Image

അറിവിന്റെ അലമാര- ശേഷിപ്പുകളായി (പീറ്റര്‍ നീണ്ടൂര്‍)

Published on 25 February, 2012
അറിവിന്റെ അലമാര- ശേഷിപ്പുകളായി (പീറ്റര്‍ നീണ്ടൂര്‍)
സര്‍ഗ്ഗവേദിയില്‍ കണ്ടുമുട്ടിയതാണ്‌ ഡോ. ജോസഫ്‌ പോള്‍സണ്‍ എന്ന വ്യക്തിയെ. എനിക്കു പരിചയപ്പെടുത്തിത്തന്നയാള്‍ പറഞ്ഞു. `മന്‍ഹാട്ടനില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റുള്ള ഒരേയൊരു മലയാളിയാണ്‌'. അറിവിന്റെ ലോകത്തെ കാവല്‍ക്കാരനായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍. ഒപ്പം ഒരു മനുഷ്യസ്‌നേഹിയും. അന്നു തുടങ്ങിയ ഞങ്ങളുടെ സൗഹൃദം അദ്ദേഹം നാട്ടിലേക്കു പോകുന്നതുവരേയും തുടര്‍ന്നിരുന്നു.

21-ന്‌ രാവിലെ ഫ്‌ളോറിഡയില്‍ നിന്നും ശ്രീ ജയന്‍ മുണ്ടക്കല്‍ വിളിച്ചു പറഞ്ഞു. പോള്‍സണ്‍.....യാത്രയായി എന്ന്‌. തികച്ചും വേദനിപ്പിക്കുന്ന വാര്‍ത്ത. ഒരിക്കലും മടങ്ങാത്ത യാത്ര.

അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട്‌ അധിക കാലമായില്ല. മോഹങ്ങളും മോഹഭംഗങ്ങളും ദുരിതങ്ങളും കഷ്‌ടതകളും എല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ള പല കഥകളും പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. എല്ലാത്തിനും വിരാമമായി. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഏതെങ്കിലും ജോലിക്കായി ശ്രമിക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും പല പരസ്യങ്ങളുടേയും കോപ്പികള്‍ എനിക്കയച്ചുതരികയും ചെയ്‌തിട്ടുണ്ട്‌. അതുപോലെതന്നെ എന്തെങ്കിലും ശ്രദ്ധിക്കപ്പെടേണ്ട വാര്‍ത്തകളും സംഭവങ്ങളും അടങ്ങുന്ന വിവരണങ്ങളുടെ കോപ്പികളും എത്തിച്ചുതരുമായിരുന്നു. പലപ്പോഴും പല സംശയനിവാരണത്തിനായി അദ്ദേഹത്തെ വിളിച്ചാല്‍ വളരെ വിശദമായിത്തന്നെ മറുപടി പറയുമായിരുന്നു. ചുരുക്കം ചില യാത്രകളും അദ്ദേഹത്തോടൊപ്പം പോയിട്ടുണ്ട്‌. അങ്ങനെ ഓര്‍മ്മിക്കുവാന്‍ പലതും ബാക്കിവെച്ചിട്ടാണ്‌ ഡോ. പോള്‍സണ്‍ കടന്നുപോയത്‌.

ആദ്യമായി അമേരിക്കയിലേക്കു വരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌ `അമേരിക്ക അത്ഭുതലോകം' എന്ന പുസ്‌തകം എന്ന്‌ ഒരിക്കല്‍ നമ്മുടെ പ്രിയ കവി ഒ.എന്‍.വി കുറുപ്പ്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഇതര പുസ്‌തകങ്ങള്‍ -സൂസന്‍ കോന്‍, അമേരിക്കന്‍ പുകിലുകള്‍ എന്നിവയാണ്‌.

എന്തായാലും പുസ്‌തകങ്ങള്‍ക്ക്‌ കാവലിരിക്കുകയും അക്ഷരങ്ങളെ അരച്ചു കുടിക്കുകയും അതിന്റെ സത്ത അനുവാചകരിലേക്കെത്തിക്കുവാന്‍ ആവേശം കാട്ടിയിട്ടുള്ള എന്റെ ജ്യേഷ്‌ഠനെപ്പോലെ ഞാനാദരിച്ചിരുന്ന ഡോ. ജോസഫ്‌ പോള്‍സണ്‍ ഇനിയും ജനിക്കുമെങ്കില്‍ ഒരു സിനിമാ സംവിധായകനാകുമോ അതോ വീണ്ടും പുസ്‌തകങ്ങള്‍ക്കു കാവലിരിക്കുമോ? എന്തായാലും `ആത്മാവ്‌' ഉണ്ടെങ്കില്‍ അലയാതിരിക്കട്ടെ.
അറിവിന്റെ അലമാര- ശേഷിപ്പുകളായി (പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക