Image

മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി അന്തരിച്ചു

Published on 17 February, 2012
മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി അന്തരിച്ചു
ചെന്നൈ: മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി (മുള്ളത്ത് അരവിന്ദാക്ഷന്‍ വെള്ളോടി 90) അന്തരിച്ചു. ഐക്യരാഷ്ട്രസഭയില്‍ ദീര്‍ഘകാലം വിവിധ സമിതികളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് ഒരു വ്യാഴവട്ടത്തിലേറെക്കാലം സാമൂതിരി ആയിരുന്ന പി.കെ മരുമകന്‍ രാജയുടെ പുത്രനാണ്.

ചെന്നൈയില്‍ വ്യാഴാഴ്ച രാത്രി ആയിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മുന്‍ കാബിനറ്റ് സെക്രട്ടറി എം.കെ വെള്ളോടിയുടെ മകള്‍ പരേതയായ കമല. അശോക് വെള്ളോടിയാണ് മകന്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നടക്കും.

1948 മുതല്‍ മൂന്നു പതിറ്റാണ്ടിലേറെക്കാലം വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തിച്ച വെള്ളോടി വിവിധ വിദേശ രാജ്യങ്ങളിലും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലും, മനുഷ്യാവകാശ കമ്മീഷനിലും, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, വാജ്‌പേയി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വെള്ളോടി സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും 12 വര്‍ഷക്കാലം ഐക്യാരാഷ്ട്രസഭയില്‍ സേനവം അനുഷ്ഠിച്ചു. 1979 ലാണ് വിരമിച്ചത്. 1962 ല്‍ ടാന്‍സാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അവിടുത്തെ ആദ്യ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ടതും വെള്ളോടി ആയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക