Image

കണ്ണൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു

Published on 21 February, 2012
കണ്ണൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു
കണ്ണൂര്‍: കണ്ണൂരില്‍ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ വീണ്ടും തലപൊക്കുന്നു. ഇന്നലെ കണ്ണൂരിലെ പട്ടുവത്ത്‌ സി.പി.എം നേതാവ്‌ പി. ജയരാജനും സംഘത്തിനും മര്‍ദ്ദനമേറ്റതിനു പിന്നാലെ ലീഗ്‌ പ്രവര്‍ത്തകന്‍ വെട്ടേറ്റ്‌ മരിച്ചു.

ജില്ലയില്‍ പരക്കെ അക്രമമുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസും ലീഗിന്റെ പല ഓഫിസുകളും സ്‌ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. തിങ്കളാഴ്‌ച നടന്ന അക്രമത്തില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്കു മാരകമായി പരുക്കേല്‍ക്കുകയും സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തകര്‍ക്കുകയും ചെയ്‌തിരുന്നു. സിപിഎമ്മിന്റെ പ്രതിഷേധപ്രകടനത്തിനു നേര്‍ക്കും അക്രമമുണ്ടായി.

പട്ടുവം ഭാഗത്തെ വൈദ്യുതിബന്ധമടക്കം വിച്‌ഛേദിച്ച അക്രമികള്‍, പ്രദേശത്തെ റോഡുകളുമടച്ചു. തുടര്‍ന്നായിരുന്നു ബോംബേറ്‌. തൊട്ടുപിന്നാലെ എംഎസ്‌എഫ്‌ നേതാവ്‌ അബ്‌ദുല്‍ ഷുക്കൂര്‍ വെട്ടേറ്റു മരിച്ചു. മര്‍ദനമേറ്റ സഹപ്രവര്‍ത്തകന്‍ അയൂബിനെയും കൊണ്ട്‌ ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു അക്രമം. പട്ടുവം പുഴ കടന്നു കണ്ണപുരത്തേക്കു പോവുകയായിരുന്ന ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമികള്‍ പിന്‍തുടര്‍ന്നപ്പോള്‍ കീഴറയിലെ വീട്ടില്‍ അഭയം തേടി. വീടു വളഞ്ഞപ്പോള്‍ ഇറങ്ങിയോടുകയും വള്ളുവന്‍കടവ്‌ കൈപ്പാടിലേക്ക്‌ ഓടി രക്ഷപ്പെടാന്‍ നോക്കിയ ഷൂക്കൂറിനെ വെട്ടുകയായിരുന്നു. നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ ഷുക്കൂര്‍ ചോരവാര്‍ന്നാണു മരിച്ചത്‌.

പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ ലീഗ്‌ ജില്ലാ കമ്മിറ്റി ഓഫിസായ ബാഫഖി തങ്ങള്‍ സൗധത്തിനു നേര്‍ക്കു കല്ലെറിഞ്ഞു. പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഷട്ടര്‍ പൊളിച്ച്‌ അകത്തുകയറിയ അക്രമികള്‍ ഓഫിസ്‌ അടിച്ചുതകര്‍ത്തു. മുഴപ്പിലങ്ങാട്‌ കുളം ബസാറില്‍ ലീഗ്‌ ഓഫിസിനും കോണ്‍ഗ്രസ്‌ ഓഫിസിനും നേരെ അക്രമമുണ്ടായി.

പുന്നക്കപ്പാറയില്‍ ലീഗ്‌ ഓഫിസിനു നേരെ അക്രമമുണ്ടായി. കമ്പില്‍ ടൗണില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ രണ്ടു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സിപിഎം നാറാത്ത്‌ ലോക്കല്‍ കമ്മിറ്റി ഓഫിസ്‌ ആക്രമിക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക