Image

തൃശൂരില്‍ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published on 16 February, 2012
തൃശൂരില്‍ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കേച്ചേരി: തൃശൂരില്‍ ആനയിടഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പാവറട്ടി മനപ്പടി വീട്ടില്‍ മാളിയേക്കല്‍ അലോഷ്യസാണ്(50) മരിച്ചത്. കേച്ചേരി ആളൂര്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്നയാനയാണ് ഇടഞ്ഞത്.

സ്വകാര്യ ബസ്സ് ആന കുത്തിമറിച്ചു. കൂടാതെ നിരവധി വാഹനങ്ങളും ആന തകര്‍ത്തു. ആന കുത്തിമറിച്ച ബസിലെ പതിമൂന്നോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ ആഷിദ്(25), ബസ് യാത്രക്കാരന്‍ സിന്‍സണ്‍(36) എന്നിവരെയും തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാപ്പാനെ കുത്തിയ ശേഷം വടക്കാഞ്ചേരിയില്‍ നിന്നും കേച്ചേരിക്കുള്ള റോഡില്‍ വച്ച് ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടു. തുടര്‍ന്ന് യാത്രക്കാരുമായി വരികയായിരുന്ന സെന്റ് ജോസഫ് എന്ന ബസും കുത്തിമറിച്ചിട്ടു. എരനെല്ലൂരിലെ ഒരു വീടും കാറും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ജീപ്പും ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

കുളിപ്പിച്ചശേഷം കൊണ്ടുവന്ന ആന പെട്ടെന്ന് ഇടയുകയായിരുന്നു. അക്രമാസക്തനായ ആനയെ മയക്കുവെടി വിദഗ്ധരെത്തി തളച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക