Image

രഹസ്യരേഖാ വിവാദം: ഇജാസ് ഇന്ന് മൊഴി നല്‍കും

Published on 22 February, 2012
രഹസ്യരേഖാ വിവാദം: ഇജാസ് ഇന്ന് മൊഴി നല്‍കും
ഇസ്‌ലാമബാദ്: പാക് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച രഹസ്യ രേഖാ വിവാദവുമായി ബന്ധപ്പെട്ട് യു.എസിലെ പാക് വ്യവസായി മന്‍സൂര്‍ ഇജാസ് ബുധനാഴ്ച അന്വേഷണ സമിതിക്കു മൊഴി നല്‍കും. ലണ്ടനിലെ പാക് ഹൈക്കമ്മീഷനിന്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇയാള്‍ മൊഴി നല്‍കുക. ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി പാക് അധികൃതര്‍ വ്യക്തമാക്കി.

പാകിസ്താനിലെത്തി മൊഴി നല്‍കാന്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇജാസ് അറിയിച്ചതിനെ തുടര്‍ന്നാണ് ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി രേഖപ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ചെയ്തത്. സംഭവം അന്വേഷിക്കുന്ന ജൂഡീഷ്യല്‍ കമ്മീഷനാണ് മൊഴി രേഖപ്പെടുത്തുക. രഹസ്യ രേഖാ വിവാദത്തെ തുടര്‍ന്ന് യു.എസ് അംബാസഡര്‍ സ്ഥാനം നഷ്ടപ്പെട്ട പാക് നയതന്ത്രജ്ഞന്‍ ഹുസൈന്‍ ഹഖാനിയുടെ അഭിഭാഷകന്‍ സാഹിദ് ബുഖാരിയും രണ്ട് സഹായികളും ഇജാസിനെ വിശദമായി ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച ലണ്ടനിലേക്ക് പോയിട്ടുണ്ട്.


അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദ് സംഭവത്തിനു ശേഷം രാജ്യത്ത് അട്ടിമറിയുണ്ടാകുമെന്ന് ഭയന്ന പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി സഹായമഭ്യര്‍ഥിച്ച് മുന്‍ യൂ.എസ്. സംയുക്ത സേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചെന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് അന്നത്തെ യു.എസ് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്നും മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹഖാനിയുടെ കസേര തെറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക