Image

ഗാന്ധിയന്‍ മാനിഫെസ്റ്റോ - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 01 October, 2016
ഗാന്ധിയന്‍ മാനിഫെസ്റ്റോ - മീട്ടു റഹ്മത്ത് കലാം
ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്‍പ് തന്നെ ജന്മം നല്‍കുന്നവര്‍ അതിന്റെ രൂപം, സ്വഭാവം ഒക്കെ എങ്ങനെ ആയിത്തീരണമെന്ന സ്വപ്‌നങ്ങള്‍ നെയ്യും. സ്വതന്ത്ര ഇന്ത്യ എന്ന ഗര്‍ഭം പേറുമ്പോള്‍ ഗാന്ധിജിയ്ക്കും ഉണ്ടായിരുന്നു അത്തരത്തിലെ ആയിരം പ്രതീക്ഷകളും സ്വപ്‌നങ്ങളും. ഒടുവില്‍ രാജ്യം സ്വതന്ത്രമായപ്പോള്‍, കീറിമുറിക്കപ്പെട്ട വേദനയില്‍ ഒഴിഞ്ഞിനിന്നതല്ലാതെ താന്‍ ജനങ്ങള്‍ക്കത് നേടിക്കൊടുത്തു എന്ന അവകാശവാദത്തിന് ആ മഹാത്മാവ് മുതിര്‍ന്നില്ല. ഗാന്ധിജി ആഗ്രഹിച്ച ഇന്ത്യ തന്നില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞില്ലെന്ന തോന്നലായിരിക്കാം ഇതിന് കാരണം.
എന്തായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം എന്നറിയണമെങ്കില്‍ 1909 ല്‍ അദ്ദേഹം രചിച്ച 'ഹിന്ദുസ്വരാജ്' എന്ന പുസ്തകത്തെക്കുറിച്ച് അറിയണം. ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ദേശസ്‌നേഹത്തിന്റെയും ബ്രിട്ടീഷ് വിരോധത്തിന്റെയും തരംഗം ഉണ്ടായ കാലത്ത് ജനഹൃദയങ്ങളെ ത്രസിപ്പിച്ചത് സ്വതന്ത്രപ്രതീക്ഷയാണ്. സ്വരാജ് എന്നാല്‍ രാഷ്ട്രീയ സ്വയംഭരണം അഥവാ ഹോം-റൂള്‍ എന്നാണ് പലരുടെയും ധാരണ. അത് മാറ്റിക്കുറിക്കാന്‍ തന്റെ ഗ്രന്ഥത്തിലൂടെ ഗാന്ധിജി ശ്രമിച്ചു.

മഹാഭാരത യുദ്ധത്തിനിടയില്‍ പതറിപ്പോയ അര്‍ജ്ജുനനെ കര്‍മ്മോന്മുഖനാക്കാന്‍ ശ്രീകൃഷ്ണന്‍ നല്‍കിയ ഗീതോപദേശം പോലെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ദീര്‍ഘദര്‍ശിയായ മഹാത്മജി നല്‍കുന്ന ഉപദേശങ്ങളാണ് ഹിന്ദ് സ്വരാജില്‍ ചര്‍ച്ച ചെയ്യുന്നത്. 'ഗാന്ധിയന്‍ മാനിഫെസ്റ്റോ' എന്ന വിളിപ്പേര് നല്‍കി ദശകങ്ങള്‍ പിന്നിട്ടിട്ടും പ്രസക്തിയോടെ ഗാന്ധിജിയുടെ ഏറ്റവും മൗലിക കൃതി എന്ന് ചിന്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇന്നത്തെ സാഹചര്യത്തില്‍ ആ പുസ്തകം വായിക്കുമ്പോള്‍ കഴിഞ്ഞ തലമുറയെക്കാള്‍ കൂടുതല്‍ ഗ്രാഹ്യമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

ഗാന്ധിജിയുടെ വീക്ഷണത്തില്‍ സ്വരാജ് എന്നാല്‍ പ്രാഥമികമായും സ്വയം നിയന്ത്രണം അഥവാ ആത്മനിയന്ത്രണമാണ്. മനുഷ്യന്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തനാകുമ്പോള്‍ മാത്രമേ രാഷ്ട്രത്തെ നയിക്കാനും ഭരണം ഫലപ്രദമായി നടത്താനും കഴിയൂ എന്നദ്ദേഹം എഴുതി. സ്വരാജ് നമ്മില്‍ തന്നെ ഉണ്ടെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി. സ്വയം നിയന്ത്രിക്കുന്നതിന് മാര്‍ഗ്ഗദര്‍ശിയായി അദ്ദേഹം കണ്ടത് പ്രവാചകന്‍ മുഹമ്മദ് നബിയെ ആയിരുന്നു.

സ്വരാജിന്റെ സാക്ഷാത്കാരത്തിന് തടസ്സമായി നില്‍ക്കുന്ന ഏറ്റവും വലിയ ശക്തി ബ്രിട്ടീഷ് ഭരണമല്ല, മറിച്ച് ആധുനിക പാശ്ചാത്യ നാഗരികതയാണെന്ന് മുന്‍കൂട്ടി കണ്ട ഗാന്ധി രാജ്യത്തിന്റെ സംസ്‌കാരം കൈവിട്ടുപോകുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നു. മനുഷ്യന്‍ ശാരീരിക പ്രേരണകള്‍ക്ക് ഇരയാകുന്നതോടെ അവനിലെ സ്വാര്‍ത്ഥത, എല്ലാം സ്വന്തമാക്കാനുള്ള വ്യഗ്രതയായി രൂപാന്തരപ്പെടും. ഇത് അനിയന്ത്രിതമായ മത്സരത്തിലേയ്ക്കും യുദ്ധത്തിലേയ്ക്കും സര്‍വ്വനാശത്തിലേയ്ക്കും നയിക്കും.
മത വൈര്യത്തെ ശക്തമായി എതിര്‍ത്തിരുന്ന ഗാന്ധിജി നമ്മെ പിളര്‍ത്താന്‍ ആരെയും അനുവദിച്ചുകൂടെന്ന് ശഠിച്ചിരുന്നു. സൃഷ്ടാവിനെ അറിയാനുള്ള ധൈഷണികശേഷി ഈശ്വരന്‍ എല്ലാ മനുഷ്യര്‍ക്കും നല്‍കിയിട്ടുണ്ടെന്നും മതത്തെപ്പറ്റി ശരിയായ അറിവ് പ്രാപിക്കുമ്പോള്‍ മതവ്യത്യാസത്തിന്റെ പേരിലുള്ള കലഹങ്ങള്‍ വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കി മനുഷ്യര്‍ അതില്‍ നിന്ന് പിന്‍തിരിയുമെന്നും അദ്ദേഹം വിശ്വസിച്ചു.
സ്വരാജിനോടുള്ള പ്രതിബദ്ധതയും സമ്പൂര്‍ണ്ണ സമര്‍പ്പണവുമായുള്ള ജീവിതമായിരുന്നു നാഥുറാം ഗോഡ്‌സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ പൊലിഞ്ഞത്. ആര്‍ത്തിയുടെയും ഉപഭോഗാസക്തിയുടെയും ആള്‍രൂപമായി മാറിയ മനുഷ്യരില്‍ മനുഷ്യത്വം വറ്റി വരണ്ടു എന്നദ്ദേഹം അറിഞ്ഞിരുന്നു. സഹജീവികളെയും പ്രകൃതിയെയും കേവലം ഉപാധികളോ ഉപകരണങ്ങളോ ആയി കാണുന്ന ജനത മഹാത്മജിയില്‍ ആശങ്ക പരത്തി.
നീതിയെപ്പറ്റി ഉന്നതമായ സങ്കല്പം രൂപപ്പെടുത്താന്‍ നിയമപഠനത്തിലൂടെ കഴിഞ്ഞ ഗാന്ധിജിയ്ക്ക തിയോസഫി, ക്രിസ്ത്യന്‍ ചിന്ത എന്നീ വിഷയങ്ങളിലും അറിവുണ്ടായിരുന്നു. ബൈബിളും ടോള്‍സ്‌റ്റോയിയുടെ The Kingdom of God is within you വും അദ്ദേഹത്തെ സ്വാധീനിച്ചതായി വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

വ്യക്തമായ നിയമസംവിധാനങ്ങളും സുദീര്‍ഘമായ ഭരണഘടനയുമുള്ള ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് നീതി നടപ്പാകാതെ പലപ്പോഴും പോകുന്നത് സാധാരണക്കാരില്‍ അരക്ഷിത ബോധം സൃഷ്ടിച്ചിട്ടുണ്ട്. ഈ കാലയളവില്‍, കോടതികളെക്കുറിച്ച് ഗാന്ധിജി പ്രവചിച്ചത് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. അഭിഭാഷകവൃത്തി ക്ഷമ, വിട്ടുവീഴ്ച, പരോപകാരബോധം തുടങ്ങിയ സന്മാര്‍ഗ്ഗ വികാരങ്ങള്‍ക്കു പകരം മത്സരിക്കാനും തോല്‍പിക്കാനും കീഴടക്കാനുമുള്ള പ്രേരണയാണ് ജനിപ്പിക്കുന്നതെന്നാണ് ഗാന്ധിജി കണ്ടെത്തിയത്. ഈ വികാരങ്ങള്‍ സജീവമായിരിക്കുന്ന വ്യക്തികളും സമൂഹവും സ്വരാജ് കൈവരിക്കില്ലെന്ന ആ ബോധ്യം തന്നെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരതകള്‍ ചെയ്ത കുറ്റവാളികള്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുമ്പോള്‍ നമുക്കും തോന്നുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്ന 'ഗരീബ് കല്ല്യാണ്‍' എന്ന പാവങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതിപോലും വളരെ മുന്‍പേ മഹാത്മജി തുടക്കം കുറിച്ച ആശയമാണ്. വേദകാലം മുതല്‍ പരീക്ഷിച്ച് വികസിപ്പിച്ചെടുത്ത ഗ്രാമവ്യവസ്ഥയുടെ ശ്രേഷ്ഠത ഗാന്ധിജി പലകുറി ആവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമസമൂഹങ്ങളിലാണ് യഥാര്‍ത്ഥ മനുഷ്യത്വവും സദ്ഭാവങ്ങളും വികസ്വരമാകുന്നതെന്നും ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. താഴേത്തട്ടില്‍ നിന്നുള്ള വികസനത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള പ്രവര്‍ത്തനത്തിന്റെ ഗുണം ഗാന്ധിജിയോളം നന്നായി ഒരു നേതാവിനും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

യന്ത്രങ്ങള്‍ മനുഷ്യന്റെ അവയവങ്ങളെ വ്യായാമമില്ലാതാക്കി നിര്‍ജീവാവസ്ഥയില്‍ എത്തിക്കുമെന്ന ഗാന്ധിജിയുടെ പ്രവചനം സത്യമാണെന്ന് ഇന്നുള്ള രോഗികളുടെയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാക്കാം. യന്ത്രത്തെയല്ല, അവയോടുള്ള അഭിനിവേഷത്തെയും വിധേയത്വത്തെയുമാണ് ഗാന്ധിജി എതിര്‍ത്തിരുന്നത്. യന്ത്രാധിഷ്ഠിത ജീവിതം ലോകത്തിന് നല്‍കുന്ന സംഭാവന ഇതൊക്കെയാകുമെന്ന് മഹാത്മജിയ്ക്ക് ബോധ്യമുണ്ടായിരുന്നിരിക്കണം.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ എങ്ങനെ ആകണമെന്ന് വ്യക്തമായ കാഴ്ചപ്പാട് ഗാന്ധിജി പുലര്‍ത്തിയിരുന്നു. അത് പിന്‍തുടരാാതിരുന്നതാണ് ഇന്ന് നാം നേരിടുന്ന പല വിപത്തുകള്‍ക്കും ആധാരം. ബ്രിട്ടീഷുകാര്‍ അധികാരം ഒഴിഞ്ഞതിനു ശേഷവും ഭരണം ആ രീതിയില്‍ തുടര്‍ന്നാല്‍ ഹിന്ദുസ്ഥാന്‍ എന്ന സ്വപ്‌നത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ്സ്ഥാന്‍ എന്ന കളച്ചെടി മുളയ്ക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു.

സ്വന്തം ദൗത്യത്തില്‍ അചഞ്ചലമായ വിശ്വാസമുള്ള ദൃഢചിത്തരായ ചെറുസംഘത്തിനു പോലും ചരിത്രത്തിന്റെ ഗതിയെ മാറ്റാന്‍ സാധിക്കുമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്മരിക്കുന്നത് പ്രയോജനകരവും പ്രചോദകവും ആയിരിക്കും. ആക്രമത്തെ ആത്മബലികൊണ്ട് പ്രതിരോധിക്കാന്‍ പഠിപ്പിച്ച ഗാന്ധിജിയ്ക്ക് അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതിനപ്പുറം ഒരാഹ്വാനവും ഈ ജന്മദിനത്തില്‍ വാഗ്ദാനം ചെയ്യാനില്ല.

ഗാന്ധിയന്‍ മാനിഫെസ്റ്റോ - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
KRISHNA 2016-10-02 07:17:51
പക്ഷെ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളെല്ലാം ലാഭത്തിനുവേണ്ടി രാഷ്ട്രീയം കളിക്കുന്ന ഇന്നത്തെ ഭൂരിപക്ഷം "നേതാക്ക"ളുടെ മുന്‍പില്‍ അര്‍ത്ഥഹീനമായിരിക്കുന്നു. അവര്‍ മതങ്ങളെ സമാധാനത്തിനായല്ല, അധികാരം നേടുന്നതിനായാണ് ഉപയോഗിക്കുന്നത്.

നല്ല ലേഖനം.
കംസാ 2016-10-02 12:00:11
കൃഷ്ണൻ മത വിവേചനം ഇല്ലാതെ ഇടയ്ക്കിടെ പ്രത്യക്ഷപെട്ട് മിട്ടുവിനെ അനുഗ്രഹിക്കുന്നു. അത് എനിക്ക് ഒട്ടും പിടിക്കിണില്ല. 

vayanakaaran 2016-10-02 13:28:39
എനിക്ക് പ്രശസ്ത അമേരിക്കൻ മലയാളി ജോസ് ചെരിപ്പുറത്തിന്റെ മുക്രയിടുന്ന മൂരികൾ എന്ന കവിത
ഓർമ്മ വരുന്നു.
കൃഷ്ണൻ 2016-10-02 17:10:40
നിന്നെ ഞാൻ ഒന്ന് വകവരുത്തിയതാണ്. പിന്നെ നീ തലപൊക്കുന്നോ കംസാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക