Image

സംസ്ഥാനത്ത്‌ പെന്‍ഷന്‍ പ്രായം 56 ആക്കാന്‍ ധാരണ

Published on 15 February, 2012
സംസ്ഥാനത്ത്‌ പെന്‍ഷന്‍ പ്രായം 56 ആക്കാന്‍ ധാരണ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ധാരണയായതായി റിപ്പോര്‍ട്ട്‌. 21-ന്‌ നടക്കുന്ന യു.ഡി.എഫ്‌ ഏകോപന സമിതിയോഗം ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കും. ഇപ്പോള്‍ 55 വയസ്സിലാണ്‌ റിട്ടയര്‍മെന്റ്‌. ഇത്‌ 56 ആക്കാനാണ്‌ ആലോചന.

യോഗത്തില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ ആണ്‌ മുഖ്യ അജണ്ട. പിറവം ഉപതിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക. എല്ലാ സര്‍വീസ്‌ സംഘടനകളും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനു സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. ഇവരെ തൃപ്‌തിപ്പെടുത്തുന്നതിനൊപ്പം യുവാക്കളെയും സംരക്ഷിക്കുന്ന തരത്തിലുള്ള പാക്കേജിനെക്കുറിച്ചാണ്‌ ആലോചിക്കുന്നത്‌. പിഎസ്‌സി പരീക്ഷ എഴുതാവുന്ന പ്രായപരിധി ഉയര്‍ത്തിയും നിലവിലുള്ള ലിസ്‌റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചും എതിര്‍പ്പ്‌ ഒഴിവാക്കാനാകുമെന്നു പ്രതീക്ഷയുണ്ട്‌.

2009 - 10ല്‍ നടപ്പാക്കിയ പെന്‍ഷന്‍ ഏകീകരണം കൊണ്ട്‌ ഇപ്പോള്‍ സാമ്പത്തികമായ നേട്ടമൊന്നും ലഭിക്കുന്നില്ലെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇതു നടപ്പാക്കിയ വര്‍ഷത്തില്‍ 1000 കോടിയോളം രൂപ ഖജനാവില്‍ ശേഷിച്ചു. ഇതില്‍ നിന്നാണ്‌ ഇടതുസര്‍ക്കാരിന്റെ അവസാനകാല പദ്ധതികള്‍ക്കു പണം കണ്ടെത്തിയത്‌. മാര്‍ച്ചില്‍ ഒരുമിച്ചു വിരമിച്ചവര്‍ക്ക്‌ അടുത്ത മൂന്നുമാസം കൊണ്ട്‌ ആനുകൂല്യങ്ങള്‍ കൊടുത്തതിനാല്‍ തുക പിടിച്ചുവയ്‌ക്കാമെന്ന നേട്ടത്തിന്റെ ഫലം അടുത്ത വര്‍ഷം ലഭിച്ചില്ല. ഇനിയും ഇതു തുടരുന്നതു കൊണ്ടു നേട്ടമില്ലെന്നു ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്‌ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ധാരണയായതായി കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക