Image

"പേപ്പട്ടികള്‍ കുരയ്ക്കാറില്ല" ....ഒരു ഹൃസ്വ ചിത്രം ഒരുങ്ങുന്നു (മുബ് നാസ് കൊടുവള്ളി)

Published on 22 August, 2016
"പേപ്പട്ടികള്‍ കുരയ്ക്കാറില്ല" ....ഒരു ഹൃസ്വ ചിത്രം ഒരുങ്ങുന്നു (മുബ് നാസ് കൊടുവള്ളി)
സമീപ കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ ഒരു പ്രശ്‌നമായിരുന്നു പേപ്പട്ടി/ തെരുവ് നായ ശല്യവും അവറ്റകളുടെ ആക്രമണങ്ങളും അത്‌കൊണ്ട് ജങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും. ഇതിനെതിരെ ഒരുപാട് പേര് രംഗത്ത്­ വന്നിരുന്നു. തെരുവ് നായ്ക്കളെ കൊന്നൊടുക്കണമെന്നും അവറ്റകളുടെ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കണമെന്നും പറഞ്ഞ് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ഈ പ്രസ്താവനക്കെതിരെ പടവാളെടുക്കാന്‍ മറ്റൊരു കൂട്ടര്‍ ഇറങ്ങിത്തിരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുകയല്ല മറിച്ച് അവറ്റകളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും നായ്ക്കള്‍ അക്രമം കാണിക്കുന്നത് പരിസര പ്രദേശങ്ങള്‍ ശുചീകരിക്കാത്തതിനാലാണെന്നും ഇവര്‍ വാദിച്ചു. അത്‌കൊണ്ട് നായ്ക്കളെ കൊല്ലുന്നതിന് മുമ്പ് പരിസ്ഥിതിയെ മലിനമുക്തമാക്കുകയാണ് വേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് കൂട്ടരുടെ വാഗ്വാതങ്ങളും ചൂട് പിടിച്ചു മുന്നേറുന്നുണ്ടെങ്കിലും ഇത് വരെ ഇതിനൊരു പരിഹാരമായില്ലെന്നുള്ളതാണ് യഥാര്‍ത്ഥ വസ്തുത.

അത് അവിടെ നില്‍ക്കട്ടെ, ഇനി പറയാന്‍ പോകുന്നത് വേറൊരു കാര്യമാണ്. പേപ്പട്ടികളെ/ തെരുവ് നായ്ക്കളെ കുറിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഹൃസ്വ ചിത്രം ഒരുങ്ങുന്നു. "പേപ്പട്ടികള്‍ കുരക്കാറില്ല" എന്ന് താല്‍ക്കാലികമായി പേരിട്ടിട്ടുള്ള ചിത്രം സെപ്റ്റംബര്‍ മാസം അവസാനത്തോടെ കുട്ടനാട്, കുമരകം, ആലപ്പുഴ, തുടങ്ങിയ ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കും. പുരോഗമന വാദിയും, പ്രകൃതി സ്‌നേഹിയും മൃഗ സ്‌നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തകനും ഉന്നത ബിരുദധാരിയും എല്ലാത്തിലുമുപരി നാടകക്കാരനുമായ “ബിജോഷ് നാഥ്” എന്ന യുവാവാണ് ഈ ആശയത്തെ ദൃശ്യവല്‍ക്കരിക്കുന്നത്. വര്‍ഷങ്ങളായിട്ടുള്ള ബിജോഷിന്റെ ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും ഫലമാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും. ബിജോഷ് നാഥും അനീഷ് തമ്പിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും എല്ലാം പുതുമുഖങ്ങളാണ്. വിവിധ പ്രായത്തിലുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാന്‍ സംവിധായകന്‍ താല്‍പര്യം കാണിക്കുന്നതും ശ്ലാഘനീയമാണ്. താര നിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രം നിര്‍മിക്കുന്നത് ബിജോഷും സുഹൃത്തുക്കളും ചേര്‍ന്നാണ്.

ചിത്രത്തിന്റെ മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട പ്രൊമോഷണല്‍ സോംഗ് "മുല്ലപ്പൂ മാല തരാം" എന്ന പാട്ട് സോഷ്യല്‍ സൈറ്റുകളില്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിച്ച പാട്ട് എല്ലാ മലയാളികളിലും ഗൃഹാതുരത്വം ഉണര്‍ത്തും. 92 വയസ്സുള്ള പാതിരാ മത്തായി മുതല്‍ 2 വയസ്സുള്ള കൊച്ചു കുട്ടി വരെ ഈ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത. അഭിനയിച്ചവര്‍ എല്ലാവരും തദ്ദേശീയരാണ് എന്നതും ഈ പാട്ടിന്റെ മാറ്റ് കൂട്ടുന്നു. കുട്ടനാടിന്റെ ഭംഗിയും മനോഹാരിതയും നാലര മിനുട്ടുള്ള ഈ ഗാനരംഗത്ത് ചിത്രീകരിക്കാന്‍ കഴിഞ്ഞതാണ് ഈ പാട്ടിന്റെ വിജയമെന്ന് സംവിധായകന്‍ ബിജോഷ് നാഥ് പറയുന്നു. കുട്ടനാടിന്റെ സൗന്ദര്യവും അഴകും തെല്ലും ചോര്‍ന്ന് പോകാതെ ഓരോ ഫ്രയിമുകളെയും അതി മനോഹരമാക്കി തന്റെ ക്യാമാറയില്‍ ഒപ്പിയെടുത്തത് സംവിധായകന്‍ കൂടിയായ ബിജോഷ് നാഥ് തന്നെയാണ്. "സതീഷ് തുരുത്തിയാണ്" ഗായകന്‍. വരികളെഴുതിയതും സംഗീതം നിര്‍വഹിച്ചതും ബിജോഷ്‌നാഥും അനീഷ് തമ്പിയും ചേര്‍ന്നാണ്. സംവിധാനം നിര്‍വഹിച്ചതും ഇവര്‍ ചേര്‍ന്ന് തന്നെ.

ചിത്രത്തിന്റെ കഥയെ കുറിച്ചോ കഥാ തന്തുവിനെ കുറിച്ചോ പൂര്‍ണമായ വിവരങ്ങള്‍ സംവിധായകന്‍ പറയുന്നില്ലെങ്കിലും തെരുവ് നായ്ക്കളും കേന്ദ്ര കഥാ പാത്രവും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളിലും ജന മനസ്സുകളിലും നിറഞ്ഞ് നില്‍ക്കുന്ന തെരുവ് നായ ശല്യം/ പേപ്പട്ടി ശല്യം എന്ന അതി സങ്കീര്‍ണമായ വിഷയത്തിലേക്കുള്ള ഒരെത്തിനോട്ടവും ആ പ്രശ്‌നത്തിനുള്ള ഒരു പരിഹാര മാര്‍ഗ്ഗവുമായിരിക്കും ഈ സിനിമ എന്ന് കൃത്യമായി പറയാന്‍ കഴിയും.

യു ടുബ് ചാനല്‍ :kottayam koottayma

Link:https://youtu.be/uG25m5-33kM
"പേപ്പട്ടികള്‍ കുരയ്ക്കാറില്ല" ....ഒരു ഹൃസ്വ ചിത്രം ഒരുങ്ങുന്നു (മുബ് നാസ് കൊടുവള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക