Image

ഇത്‌ വി.എസ്‌ പക്ഷത്തിന്റെ അവസാനമോ?

Published on 10 February, 2012
ഇത്‌ വി.എസ്‌ പക്ഷത്തിന്റെ അവസാനമോ?
ചോരയും ജീവിതവും നല്‍കിയ പ്രസ്ഥാനത്തോട്‌, `എന്താണ്‌ തന്റെ പിഴയെന്ന്‌' ചോദിക്കേണ്ടി വരുന്ന ഗതികേടിലാണ്‌ ഇന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍. വിമര്‍ശകര്‍ ചോദിക്കും, ഇന്ന്‌ സി.പി.എം എന്ന കേഡര്‍ സംഘടനയില്‍ വിഭാഗിയതയ്‌ക്ക്‌ തുടക്കമിട്ടവരില്‍ ഒരാള്‍ വി.എസ്‌ തന്നെയല്ലേ എന്ന്‌. ശരിയായിരിക്കാം. ഗ്രൂപ്പിസത്തിന്‌ രൂപവും ഭാവവും നല്‍കിയവരില്‍ പ്രധാനി വി.എസ്‌ തന്നെയായിരിക്കാം. പക്ഷെ ഇന്ന്‌ അദ്ദേഹത്തിനെ ഒറ്റപ്പെടുത്തി സ്വന്തം സംഘടന ആക്രമിക്കുന്നത്‌ കാണുമ്പോള്‍, കേരളത്തില്‍ പോയ ഒരു കാലഘട്ടം മുഴുവന്‍ വി.എസ്‌ ഉയര്‍ത്തിയ സമരങ്ങളില്‍ ആവേശം കൊണ്ട ജനത തീര്‍ച്ചയായും സംശയങ്ങളുന്നയിച്ചേക്കാം. ഈ സംശയങ്ങള്‍ക്ക്‌ മറുപടി പറയാനുള്ള കരുത്ത്‌ സി.പി.എമ്മിന്‌ ഉണ്ടാവുമോ എന്നാണ്‌ ഇനി കണ്ടറിയേണ്ടത്‌.

ഈ പാര്‍ട്ടി സമ്മേളനത്തോടെ വി.എസിനെ പൂര്‍ണ്ണമായി ഒതുക്കുക എന്ന അജണ്ട ഏറെ നാളുകള്‍ക്ക്‌ മുമ്പേ ഔദ്യോഗിക പക്ഷം കൈക്കൊണ്ടിരുന്നു എന്നത്‌ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. വി.എസ്‌ പക്ഷത്ത്‌ നില്‍ക്കുന്നു എന്ന പറയാന്‍ ഇപ്പോള്‍ എറണാകുളം ജില്ലാകമ്മറ്റി മാത്രമാണ്‌ ഉള്ളത്‌. വി.എസിനൊപ്പം ഉറച്ചു നിന്നിരുന്ന പത്തനംതിട്ട, വയനാട്‌ ജില്ലാകമ്മറ്റികളെ ആസുത്രീതമായി ഒതുക്കികൊണ്ടാണ്‌ ഔദ്യോഗിക പക്ഷം വി.എസ്‌ ഗ്രൂപ്പിന്‌ അന്ത്യം കുറിച്ചത്‌. വി.എസിന്‌ അല്‌പം സ്വാധീനമുള്ള എറണാകുളം ജില്ലാകമ്മിറ്റി അംഗങ്ങള്‍ക്കാവട്ടെ ഇപ്പോള്‍ സമ്മേളനത്തില്‍ തികഞ്ഞ അവഗണനയുമാണ്‌ നേരിടേണ്ടി വരുന്നത്‌. ഇത്തരത്തില്‍ വി.എസിനെ നിഷ്‌പ്രഭമാക്കിയതനു ശേഷമാണ്‌ സമ്മേളന റിപ്പോര്‍ട്ട്‌ എന്ന പേരില്‍ വി.എസിനെതിരെയുള്ള അവസാന കുറ്റപത്രം ഔദ്യോഗിക പക്ഷം അവതരിപ്പിച്ചത്‌. ഈ കുറ്റപത്രത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ ശേഷിക്കുന്നതാവട്ടെ പോളിറ്റ്‌ ബ്യൂറോയുടെ സഹായം തേടുന്ന വി.എസ്‌ മാത്രവും.

ആരോപണങ്ങള്‍ക്ക്‌ മുമ്പില്‍ ശക്തമായ ഒരു പ്രതിരോധത്തിന്‌ കഴിയാതെ പോളിറ്റ്‌ ബ്യൂറോയുടെ ഇടപെടലിന്‌ കാത്തുനില്‍ക്കേണ്ടി വരുന്ന വി.എസിനെ കാണുമ്പോള്‍ ഇത്‌ വി.എസ്‌ പക്ഷത്തിന്റെ അവസാനമാണോ എന്ന സംശയം സ്വാഭാവികമായും തോന്നാം. ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാട്‌ സ്വീകരിച്ചു എന്നതാണ്‌ വി.എസിനെതിരെ ഔദ്യോഗിക പക്ഷം ഉന്നയിക്കുന്ന ശക്തമായ ഒരു ആരോപണം. അതുപോലെ തന്നെ പലഘട്ടങ്ങളിലും വി.എസ്‌ പാര്‍ട്ടിയെ അനുസരിക്കാതെ സ്വന്തം നിലയ്‌ക്ക്‌ അഭിപ്രായ പ്രകടനങ്ങളും വിമര്‍ശനങ്ങളും നടത്തിപ്പോന്നു എന്ന്‌ സമ്മേളന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ ജനകീയത മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണ്‌ എന്നായിരുന്നു റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ പ്രതിനിധികളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. ഏറ്റവും അവസാനം തനിക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ വി.എസ്‌ രാജിവെക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌ സ്വന്തം ഇമേജ്‌ വര്‍ദ്ധിപ്പിക്കാനാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടുകള്‍ വി.എസ്‌ പലപ്പോഴും സ്വീകരിച്ചുവെന്നു പോലും സമ്മേളന റിപ്പോര്‍ട്ടുകളിലും തുടര്‍ ചര്‍ച്ചകളിലും അഭിപ്രായം പരാമര്‍ശങ്ങളുണ്ട്‌.

പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഇത്രയും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്‌ ഇത്‌ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും. സി.പി.എമ്മിനെ ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത രാഷ്‌ട്രീയ തന്ത്രമായിരുന്നു വി.എസിനെതിരെയുള്ള കുറ്റപത്രമായി മാറിയ സമ്മേളന റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുക എന്നത്‌. എല്ലാ രീതിയിലും വി.എസിനെ തളര്‍ത്തുക എന്നതായിരുന്നു ഈ നീക്കത്തിന്‌ പിന്നില്‍. എല്ലാകാലത്തലും പാര്‍ട്ടിക്ക്‌ മേല്‍ തന്റെ അഭിപ്രായങ്ങള്‍ക്ക്‌ മേല്‍ക്കൈ നേടാന്‍ വി.എസ്‌ ഉപയോഗിച്ച തന്ത്രമായിരുന്നു മാധ്യമങ്ങളുടെ സഹായ ഹസ്‌തം. പാര്‍ട്ടിക്കുള്ളിലെ പല അസ്വാരസ്‌ത്യങ്ങളും മറനീക്കി പുറത്തു വന്നത്‌ മാധ്യമങ്ങള്‍ക്ക്‌ മുമ്പിലെ വി.എസിന്റെ പ്രസ്‌താവനകളിലൂടെയായിരുന്നു. ഇന്ന്‌ ഇതേ തന്ത്രം വി.എസിനെതിരെ തിരിച്ചു പ്രയോഗിച്ചിരിക്കുകയാണ്‌ ഔദ്യോഗിക പക്ഷം. സമ്മേളന റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ആരാണെന്ന്‌ അന്വേഷണം വി.എസ്‌ ആവിശ്യപ്പെട്ടിരിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

ഇപ്പോള്‍ സമ്മേളന റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ പലപ്പോഴായി പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പഴയ പരാമര്‍ശങ്ങള്‍ തന്നെ. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ്‌ പോളിറ്റ്‌ബ്യൂറോയ്‌ക്ക്‌ കത്തു നല്‍കിയിരുന്നു. വി.എസിനെതിരെയുള്ള പരാമര്‍ശങ്ങളുള്ള സമ്മേളന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഭാഗീകമായി മരവിപ്പിക്കാന്‍ പോളിറ്റ്‌ബ്യൂറോയെ പ്രേരിപ്പിച്ചത്‌ വി.എസിന്റെ പരാതി തന്നെയാണ്‌. മാത്രമല്ല വി.എസ്‌ ജനകീയ നേതാവാണെന്ന്‌ ഓര്‍മ്മിപ്പിക്കാനും പ്രകാശ്‌ കാരട്ട്‌ മറന്നില്ല. ഇത്‌ വി.എസിന്റെ വിജയമായി കരുതുന്നവരും കുറവല്ല. പക്ഷെ ഇപ്പോള്‍ വി.എസിന്‌ ആശ്വാസമായ പി.ബി ഏതളവുവരെ വി.എസിനെ സംരക്ഷിക്കുമെന്നറിയാന്‍ പാര്‍ട്ടി സമ്മേളനം പൂര്‍ത്തിയാവണം. കാരണം ജനമധ്യത്തില്‍ വി.എസ്‌ പ്രതിക്കൂട്ടിലാക്കുന്നതോടെ പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെടാവുന്ന പിന്തുണ പോവാതെ നോക്കാനുള്ള തന്ത്രമായും പോളിറ്റ്‌ ബ്യൂറോയുടെ സമ്മേളന റിപ്പോര്‍ട്ട്‌ വിമര്‍ശനത്തെ കാണാവുന്നതാണ്‌. അതിനും അപ്പുറത്തേക്ക്‌ വി.എസിന്‌ പോളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ എന്തെങ്കിലും സഹായം ലഭിക്കുമെന്ന്‌ വി.എസ്‌ പക്ഷത്ത്‌ ശേഷിക്കുന്നവര്‍ക്ക്‌ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നില്ല.

പക്ഷെ അവസാന ആശ്രയമെന്ന പോലെ വി.എസ്‌ പി.ബി സമീപിക്കുമെന്ന്‌ ധാരണയുണ്ടായിരുന്നതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെയും മുന്നേകൂട്ടി വെട്ടില്‍ വീഴ്‌ത്താന്‍ ശ്രമിച്ചിട്ടുണ്ട്‌ സംസ്ഥാന നേതൃത്വം. വി.എസിനോടുള്ള പോളിറ്റ്‌ബ്യൂറോയുടെ നിസംഗ നിലപാടാണ്‌ കേരളത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തിയതെന്നാണ്‌ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന പ്രധാന ആരോപണത്തെ അത്രവേഗം തള്ളിക്കളയാനാവില്ല. അതായത്‌ കേന്ദ്രനേതൃത്വത്തിനെതിരെ തന്ത്രപരമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുകയാണിവിടെ. കേന്ദ്രനേതൃത്വം കേരളത്തിലെ സാഹചര്യങ്ങളെ വ്യക്തമായി മനസിലാക്കാതെയാണ്‌ വി.എസ്‌ അനുകൂല നിലപാടുകള്‍ പലപ്പോഴും സ്വീകരിച്ചതെന്നാണ്‌ ഈ ആരോപണങ്ങളുടെ അടിസ്ഥാനം. ഔദ്യോഗിക പക്ഷത്തിന്റെ കോട്ടയായ കണ്ണൂരില്‍ നിന്നും പിന്നെ കോട്ടയത്തു നിന്നുമുള്ള പ്രതിനിധികളാണ്‌ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. ഇനിയുമൊരിക്കല്‍ കൂടി വി.എസ്‌ അനൂകൂല നീലപാട്‌ പോളിറ്റ്‌ ബ്യൂറോ സ്വീകരിക്കാതിരിക്കാന്‍ വേണ്ടി ഒരുമുഴം മുമ്പേ എറിയുക എന്ന തന്ത്രമാണ്‌ ഈ ആരോപണങ്ങള്‍ക്ക്‌ പിന്നില്‍. ഇതോടെ വീണ്ടും വി.എസിനെ സഹായിക്കാനുള്ള താത്‌പര്യത്തില്‍ നിന്നും പോളിറ്റ്‌ബ്യൂറോയിലെ വി.എസ്‌ അനുകൂല നേതാക്കള്‍ പിന്‍മാറുമെന്നാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഔദ്യോഗിക പക്ഷത്തിന്റെ ഈ തന്ത്രം മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ വി.എസിന്‌ കഴിഞ്ഞതുമില്ല. കേന്ദ്രനേതൃത്വത്തിനെതിരെ ഒരു സംസ്ഥാന സമ്മേളനത്തില്‍ പ്രാദേശികമായ വികാരം ഉയരുകയാണെങ്കില്‍ അത്‌ പാര്‍ട്ടി ഗൗരവമായി നോക്കി കാണും എന്നത്‌ ഉറപ്പാണ്‌. അപ്പോള്‍ ഇനി പോളിറ്റ്‌ ബ്യൂറോയും കേന്ദ്രനേതാക്കളും വരും ദിവസങ്ങളില്‍ എത്രത്തോളം വി.എസ്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്ന്‌ കാത്തിരുന്ന്‌ കാണണം.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വി.എസിനെ ഒതുക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചപ്പോഴും പോളിറ്റ്‌ ബ്യൂറോയെ വരുതിയിലാക്കി ലക്ഷ്യം കണ്ട തന്ത്രശാലിയാണ്‌ വി.എസ്‌. എന്നാല്‍ ഇത്തവണ വി.എസിന്റെ പ്രതിരോധങ്ങള്‍ ലക്ഷ്യം കാണുമോ എന്നാണ്‌ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌. ഇനിയൊരു പക്ഷെ പോളിറ്റ്‌ബ്യൂറോയുടെ സഹായത്തോടെ പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ തുടരാന്‍ കഴിഞ്ഞാല്‍ തന്നെ സി.പി.എമ്മില്‍ വി.എസ്‌ പക്ഷം എന്നൊരു ഗ്രൂപ്പ്‌ ഇനി ശേഷിക്കില്ല എന്നു തന്നെയാണ്‌ പാര്‍ട്ടികേന്ദ്രങ്ങള്‍ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക