Image

സെവാഗുമായി അകല്‍ച്ചയില്ല: ധോനി

Published on 25 February, 2012
സെവാഗുമായി അകല്‍ച്ചയില്ല: ധോനി
സിഡ്‌നി: വീരേന്ദര്‍ സെവാഗും താനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി. ടീമില്‍ അംഗങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് ടീമംഗങ്ങള്‍ തമ്മില്‍ സംസാരിക്കേണ്ട കാര്യവുമില്ലവാര്‍ത്താസമ്മേളനത്തില്‍ ധോനി പറഞ്ഞു.

ടീമില്‍ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. അഭിപ്രായവ്യത്യാസത്തിന്റെ വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ല. ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഡ്രസിങ് റൂമില്‍ ചിരിക്കുകയാണ് ചെയ്യാറുള്ളത്. അടുത്ത രണ്ടു മത്സരങ്ങളും വിജയിച്ച് ത്രിരാഷ്ടര്ര ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുക എന്നൊരു ലക്ഷ്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. മറ്റൊരു പ്രശ്‌നവും ഇപ്പോള്‍ ഞങ്ങളെ അലട്ടുന്നില്ലധോനി പറഞ്ഞു.

ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ബി.സി.സി.ഐ.നേരിട്ട് ഇടപെടാന്‍ ഒരുങ്ങിയിരിക്കെയാണ് അഭിപ്രായവ്യത്യാസത്തിന്റെ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞുകൊണ്ട് ധോനി രംഗത്തെത്തിയത്. ധോനിയും സൊഗും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ കഴിഞ്ഞ ദിവസമാണ് സെക്രട്ടറി സഞ്ജയ് ജഗ്ദാലേയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടത്.

ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടുള്ള റൊട്ടേഷന്‍ സമ്പ്രദായമാണ് ടീമിലെ പ്രശ്‌നങ്ങളെ മറനീക്കി പുറത്തുകൊണ്ടുവന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ഫീല്‍ഡില്‍ മെല്ലെപ്പോക്കുകാരാണെന്ന ക്യാപ്റ്റന്‍ ധോനിയുടെ പ്രസ്താവന പ്രശ്‌നം കൂടുതല്‍ വഷളാക്കി. ധോനിക്കെതിരെ സെവാഗ് പരസ്യമായി തന്നെ പ്രതികരിച്ചു. സമയത്ത് ബൗളിങ് പൂര്‍ത്തിയാക്കാത്തതിന് ഗൗതം ഗംഭീറും ക്യാപ്റ്റനെതിരെ വിമര്‍ശവുമായി വന്നു. ഇതോടെയാണ് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ബി.സി.സി.ഐ.യ്ക്കു തന്നെ രംഗത്തുവരേണ്ടിവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക