Image

വാന്‍ കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു മരണം

Published on 21 February, 2012
വാന്‍ കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു മരണം
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വെള്ളിക്കുളത്ത് വാന്‍ കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു പേര്‍ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളായ ചെണ്ടമേള സംഘം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. സുബിന്‍, മണിക്കുട്ടന്‍, അപ്പു, രതീഷ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ മുഹമ്മ സ്വദേശികളായ സാഗര്‍(19), പിച്ചിക്കാട്ട് വെളിയില്‍ സുധീഷ്(23), തോട്ടുങ്കല്‍ സെബിന്‍(31), ചേര്‍ത്തല കട്ടച്ചിറ പ്രിന്‍സ് (22), മുഹമ്മ പുളിഞ്ചോട്ടില്‍ രഞ്ജിത്ത് (13), പുത്തനങ്ങാടി സ്വദേശി സാലു (33) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

മുഹമ്മ സ്വദേശികളായ പുതുവെട്ടത്ത് വളത്തില്‍ രതീഷ് (21), കളത്തില്‍ ശരത് (22), ശാന്തിവെളിയില്‍ അഭിജിത് (14), പിടിക വെളിയില്‍ പ്രശാന്ത് (22), കുറുപ്പുചാല്‍പറമ്പ് വിനീത് (23), തറവെളിയില്‍ സുജിത് (23), പുളിച്ചോട്ടില്‍ രാകേഷ് (14), ചോന്നിപുരയ്ക്കല്‍ ജിതിന്‍ (15), പാലയ്ക്കല്‍ സന്ദീപ് (14), തോട്ടുകാ വെളിയില്‍ പ്രവീണ്‍ (33), തകിടിവേളിയില്‍ രതീഷ് (23) എന്നിവരെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

പുള്ളിത്താനത്ത് ശിവരാത്രി ആഘോഷം കഴിഞ്ഞ് മുഹമ്മയിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ രാവിലെ 8.30നാണ് അപകടമുണ്ടായത്. റോഡില്‍നിന്ന് 500 അടി താഴ്ചയിലേയ്ക്കാണ് വാന്‍ മറിഞ്ഞത്. 22 പേരാണ് വാനിലുണ്ടായിരുന്നത്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപയുടെ അടിയന്തര സഹായം ആലപ്പുഴ കളക്ടര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2000 രൂപയും നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക