Image

അവസാന ഓവറില്‍ ലങ്കയ്ക്ക് ജയം

Published on 24 February, 2012
അവസാന ഓവറില്‍ ലങ്കയ്ക്ക് ജയം
ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആവേശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് മൂന്നു വിക്കറ്റ് ജയം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ അവസാന ഓവറിലായിരുന്നു ലങ്കന്‍ ജയം. ഇതോടെ ശ്രീലങ്ക ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.

സ്‌കോര്‍: ഓസ്‌ട്രേലിയ ആറിന് 280, ശ്രീലങ്ക 49.2 ഓവറില്‍ ഏഴിന് 283. 

ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കമെങ്കിലും മൂന്നാം നമ്പരിലെത്തിയ പീറ്റര്‍ ഫോറസ്റ്റിന്റെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനം അവരെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചു. 138 പന്തില്‍ നിന്ന് പത്തു ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ ഫോറസ്റ്റ് 104 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കു (72) മൊത്ത് മൂന്നാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഡേവിഡ് ഹസി 40 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കയുടെ തുടക്കം സ്‌ഫോടനാത്മകമായിരുന്നു. ദില്‍ഷനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി മഹേള ജയവര്‍ധന കത്തിക്കയറിയപ്പോള്‍ ലങ്കന്‍ ജയം എളുപ്പമെന്നു തോന്നിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 55, രണ്ടാം വിക്കറ്റില്‍ 35, മൂന്നാം വിക്കറ്റില്‍ 63, നാലാം വിക്കറ്റില്‍ 49, അഞ്ചാം വിക്കറ്റില്‍ 41 എന്നിങ്ങനെ റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തോടടുത്തപ്പോള്‍ ലങ്കയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തീസര പെരേര (11 പന്തില്‍ 21 റണ്‍സ്) ലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ലങ്കന്‍ നിരയില്‍ 85 റണ്‍സെടുത്ത ജയവര്‍ധനയും 80 റണ്‍സെടുത്ത ചണ്ഡിമലും തിളങ്ങി. ജയവര്‍ധനയാണ് മാന്‍ ഓഫ് ദ് മാച്ച്.

ഈ ജയത്തോടെ പോയിന്റ് നിലയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ശ്രീലങ്ക ഒന്നാമതെത്തി. ആറുമല്‍സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം ലങ്കയ്ക്ക് ഇപ്പോള്‍ 15 പോയിന്റുണ്ട്. ഓസീസിന് 14, ഇന്ത്യക്ക് 10  പോയിന്റാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക