Image

വൈദ്യുതി ചാര്‍ജ് വര്‍ധന ഏപ്രിലില്‍

Published on 22 February, 2012
വൈദ്യുതി ചാര്‍ജ് വര്‍ധന ഏപ്രിലില്‍
ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിച്ചേക്കും. നിരക്കുവര്‍ധിപ്പിക്കാതെ വിദ്യുച്ഛക്തി ബോര്‍ഡിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

 2012-13ല്‍ വിദ്യുച്ഛക്തി ബോര്‍ഡിന് 3,200 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.2011-12ല്‍ പ്രതീക്ഷിക്കുന്നത് 2,100 കോടിയുടെ നഷ്ടവും. ഇത് അതിജീവിക്കാന്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളൊന്നും ബോര്‍ഡിനുമുന്നിലില്ല. 2010-11നെ അപേക്ഷിച്ച്900 കോടി രൂപയുടെ നഷ്ടമാണ് ഇത്തവണ അധികം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം 1,200 കോടിയായിരുന്നു.


വൈദ്യുതിനിരക്കിന്റെ ഘടനയിലും മാറ്റം ഉണ്ടായേക്കും. ഉപഭോക്താവ് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 85 ശതമാനത്തിന് സാധാരണനിരക്കിലും ബാക്കിക്ക് ഉയര്‍ന്നനിരക്കിലും വില ഈടാക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. അടിയന്തരഘട്ടങ്ങളില്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് വന്‍വില നല്കി വാങ്ങുന്ന വൈദ്യുതിപോലും വന്‍നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകീട്ട് ആറിനും ഒമ്പതിനുമിടയിലുള്ള സമയത്ത് യൂണിറ്റൊന്നിന് 19 രൂപവരെ നല്കിയാണ് പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് കേരളം വൈദ്യുതി വാങ്ങിയത്. ഇത് വിതരണം ചെയ്തത് മൂന്നു രൂപയ്ക്കും. ഭാവിയില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റുവരെ സാധാരണ വിലയ്ക്കും അതിനു മുകളില്‍ വൈദ്യുതിവകുപ്പു വാങ്ങുന്ന വിലയ്ക്കും നല്കാനാണ് നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക