Image

തെലുങ്കില്‍ 'വിസ്മയ'മൊരുക്കി ലാല്‍

ആഷ എസ് പണിക്കര്‍ Published on 12 August, 2016
               തെലുങ്കില്‍ 'വിസ്മയ'മൊരുക്കി ലാല്‍
             നാലു കഥാപാത്രങ്ങള്‍. നാലു പേര്‍ക്കും വ്യത്യസ്തമായ നാല് ജീവിതങ്ങള്‍. ക്‌ളൈമാക്‌സില്‍ ഇവര്‍ ഒരേയിടത്ത് സംഗമിക്കുന്നു. ഇതാണ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ മൂന്നു ഭാഷകളില്‍ അഭിനയിച്ച 'വിസ്മയം' എന്ന ചിത്രത്തിന്റെ ഉള്ളടക്കം.

കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളും അതോടൊപ്പം സസ്‌പെന്‍സും കോര്‍ത്തിണക്കി യ ഒരു നല്ല സിനിമയാണ് വിസ്മയം എന്നതില്‍ സംശയമില്ല. 

 മലയാളത്തില്‍ ട്രാഫിക് എന്ന സിനിമ മുതല്‍ സമാനശ്രേണിയിലുള്ള നിരവധി സിനിമകള്‍ സമീപ കാലത്ത് ഇറങ്ങിയിട്ടുണ്ട്. 

അതുകൊണ്ടു തന്നെ വിസ്മയം എന്ന ചിത്രം മികച്ചതും സമാനതകളില്ലാത്തതുമായ ഒരു ദൃശ്യവിസ്മയം എന്ന നിലയ്ക്ക് മലയാള പ്രേക്ഷനെ വിസ്മയിപ്പിക്കുമോ എന്നു സംശയമുണ്ട്. 

പക്ഷേ വാണിജ്യസിനിമകളുടെ എല്ലാവിധ രസക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന സിനിമകള്‍ കണ്ടു പരിചയിച്ച തെലുങ്ക് സിനിമാലോകത്തിന് വിസ്മയം എന്ന വേറിട്ട കഥ പറയുന്ന ചലച്ചിത്രം ഒരു വിസ്മയാനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

ആദ്യപകുതിയില്‍ നാല് വ്യക്തികളുടെ ജീവിതത്തിലേക്കാണ് ക്യാമറ സഞ്ചരിക്കുന്നത്. അതിലെ വ്യത്യസ്തതകള്‍ പറഞ്ഞുപോകുന്ന രീതിയില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരല്‍പ്പം വിസരത തോന്നിയേക്കാമെങ്കിലും രണ്ടാം പകുതി രസകരമാണ്. 

മോഹന്‍ലാല്‍ സായി റാം എന്ന കഥാപാത്രമായി പതിവു പോലെ തന്നെ അരങ്ങു തകര്‍ത്തിട്ടുണ്ട്. ഭാഷ ഏതായാലും അഭിനയത്തികവിന് അതൊരു പ്രശ്‌നമേയാകുന്നില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ മഹാനടന്‍. 

അതിസൂക്ഷ്മ ഭാവങ്ങള്‍ കൊണ്ട് അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ലാല്‍ പുറത്തെടുത്തത്. തെലുങ്ക് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും അദ്ദേഹത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ വിസ്മയം നല്‍കുക തന്നെ ചെയ്യും.

 ലാലിനൊപ്പം തന്നെ ഗൗതമിയും മറ്റ് താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

പക്ഷേ ഒരു ഡബ്ബിങ്ങ് സിനിമയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു നോക്കുമ്പോള്‍ മികച്ച ഒരു സിനിമയാണ് വിസ്മയം എന്നു തന്നെ പറയാം. മോഹന്‍ലാല്‍, പി.ബാലചന്ദ്രന്‍, ജോയ് മാത്യു എന്നിവരുടെ സംഭാഷണങ്ങള്‍ തികച്ചും സ്വാഭാവികമാണ്. പക്ഷേ ചിലപ്പോള്‍ സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ കൃത്രിമത്വം പ്രേക്ഷകന് അസ്വാരസ്യമായി അനുഭവപ്പെടുന്നുണ്ടെതും സത്യമാണ്.

ചന്ദ്രശേഖര്‍ യെല്ലേട്ടിയുടെ കഥയും അത് നടക്കുന്ന സ്ഥലവുമെല്ലാം മികച്ചതായി. പക്ഷേ എല്ലാ ഭാഷകളിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാകുന്ന രീതിയിലുള്ള ട്വിസ്റ്റുകളും സസ്‌പെന്‍സുകളും ഒരുക്കുന്നതില്‍ അത്ര ക്‌ളിക്കായില്ല.

 ഗാനങ്ങള്‍, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവ ശരാശരി നിലവാരത്തില്‍ മാത്രമൊതുങ്ങി. ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം എന്ന നിലയ്ക്ക് മലയാള പ്രേക്ഷകര്‍കൂടി ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ ചിത്രമാണ് വിസ്മയം.

 പക്ഷേ അതിലേറെ വിസ്മയങ്ങള്‍ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ നല്‍കിയ നടന്‍ എന്ന നിലയ്ക്ക് ലാല്‍ അവതരിപ്പിച്ച വിസ്മയത്തിലെ സായി റാം മലയാള പ്രേക്ഷകരുടെ കൈയ്യടി നേടുമോ എന്ന കാര്യത്തില്‍ സംശയമാണ്. 

 എന്നാ#ു കരുതി തെലുങ്ക് പ്രേക്ഷകര്‍ക്ക് അങ്ങനെയാകണമെന്നില്ല. പക്ഷേ ടിക്കറ്റ് ചാര്‍ജ് മുതലാകുന്ന ഒരു നല്ല സിനിമയാണ് വിസ്മയം എന്നു പറയാം.






               തെലുങ്കില്‍ 'വിസ്മയ'മൊരുക്കി ലാല്‍
               തെലുങ്കില്‍ 'വിസ്മയ'മൊരുക്കി ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക