Image

വി.എസിനെതിരേയുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ മരവിപ്പിച്ചതായി പി.ബി

Published on 09 February, 2012
വി.എസിനെതിരേയുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ മരവിപ്പിച്ചതായി പി.ബി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെതിരേയുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഒരു ഭാഗം മരവിപ്പിക്കാന്‍ പോളിറ്റ്‌ ബ്യൂറോ നിര്‍ദേശം നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ സംഘടനാ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മരവിപ്പിക്കുന്നതായി സമ്മേളനത്തില്‍ അറിയിച്ചത്‌.

വി.എസിനെതിരേ സി.പി.എമ്മിന്റെ സമ്മേളനത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റി നടത്തിയിരുന്നു. തനിക്ക്‌ മറുപടി പറയാനുള്ള അവസരം നല്‍കണമെന്ന്‌ വി.എസ്‌. പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട്‌ പി.ബി. ഇടപെട്ട്‌ മരവിപ്പിക്കുന്നതിലൂടെ ഔദ്യോഗിക പക്ഷത്തിന്റെ വി.എസിനെതിരായ നീക്കത്തിനാണ്‌ തിരിച്ചടിയേറ്റതായി രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ തെരുവില്‍ വ്യഭിചരിക്കുന്നത്‌ പോലെയെന്ന്‌ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രതിനിധി കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ചതിയന്‍ ചന്തുവാണ്‌ വി.എസെന്ന്‌ ഒരു നേതാവ്‌ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി എം.എല്‍.എമാര്‍ നല്‍കിയ പരാതികള്‍ വി.എസ്‌്‌. വേണ്ടവിധം പരിഗണിച്ചില്ലെന്ന്‌ തൃശൂരില്‍ നിന്നുള്ള ഒരു നേതാവ്‌ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ പി.ബി. ഇടപെട്ട്‌ തിരുത്തുന്നത്‌ അസാധാരണ നടപടിയായാണ്‌ നിരീക്ഷകര്‍ കണക്കാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക