വിശ്വസാഹിത്യത്തിലെ ഭാവനാ ഗോപുരങ്ങള്‍ (ജോയ്‌സ് തോന്ന്യാമല)
SAHITHYAM
10-Apr-2017
SAHITHYAM
10-Apr-2017

ഏതു ഭാഷയുടെയും അഭിമാനമാണ് എഴുത്തുകാര്‍. അവരുടെ രചനകളിലൂടെയാണ് സാഹിത്യവും ഭാഷയും സംസ്‌കൃതിയുമെല്ലാം വളര്‍ന്ന് വികസിക്കുന്നത്. ഭാവനയുടെ പ്രകാശ ഗോപുരങ്ങളാണ് എഴുത്തുകാര്‍. രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ മൂന്നാമതൊരു വാക്കല്ല നക്ഷത്രമാണ് പിറക്കുന്നതെന്ന് സാഹിത്യത്തെക്കുറിച്ച് പറയപ്പെട്ടിട്ടുണ്ട്. നിരവധി നിറങ്ങളില്‍ വാക്കുകള്‍ കുടമാറുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും സംസ്‌കരിച്ചെടുക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ജനപക്ഷ സാഹിത്യം ജനിക്കുന്നു. അതിന് കാലദേശ പരിഗണനകളില്ല. വ്യക്തിപരവും സാമൂഹികവും അക്കാദമികവുമായ നമ്മുടെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ സാഹിത്യം സ്പര്‍ശിക്കുന്നുണ്ട്. അവ നമ്മുടെ അറിവിനെ സമ്പന്നമാക്കുന്നു. ആന്തരിക ജീവിതത്തെ ധന്യമാക്കുന്നു. ആലോചനകളെ ഗുണപരമായി സ്വാധീനിക്കുന്നു എന്ന് വിവക്ഷിക്കപ്പെട്ടിട്ടുണ്ട്.
'എഴുത്ത് വ്യക്തിനിഷ്ടമായ കാര്യമാണല്ലോ. അതില്‍ സാമൂഹിക വീക്ഷണത്തിനെന്ത് പ്രസക്തി...?' എന്ന് ചോദിക്കുന്ന എഴുത്തുകാരും സഹൃദയരും ഭൂലോകത്തു നിന്ന് അന്യം നിന്നു പോയിട്ടില്ല. അവര്‍ക്ക് മറുപടിയായിട്ടാണ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഐറിഷ് കവി ഡബ്ലിയൂ. ബി യേറ്റ്‌സ്, A work of art is the social art of a solitary man...! എന്ന് പറഞ്ഞു വച്ചത്. ആ എഴുത്ത് സമൂഹത്തിലേയ്ക്കാണ് തൊടുക്കപ്പെടുന്നത് എന്നതിനാല്‍ അവിടെയത് ഗുണദോഷസമ്മിശ്രമായ ഫലം ചെയ്യും. ഉത്തമ സാഹിത്യകൃതി സമൂഹത്തില്‍ ആരോഗ്യകരമായ ചലനങ്ങള്‍ ഉണ്ടാക്കും.
ഈ പുരോഗമന ചിന്തയില്‍ എഴുത്തിനെ തപസാക്കിയ വ്യക്തിയാണ് കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും നിരൂപകനുമായ പ്രൊഫ. ജോസഫ് മുണ്ടശേരി. അദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ ഏറ്റവും തെളിഞ്ഞു കാണുന്ന സവിശേഷതയാണ് സാമൂഹ്യ വീക്ഷണം എന്ന കാര്യത്തില്‍ സംശയലേശമില്ല. 'കരിന്തിരി' എന്ന പുസ്തകത്തിലെ 'സാഹിത്യപുരോഗതി' എന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
'സാമൂഹിക സ്വാതന്ത്ര്യ സമരത്തെ പ്രായോഗിക മണ്ഡലത്തിലേയ്ക്കിറക്കി കാണുമ്പോഴാണ് പുരോഗമന സാഹിത്യകാരന് അവന്റെ ചേരി തിരിച്ചില്‍ വ്യക്തമാക്കേണ്ടിവരുന്നത്. അവന് രാഷ്ട്രീയ സമരങ്ങളില്‍ ജനകീയ പക്ഷത്തേ ചേരാന്‍ പറ്റൂ. സാമ്പത്തിക സമരങ്ങളില്‍ ചൂഷിത വര്‍ഗത്തിന്റെ ചേരിയില്‍. സാമൂഹ്യ വിപ്ലവങ്ങളില്‍ മര്‍ദ്ദിത ജനതയുടെ ഭാഗത്തും. കാരണം അയാളുടെ നോട്ടത്തില്‍ ജീവിതം പാരതന്ത്ര്യത്തിന്റെ മറുപുറമാണ്. യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്...' മനുഷ്യസമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തെ സേവിക്കുക എന്നുള്ളതാണ് സാഹിത്യകാരന്റെ പ്രാഥമിക ചുമതല എന്ന കാര്യത്തില്‍ പ്രൊഫ. മുണ്ടശേരിക്ക് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടായിരുന്നില്ല.
***
ലോകത്തെ പിടിച്ചു കുലുക്കിയ മഹത്തായ രചനയാണ് മാക്‌സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലായ 'അമ്മ'. 1907 ല്‍ പുറത്തിറങ്ങിയ അമ്മ ഇന്നും ലോകത്താകമാനമുള്ള വായനക്കാരുടെ ഹൃദയങ്ങളെ ആര്‍ദ്രമാക്കുന്നു... വിപ്ലവോന്മുഖമാക്കുന്നു. ഒരു ഫാക്ടറിയുടെ സൈറണ്‍ മുഴങ്ങുന്നതോടെ ആരംഭിക്കുന്ന നോവല്‍ യന്ത്രവേഗത്തിനനുസരിച്ച് പണിയെടുക്കുകയും യന്ത്രശബ്ദത്തില്‍ ഞെട്ടിത്തരിക്കുകയും ചെയ്യുന്ന തൊഴിലാളികളുടെ ദുരവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് വിശ്വസാഹിത്യത്തിലേയ്ക്ക് പ്രകാശവേഗത്തില്‍ പറന്നിറങ്ങിയത്. ബൂര്‍ഷ്വാസികളുടെ ഉള്ളം കൈയില്‍ തൊഴിലാളികള്‍ വെറും ഉപകരണങ്ങളാവുന്നു. വെറും യന്ത്ര ഭാഗങ്ങളാണവര്‍. രക്തം വിയര്‍പ്പായി ഇറ്റിച്ച് തൊഴിലാളികളുണ്ടാക്കുന്ന മൂലധനം അവര്‍ക്കുതന്നെ തിരിച്ചടിയാവുകയാണ്. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ തൊഴിലെടുത്ത് അന്‍പതു വയസാവുമ്പോള്‍ ആയുസ്സു തീരുന്ന പാവങ്ങളുടെ കണ്ണീര്‍ കഥയാണ് അമ്മ.
വ്യക്തി ജീവിതത്തെയും സമൂഹവുമായുള്ള ബന്ധത്തെയും ഒട്ടനവധി മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ അവരുടെ മനോനിലകളിലൂടെ അതിസമര്‍ത്ഥമായാണ് ഗോര്‍ക്കി ചിത്രീകരിക്കുന്നത്. ഓരോ കഥാപാത്രവും അവരുടെ ജിവിതവും പഠനാര്‍ഹമാണ്. മോഹങ്ങളും പ്രണയവും പ്രണയഭംഗങ്ങളും മരണവും ദാരിദ്ര്യവും വിശപ്പും സന്തോഷവുമെല്ലാം അതീവ സുക്ഷ്മതയോടെ വരച്ചുകാട്ടുന്നു. വെറുപ്പും അജ്ഞതയും കട്ടപിച്ച് ആത്മാവു നഷ്ടപ്പെടുന്ന മനുഷ്യനെ വീണ്ടും മനുഷ്യനാക്കാനുള്ള ത്യാഗപൂര്‍ണമായ മഹാകര്‍മമായി വിപ്ലവം ആവിഷ്‌കരിക്കപ്പെടുകയാണ് അമ്മയില്‍.
***
ഓരോ വാക്കിലും സര്‍ഗപ്രതിഭയുടെ സ്ഫുലിംഗങ്ങള്‍... ഓരോ വായനയിലും ഇതള്‍ വിരിഞ്ഞ് വരുന്ന നൂറുനൂറു തലങ്ങള്‍... മനുഷ്യമനസിന്റെ ആഴക്കയങ്ങളെക്കുറിച്ചുള്ള അത്ഭുതകരവും അസാധാരണവുമായ വിവരണങ്ങള്‍... ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് അറിയാമോ...? കാലദേശ ഭേദഭാവങ്ങളില്ലാതെ നാം നമസ്‌കരിക്കുന്ന, മനുഷ്യരാശിയെ വിസ്മയിപ്പിച്ച വാഗ്പുരുഷന്‍ വില്ല്യം ഷേക്‌സ്പിയറിനെ കുറിച്ചാണ്. വിശ്വസാഹിത്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലാദ്യം ഓടിയെത്തുന്ന പേരാണല്ലോ ഇത്.
സാഹിത്യ പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ഈ വിശ്വസാഹിത്യകാരന്‍ പിറന്നത്. കാളിദാസനുള്ള കാല്‍പനിക വലയമോ ടോള്‍സ്റ്റോയിയുടെ ദാര്‍ശനിക ഭാവമോ ദാന്തെയുടെ ഭക്തിവൈഭവമോ അദ്ദേഹത്തിനില്ല. പിന്നെയെന്താണ് ഷേക്‌സ്പിയറെ വിശ്വസാഹിത്യത്തിന്റെ പരമ സിംഹാസനത്തില്‍ ലബ്ധപ്രതിഷ്ഠിതനാക്കിയത് എന്ന് ചിന്തിക്കണം. 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തകര്‍ന്നാലും ബ്രിട്ടീഷുകാര്‍ക്ക് ഷേക്‌സ്പിയര്‍ ഉണ്ടല്ലോ...' എന്ന് കാര്‍ലൈന്‍ പറയാനുള്ള കാരണമെന്താണെന്നും കണ്ടെത്തണം.
ഷേക്‌സ്പിയറിനെപ്പോലെ മനുഷ്യമനസിനെ, അതിന്റെ സമസ്ത ഭാവങ്ങളെ, അതിന്റെ അപ്രവചനീയതകളെ ഇത്രമേല്‍ തൊട്ടറിഞ്ഞ സാഹിത്യ പ്രതിഭകള്‍ വിരലിലെണ്ണാവുന്നവരേയുള്ളു. നിഗൂഢമായ അതിന്റെ രസതന്ത്ര സമവാക്യങ്ങളെ അറിഞ്ഞവരില്‍ അദ്ദേഹത്തെ അതിശയിക്കുന്നത് ഒരുപക്ഷേ വ്യാസന്‍ മാത്രമായിരിക്കും. ഷേക്‌സ്പിയറെ വിശ്വസാഹിത്യത്തിലെ ആചാര്യശ്രേഷ്ഠനാക്കുന്നത് എന്താണെന്നതിന് മറ്റൊരുത്തരമുണ്ടോയെന്നറിയില്ല. ഗ്രീക്ക് ദുരന്തനാടകങ്ങളെ വെല്ലുന്ന ദുരന്തനാടകങ്ങള്‍ അദ്ദേഹം രചിച്ചു. കാവ്യഭാഷയില്‍ കാളിദാസനെ അതിശയിപ്പിച്ചു. കോമഡിയുടെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് നാടകകൃത്ത് അരിസ്റ്റോഫാനസിനെ നാണിപ്പിക്കുന്ന ശുഭപര്യവസായികളെഴുതി. വാക്കുകളും പ്രയോഗങ്ങളും സൃഷ്ടിച്ച് ഇംഗ്ലീഷ് ഭാഷയെ സര്‍വാംഗ സുന്ദരിയാക്കി.
1616 ഏപ്രില്‍ 23ന് അന്‍പത്തി രണ്ടാം ജന്മദിനത്തില്‍ ഷേക്‌സ്പിയര്‍ അരങ്ങൊഴിയുമ്പോള്‍ 37 നാടകങ്ങളും 154 സോണറ്റുകളും അദ്ദേഹത്തെ അനശ്വരനാക്കിയിരുന്നു. സ്ട്രാറ്റ്‌ഫോര്‍ഡ് എ വണ്ണിലെ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിലെ സ്മാരക ഫലകത്തില്‍ ആലേഖനം ചെയ്തിട്ടുള്ള നാലു വരികള്‍ ശ്രദ്ധേയമാണ്. സ്വസ്ഥമായി കിടക്കുന്ന തന്നെ ശല്യപ്പെടുത്തരുതെന്നും അത് മാന്തിയിളക്കുന്നവരെ ശാപം പിന്തുടരുമെന്നാണത്. പ്രസിദ്ധീകരിക്കാത്ത കൃതികള്‍ ഈ കല്ലറയിലുണ്ടെന്ന് പലരും വിശ്വസിച്ചു. പക്ഷേ അത് കുത്തിപ്പൊളിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
***
ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധ ഭൂമിയില്‍ കൊല്ലപ്പെട്ട 25കാരനായ ഇംഗ്ലീഷ് കവിയാണ് വില്‍ഫ്രെഡ് ഓവന്‍. യുദ്ധ കവിയെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതെങ്കിലും യുദ്ധത്തെ എതിര്‍ത്ത വ്യക്തിയായിരുന്നു ഓവന്‍. യുദ്ധത്തെക്കുറിച്ചുള്ള വീരേതിഹാസ വര്‍ണനകള്‍ എത്ര യുക്തിരഹിതമാണെന്ന് യുദ്ധമുഖത്തെ മൃതശരീരങ്ങള്‍ ഓവനെ പഠിപ്പിച്ചു. കാവ്യലോകത്ത് അഭിരമിക്കാന്‍ കൊതിച്ച് ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്‌കൂള്‍ അധ്യാപികയായിരുന്നു ഓവന്‍. ഒന്നാം ലോകമഹായുദ്ധം ഓവനില്‍ വലിയ ചലനമൊന്നുമുണ്ടാക്കിയില്ല.
തന്നിലെ കവി മരിച്ചു എന്ന തോന്നലുണ്ടായപ്പോള്‍ 1915ല്‍ കവി പട്ടാളത്തില്‍ ചേര്‍ന്നു. മറ്റൊരു കവിയും പട്ടാളക്കാരനുമായിരുന്ന സീഗ്‌ഫ്രൈഡ് സസൂണാണ് യുദ്ധത്തെ കുറിച്ചെഴുതാന്‍ ഓവനെ പ്രേരിപ്പിച്ചത്. 1918 നവംബര്‍ 11ന് ഫ്രാന്‍സിലെ ബെവോയര്‍ ഫോന്‍സാ മുന്നണിയില്‍ ജര്‍മന്‍കാരെ നേരിടാന്‍ വേണ്ടി സാംബര്‍ കനാല്‍ തരണം ചെയ്യുമ്പോള്‍ ജര്‍മന്‍കാരുടെ വെടിയേറ്റ് ഓവന്‍ മരിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ യുദ്ധം അവസാനിക്കുകയും ചെയ്തു. ഓവന്റെ അമ്മ സൂസന്‍ എച്ച് ഓവന്‍ 1920 ഓഗസ്റ്റ് ഒന്നാം തീയതി ലണ്ടനിലുണ്ടായിരുന്ന വിശ്വമഹാകവിയും വാക്കിന്റെ ദീപവുമായ രവീന്ദ്രനാഥടാഗോറിനെഴുതിയ കത്തിലെ പ്രസക്തമായ വരികള്‍ കുറിക്കട്ടെ...
'എന്റെ പ്രിയപ്പെട്ട മൂത്തമകന്‍ യുദ്ധത്തിന് പോയിട്ട് ഏതാണ്ട് രണ്ടു വര്‍ഷമായി. വെയിലേറ്റ് തിളങ്ങുന്ന കടലിനപ്പുറത്തെ ഫ്രാന്‍സിനെ നോക്കി വിങ്ങിപ്പൊട്ടുന്ന മനസുമായി കവിത്വഗുണമുള്ള എന്റെ മകന്‍ താങ്കളുടെ ഗീതാഞ്ജലിയിലെ 'ഞാനിവിടുന്ന് പോകുമ്പോള്‍ ഇതെന്റെ വിടുതല്‍ വാക്കായിരിക്കട്ടെ...' എന്ന വരികളാണ് യാത്രാമൊഴിയായി എന്നോട് പറഞ്ഞത്...' കാളിദാസനു ശേഷം ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും വലിയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. കൈവച്ച മേഖലകളിലെല്ലാം കനകമുദ്ര ചാര്‍ത്തിയ മഹാമനീഷി. പ്രപഞ്ചം മുഴുവന്‍ പരന്നൊഴുകുന്നതാണ് ടാഗോറിന്റ തൂലിക പ്രഭ.
***
സാഹിത്യ സൃഷ്ടികളുടെ കാല-ദേശ-സമയ പരിഗണകളെ പറ്റി മണ്‍മറഞ്ഞ സാഹിത്യവാരഫലക്കാരന്‍ പ്രൊഫ. എം കൃഷ്ണന്‍ നായര്‍ പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 'കലയും കലാസൃഷ്ടികളും കലാ സിദ്ധാന്തങ്ങളും രാജ്യം മാറുന്തോറും മാറിക്കൊണ്ടിരിക്കുന്നില്ല. കല ഒന്നേയുള്ളു. ആവിഷ്‌കരണോപാധികള്‍ മാത്രം വിഭിന്നങ്ങള്‍. കലാ സിദ്ധാന്തങ്ങളുടെയും അവസ്ഥ അതു തന്നെ. ഭാരതീയന്റെ 'വിശ്രാന്തി'യും അരിസ്റ്റോട്ടിലിന്റെ 'കഥാര്‍സിസും' ക്രോചെയുടെ 'അനുഥ്യാനത്തിന്റെ പ്രശാന്തി'യും ഒന്നാണ്. നമ്മുടെ 'വിഭാവവും' റ്റി എസ് എല്യറ്റിന്റെ 'ഒബ്ജക്ടീവ് കോറിലേറ്റീവും' തമ്മില്‍ വലിയ വ്യത്യാസമില്ല. മരണത്തെക്കുറിച്ച് മതേര്‍ലങ് എഴുതിയ നാടകങ്ങളും ടാഗോറിന്റെ 'പോസ്റ്റാഫീസ്' തുടങ്ങിയ നാടകങ്ങളും കലാത്മകത്വത്തിന്റെ കാര്യത്തില്‍ സദൃശങ്ങളത്രേ. പടിഞ്ഞാറന്‍ സാഹിത്യത്തിലെ രത്‌നങ്ങളെടുത്ത് പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം ഈ പരമാര്‍ത്ഥം എന്റെ മുന്നിലുണ്ട്...'
തെളിഞ്ഞ ചിന്തയില്‍ നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉടലെടുക്കുന്നത്. എക്കാലത്തും വിലപ്പോകുന്ന സാഹിത്യ സിദ്ധാന്തമായി ഇത് നിലനില്‍ക്കുകയും ചെയ്യും. സാഹിത്യം ജീവിതത്തിന്റെ ആഡംബരമല്ല. ആദര്‍ശ ശുദ്ധവും കര്‍മശക്തിപ്രദവുമായ ആശയത്തെ സംഭരിക്കുകയും സംസ്‌കരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ച മാധ്യമമാണ്.
(തുടരും)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments