Image

കുറച്ചു പേടി + കൂടുതല്‍ തമാശ = പ്രേതം

ആഷ എസ്‌ പണിക്കര്‍ Published on 18 August, 2016
കുറച്ചു പേടി + കൂടുതല്‍ തമാശ = പ്രേതം
പ്രേതം...എന്നു പറയുമ്പോള്‍ തന്നെ മനസില്‍ ഒരു പേടി തോന്നുക സ്വാഭാവികം. പ്രേതകഥകള്‍ പ്രമേയമാക്കിക്കൊണ്ട്‌ പ്രേക്ഷകനെ പേടിപ്പിച്ചു ഒരു പരുവത്തിലാക്കുന്ന അനേകം സിനിമകള്‍ പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുമുണ്ട്‌. 

ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മലയാളത്തില്‍ പുറത്തിറങ്ങിയ കള്ളിയങ്കാട്ട്‌ നീലി, ലിസ, സമീപകാലത്തായി ഈ വര്‍ഷം തമിഴില്‍ റിലീസ്‌ ചെയ്‌ത മായ, ഇംഗ്‌ളീഷില്‍ കണ്‍ജറിംഗ്‌ 2, മലയാളത്തില്‍ വിന്റര്‍, 
ആട്‌പുലിയാട്ടം..വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്‌ത ഭൂത്‌ അങ്ങനെ ഈ ശ്രേണിയില്‍ പെട്ട ചിത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ട്‌. 

ജയസൂര്യയെ നായകനാക്കി രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്‌ത പ്രേതം എന്ന ചിത്രം പക്ഷേ ഒരു മുഴുനീള പേടിപ്പിക്കല്‍ സിനിമയല്ല. 

ഇതിലെ നായകനായ ജയസൂര്യ അവതരിപ്പിക്കുന്ന മെന്റലിസ്‌റ്റ്‌ ആയ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രം തന്നെ പ്രേതങ്ങളെ കുറിച്ചു പറയുന്നത്‌ അവ വലിയ ശല്യക്കാരൊന്നുമല്ല എന്നാണ്‌. 

അല്‍പസ്വല്‍പം പേടിപ്പിക്കുമെന്നല്ലാതെ വലിയ ഉപദ്രവമൊന്നും ആര്‍ക്കും ചെയ്യില്ലത്രേ. എന്നാലും സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ പേടിയില്ലാതിരിക്കുമോ? കാരണം സംഗതി പ്രേതമല്ലേ. 

കടല്‍ത്തീരത്തുളള ഒരു വലിയ റിസോര്‍ട്ടിന്റെ ഉടമകളാണ്‌ ഷിബുവും ഡെന്നിയും പ്രിയനും. അവര്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം സ്വരുക്കൂട്ടിയാണ്‌ ഈ റിസോര്‍ട്ട്‌ സ്വന്തമാക്കിയത്‌. 

റിസോര്‍ട്ടും നല്ല രീതിയില്‍ നടന്നു പോകുന്നുണ്ട്‌. അങ്ങനെ കാര്യങ്ങളെല്ലാം ശുഭകരമായി നീങ്ങുമ്പോഴാണ്‌ റിസോര്‍ട്ടില്‍ ചില അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറുന്നത്‌.

സുഹൃത്തുക്കള്‍ മൂവര്‍ക്കും റിസോര്‍ട്ടില്‍ ചില ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. അതോടെ അവിടെ പ്രേതബാധയുണ്ടെന്ന്‌ അവര്‍ ഉറപ്പിക്കുന്നു. പക്ഷേ റിസോര്‍ട്ടില്‍ പ്രേതബാധയുണ്ടെന്നു പുറത്തറിഞ്ഞാല്‍ അവിടേക്കു പിന്നെ ആരും വരില്ല. അത്‌ ബിസിനസിനെ ബാധിക്കും. 

അതുകൊണ്ട്‌ അവര്‍ പള്ളിയില്‍ നിന്നും വികാരിയച്ചനെ കൊണ്ടു വന്ന്‌ റിസോര്‍ട്ട്‌ വെഞ്ചരിക്കുന്നു. അതോടെ എല്ലാ ശല്യവും തീര്‍ന്നു എന്നു കരുതി സമാധാനിക്കുമ്പോഴാണ്‌ വീണ്ടും പ്രേതബാധ അവര്‍ക്കു നേരിടേണ്ടി വരുന്നത്‌. 

അവരെ സ്വസ്ഥമായി ഇരിക്കാന്‍ അനുവദിക്കാതെ പ്രേതം വിടാതെ പിന്തുടരുകയാണ്‌. ഇങ്ങനെ അദൃശ്യനായ പ്രേതം മൂലം പല ദുരനുഭവങ്ങളിലൂടെയും കടന്നു പോകുന്നതിനിടയിലാണ്‌ മെന്റലിസ്റ്റ്‌ ഡോണ്‍ ബോസ്‌കോ അവരുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നത്‌.

 അതോടെ വീണ്ടും പല അപ്രതീക്ഷിത സംഭവങ്ങളും അരങ്ങേറുകയാണ്‌. പ്രേതത്തെ ഒഴിവാക്കാന്‍ സൂഹൃത്തുക്കളും അവര്‍ക്കൊപ്പം ഡോണ്‍ ബോസ്‌കോയും ചേര്‍ന്നു നടത്തുന്ന കാര്യങ്ങളുമൊക്കെയാണ്‌ ഭയവും നര്‍മവും കലര്‍ത്തി സംവിധായകന്‍ പറയുന്നത്‌. 

ഹൊറര്‍ കോമഡി ചിത്രം എന്നു വിളാക്കാവുന്ന ചിത്രമാണിത്‌ എന്നു നിസംശയം പറയാം. പ്രേക്ഷകനെ ഞെട്ടിക്കുന്ന ഭീകരമായ അലര്‍ച്ചകളോ, മറ്റ്‌ ബഹളങ്ങളോ ഒന്നും ഈ സിനിമയിലില്ല. ആദ്യ പകുതി മുഴുവന്‍ നര്‍മത്തില്‍ ചാലിച്ചാണ്‌ കടന്നു പോകുന്നത്‌.

 രണ്ടാം പകുതിക്കു ശേഷം പക്ഷേ അല്‍പം പേടിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്‌. തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമായി മറ്റൊരു തരത്തിലാണ്‌ രഞ്‌ജിത്‌ ശങ്കര്‍ ഈ ചിത്രം സംവിധാനം ചെയ്‌തിട്ടുള്ളത്‌.

 ഇതിനു മുമ്പ്‌ അദ്ദേഹം സംവിധാനം ചെയ്‌ത ചിത്രങ്ങളില്‍ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്‌തിരുന്നതെങ്കില്‍ ഈ ചിത്രത്തില്‍ അത്‌ തീര്‍ത്തും വ്യത്യസ്‌തമാണ്‌.

 ഇതില്‍ ഭയത്തോടൊപ്പം നര്‍മവും. ചിത്രത്തിലെ തമാശകളെല്ലാം തന്നെ സാന്ദര്‍ഭികമായതിനാല്‍ അത്‌ തികച്ചും സ്വാഭാവികമായി തന്നെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്കു കഴിയുന്നുണ്ട്‌. ഒന്നു പോലും കഥയില്‍ നിന്നു വേറിട്ടു നില്‍ക്കുന്നില്ല. 


ഒരു ഹൊറര്‍ ത്രില്ലര്‍ എന്ന നിലയില്‍ നൂറില്‍ നൂറു മാര്‍ക്ക്‌ നേടാന്‍ കഴിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക്‌ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു ചിത്രമൊരുക്കിയതില്‍ രഞ്‌ജിത്തിന്‌ സന്തോഷിക്കാം. 

തിരക്കഥയില്‍ കുറച്ച്‌ പോരായ്‌മകള്‍ ഉണ്ടായിരുന്നെങ്കിലും മികച്ച അവതരണരീതിയിലൂടെ അത്‌ പരിഹരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. 

രഞ്‌ജിത്തിനൊപ്പമുള്ള ജയസൂര്യയുടെ മൂന്നാമത്തെ ചിത്രമാണിത്‌. ഡോണ്‍ ബോസ്‌കോ എന്ന ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായി ജയസൂര്യ നന്നായി തിളങ്ങിയിട്ടുണ്ട്‌ എന്നു പറയാതെ വയ്യ. 

മലയാള സിനിമയില്‍ ആദ്യമായാണ്‌ ഒരു മെന്റലിസ്റ്റിനെ അവതരിപ്പിക്കുന്നത്‌. ആ കഥാപാത്രത്തിന്റെ ശരീരഭാഷയും ഭാവങ്ങളും സംഭാഷണങ്ങളും എല്ലാം അങ്ങേയറ്റം ഉജ്ജ്വലമാക്കുന്ന പ്രകടനം തന്നെ ജയസൂര്യ കാഴ്‌ചവച്ചിരിക്കുന്നു. ഓരോ സിനിമകള്‍ കഴിയുമ്പോഴും ഈ നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്‌. 

പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴിക്കു ശേഷം ഷറഫുദീന്‌ ലഭിച്ച മറ്റൊരു മികച്ച കഥാപാത്രമായിരിക്കും പ്രേതത്തിലേത്‌. 

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്‌, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ഉണ്ട്‌. ഗോവിന്ദ്‌ പത്മസൂര്യ, വിജയ്‌ ബാബു, പേളി മാണി, ഹരീഷ്‌ പേരടി, ശ്രുതി രാമചന്ദ്രന്‍, ദേവന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ഒരു ഹൊറര്‍ സിനിമയ്‌ക്ക്‌ ആവശ്യമായ രംഗങ്ങള്‍ ഒരുക്കുന്നതില്‍ ജിത്തു ദാമോദര്‍ എന്ന ക്യാമറാമാന്‍ വിജയിച്ചിട്ടുണ്ട്‌. ആനന്ദ്‌ മധുസൂദനന്റെ സംഗീതവും പശ്ചാത്തല സംഗീതവും പ്രേതത്തെ പേടിപ്പിക്കുന്നതിലും രസിപ്പിക്കുന്നതിലും മികവു കാട്ടി. 

വെറുതേയിരുന്ന്‌ പേടിക്കാന്‍ മാത്രമല്ല, നിലവാരമുള്ള തമാശകള്‍ കണ്ട്‌ ചിരിക്കാനും അതോടൊപ്പം കുറച്ചൊക്കെ ചിന്തിക്കാനും വക നല്‍കുന്ന ചിത്രമാണ്‌ പ്രേതം. ഒരു നല്ല എന്റര്‍ടെയ്‌നര്‍. 

ടിക്കറ്റ്‌ ചാര്‍ജ്‌ മുതലാക്കാന്‍ പറ്റുന്ന സിനിമ. കൂട്ടുകാര്‍ക്കൊപ്പമോ കുടുംബസമേതമോ പോയി കണ്ട്‌ ആസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല ചിത്രം. വമ്പന്‍ താരനിരകളും ഭ്രമിപ്പിക്കുന്ന സാങ്കേതിക വിദ്യകളും ഇല്ലെന്നു കരുതി ഈ ചിത്രം മനപൂര്‍വം വിട്ടു കളയരുത്‌. 

മലയാള പ്രേക്ഷകര്‍ നല്ല ചിത്രങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത ചരിത്രം മാത്രമേ ഇതുവരെയുള്ളൂ. അതുകൊണ്ടു തന്നെ ഈ ചിത്രവും വിജയിക്കുമെന്നതില്‍ സംശയമില്ല. 


കുറച്ചു പേടി + കൂടുതല്‍ തമാശ = പ്രേതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക