളൊന്നും രവി ട്വീറ്റ് ചെയ്തിട്ടില്ലെന്നും സംഭവം നടക്കുമ്പോള്‍ രവിക്ക് 18 വയസു മാത്രമെയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ വാദം നാലാഴ്ച തുടരും.

യുവാവിന്റെ പുകവലി; വിമാനം അടിയന്തരമായി നിലത്തിറക്കി

പോര്‍ട്‌ലാന്‍ഡ്: യുവാവ് പുകവലിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. സൗദി അറേബ്യന്‍ സ്വദേശിയായ 19 കാരന്‍ യസീദ് മുഹമ്മദ് എ.അബുനയാന്‍ അധികൃതര്‍ വിലക്കിയിട്ടും വിമാനത്തിലിരുന്ന് ഇലക്‌ട്രോണിക് സിഗരറ്റ് വലിച്ചത്. പോര്‍ട്‌ലാന്‍ഡില്‍ നിന്ന് ഹൂസ്റ്റണിലേക്ക് പോയ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. സിഗരറ്റ് വലിക്കരുതെന്ന അധികൃതരുടെ നിര്‍ദേശം തള്ളിക്കളഞ്ഞ അബുനയാന്‍ സിഗരറ്റ് പിടിച്ചുവാങ്ങാനെത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയും സഹയാത്രക്കാരെയും മര്‍ദ്ദിക്കുകയും ചെയ്തു.

അന്തരിച്ച അല്‍ക്വയ്ദ തലവ
ന്‍ ഒസാമ ബിന്‍ ലാദനെക്കുറിച്ചുള്ള ഗാനങ്ങളും ഇയാള്‍ ഉറക്കെ പാടുന്നുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്‌ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്കെതിരായ കേസില്‍ കോടതി ഏപ്രില്‍ 24ന് വാദംമ കേള്‍ക്കും.

ഓസ്കര്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം

ലോസ് ഏയ്ഞ്ചല്‍സ്: ഓസ്കര്‍ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ട്ടിന്‍ സ്‌കോര്‍സസെയുടെ ത്രീ ഡി ചിത്രം ഹ്യൂഗോയ്ക്ക് ഓസ്കറിലേക്ക് 11 നാമനിര്‍ദേശങ്ങള്‍. മികച്ച ചിത്രം, സംവിധായകന്‍ എന്നീ ഇനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് ഹ്യൂഗോ തന്നെ. മികച്ച നടീനടന്മാര്‍ക്കായുള്ള നിര്‍ദേശങ്ങളില്‍ യഥാക്രമം ജോര്‍ജ് ക്ലൂണി, മെറില്‍ സ്ട്രിപ് എന്നിവര്‍ക്കാണ് മുന്‍തൂക്കം.

വാര്‍ഹൗസ്, ദ ആര്‍ട്ടിസ്റ്റ്, മണിബാള്‍, ദ ട്രീ ഓഫ് ലൈഫ്, മിഡ്‌നൈറ്റ് പാരീസ്, ദ ഹെല്‍പ്പ് , ദ ഡിസന്‍ഡന്‍റ്‌സ്, എക്‌സ്ട്രീമ്‌ലി ലൗഡ് ആന്‍ഡ് ഇന്‍ക്രെഡിബ്‌ളി ക്ലോസ് എന്നിവയാണ് നാമനിര്‍ദേശം ലഭിച്ച ഇതര ചിത്രങ്ങള്‍. ഷീന്‍ ദുജാര്‍ദിന്‍, ഗാരി ഓള്‍ഡ് മാന്‍, ഡെമിയന്‍ ബിച്ചിര്‍, ബ്രാഡ് പിറ്റ് എന്നിവര്‍ക്കും ജോര്‍ജ് ക്ലൂണിക്കൊപ്പം മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയാണ് ഓസ്കര്‍ പ്രഖ്യാപന ചടങ്ങ്.

പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ തകര്‍ന്നുവീണു

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു. പാക്-അഫ്ഗാന്‍ മേഖലയിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താനെത്തിയ യുഎസ് ഡ്രോണാണ് തകര്‍ന്നുവീണത്.

മിരന്‍ഷായില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ മച്ചിക്കല്‍ പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് പെഷവാറിലെ സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ഇതിനിടെ, യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതാണെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തിയിട്ടുണ്ട്. യുഎസ് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്‌ടെന്നും ഇതിന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും താലിബാന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക