Image

പോളിയോബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയില്ല

Published on 25 February, 2012
പോളിയോബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയില്ല
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷമായി പുതിയ പോളിയോ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പോളിയോബാധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ലോകാരോഗ്യസംഘടന ഇന്ത്യയുടെ പേര് നീക്കം ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന പോളിയോ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ ഒരു വര്‍ഷമായി പോളിയോ വിമുക്തപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള പുരോഗതി വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്നുരാവിലെയാണ് ലോകാരോഗ്യസംഘടനയില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് ആസാദ് പറഞ്ഞു. അടുത്ത രണ്ടു വര്‍ഷം കൂടി പുതിയ പോളിയോ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമെ പോളിയോ വിമുക്ത രാജ്യമെന്ന പദവി ഇന്ത്യക്ക് സ്വന്തമാകുകയുള്ളു.

ഇന്ത്യയുടെ പേരു നീക്കം ചെയ്തതോടെ പാകിസ്ഥാന്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമെ ലോകാരോഗ്യസംഘടനയുടെ പോളിയോബാധിത രാജ്യങ്ങളുടെ പട്ടികയില്‍ അവശേഷിക്കുന്നുള്ളു. 

കുഗ്രാമങ്ങളില്‍ പോലുമെത്തി പോളിയോ വിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 23 ലക്ഷത്തോളം സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്കുള്ളതാണ് ഈ അംഗീകാരമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്നുമാത്രല്ല ഭൂമുഖത്ത് നിന്നു തന്നെ പോളിയോ നീക്കം ചെയ്യുന്നതിനുള്ള പ്രത്യാശയാണ് ഈ നേട്ടം നല്‍കുന്നതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക