Image

ഡൗ കെമിക്കല്‍സ് തന്നെ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍

Published on 16 February, 2012
ഡൗ കെമിക്കല്‍സ് തന്നെ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഡൗ കെമിക്കല്‍സിനെ 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌പോണ്‍സറായി നിലനിര്‍ത്താന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി.) തീരുമാനിച്ചു. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ഡൗ കെമിക്കല്‍സിന് യാതൊരുവിധ പങ്കുമില്ലെന്നും ഐ.ഒ.സി. പറഞ്ഞു. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാല്‍ വാതക ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡിന്റെ ഉടമകളായ ഡൗ കെമിക്കല്‍സിനെ ഒളിംപിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ശക്തമായ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഈ തീരുമാനം. ഡൗ കെമിക്കല്‍സുമായുള്ള തങ്ങളുടെ ബന്ധത്തിന് 30 വര്‍ഷത്തെ ദൈര്‍ഘ്യമുണ്ടെന്നും കമ്പനിയുമായുള്ള പങ്കാളിത്തകാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഭോപ്പാല്‍ ദുരന്തത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അയച്ച കത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പറഞ്ഞു. വാതക ദുരന്തത്തിന്റെ ഇരകളോട് സഹതാപമുണ്ടെന്നും ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വിജയ്കുമാര്‍ മല്‍ഹോത്രയ്ക്ക് അയച്ച കത്തില്‍ ഐ.ഒ.സി. പ്രസിഡന്റ് ജാക് റോഗ്‌സ് പറഞ്ഞു. ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് പതിനാറ് വര്‍ഷം കഴിഞ്ഞും നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചുണ്ടാക്കിയ ധാരണ സുപ്രീംകോടതി അംഗീകരിച്ച് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടുമാണ് ഡൗ കെമിക്കല്‍സിന് യൂണിയന്‍ കാര്‍ബൈഡില്‍ ഉടമസ്ഥാവകാശം ലഭിക്കുന്നതെന്നും ഡൗ ആകട്ടെ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒളിംപക് പ്രസ്ഥാനവുമായി സഹകരിച്ചുവരികയാണെന്നും ജാക് റോഗ്‌സ് കത്തില്‍ പറഞ്ഞു.

എന്നാല്‍, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാടിനോട് പൂര്‍ണമായി വിയോജിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വിജയ്കുമാര്‍ ഐ.ഒ.സി.ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞു. വാതക ദുരന്തത്തിന്റെ ഇരകളുടെ വികാരം മനസ്സിലാക്കി ഡൗ കെമിക്കല്‍സിനെ ഒളിംപിക് കമ്മിറ്റി ഒഴിവാക്കണമെന്നും പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക