Image

പിതൃക്കള്‍ക്കു ആത്മശാ­ന്തിക്കായി അമേരിക്കയി­ലും കര്‍ക്കിടക വാവു­ബലി

അനില്‍ പെണ്ണു­ക്കര Published on 02 August, 2016
പിതൃക്കള്‍ക്കു ആത്മശാ­ന്തിക്കായി അമേരിക്കയി­ലും കര്‍ക്കിടക വാവു­ബലി
ഇന്ന് കര്‍ക്കിടക വാവ്.മലയാളികള്‍ ലോകത്തിന്റെ ഏതു കോണിലുമിരുന്നു മരിച്ചുപോയ തന്റെ ബന്ധുക്കളുടെ അദൃശ്യ സാന്നിധ്യം അറിയുന്ന ദിനം.ഇന്ന് ഒരൊറ്റ ദിവസത്തേക്കു മാത്രമായി മരണദേവന്റെ കോട്ടവാതില്‍ മരിച്ചവര്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നു.വേണു ആലപ്പുഴയുടെ ഒരു കുറിപ്പ് ഓര്‍മ്മ വരുന്നു.
"സന്ധ്യ പിരിയുമ്പോള്‍ ഒരു വല്ലാത്ത കാറ്റു വീശുന്നതറിയാം.
അവര്‍ വരികയായി.പുറത്ത് വേലിത്തലപ്പുകളിലും വാഴക്കയ്യുകളിലും അവര്‍ പതുങ്ങുന്ന ചലനങ്ങളറിയാം.നിഴലുകളുടെ കാണാമറയത്ത് കണ്ണീരടക്കി നിന്ന് അവര്‍ പ്രിയപ്പെട്ടവരെ കാണും. പടി കയറി വന്ന് ആര്‍ത്തിയോടെ ഉപ്പില്ലാത്ത അട നുണയും . മറവിയെടുത്തുപോയ പഴയ ഒരു വിളിപ്പേരിനായി ഇറയത്തെ മഴച്ചാറ്റില്‍ വെറുതെ ഓര്‍ത്തു നില്‍­ക്കും.

കൂടുതല്‍ നേരം അങ്ങനെ നില്ക്കാന്‍ അനുവാദമില്ല.
മരണമില്ലാത്ത ഓര്‍മ്മകള്‍ പിടഞ്ഞുണരുമ്പോഴേക്കും വീണ്ടും കാറ്റു വീശും.
അപ്പൂപ്പന്‍താടി കണക്കെ അവര്‍ അകലത്തെ ലോകങ്ങളിലേക്ക് പറന്നു പോകും."

കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുക്കള്‍ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.
പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്.
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കള്‍ തറവാട് നിലനിര്‍ത്തിയവരാണ് എന്നതുകൊണ്ട് ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്.

മലയാളി എവിടെയാണെങ്കിലും കര്‍ക്കിടക വാവിന് ഹിന്ദുക്കള്‍ ബലിയിടും .അമേരിക്കയിലും നടന്നു ഇത്തവണ ബാലികര്‍മ്മങ്ങള്‍ .ഫ്‌­ലോറിഡയില്‍ നടന്ന ബലി തര്‍പ്പണത്തിനു കര്‍മ്മി സുരേഷ് നായര്‍ നേതൃത്വം നല്‍കി .അദ്ദേഹം പറയുന്നു
"ഇത് ചെയ്യണമെങ്കില്‍ തലേദിവസം മുതല്‍ക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. ആത്മാക്കള്‍ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവര്‍ ദേവലോകത്തേക്ക് യ്യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമത്രെ. ഈ യാത്രയില്‍ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറുകൊണ്ട് പിതൃദേവതകള്‍ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.

കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകള്‍ സത്രത്തില്‍ സനിധരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണന്‍ അവിടേക്ക് വന്നു. ഭയവിഹ്വലരായ ദേവന്മാര്‍ ഓരോരോ പക്ഷികളുടെ വേഷം പൂണ്ടു. ആ കൂട്ടത്തില്‍ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ. അന്നു മുതല്‍ കാക്കകളോട് കാലന് സന്തോഷം തോന്നി. മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍, മേലില്‍ ബലിച്ചോറ് കാക്കകള്‍ക്ക് അവകാശമായിത്തീരുമെന്ന് യമധര്‍മ്മന്‍ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകള്‍ ബലിച്ചോറിന് അവകാശികള്‍ ആയി തീര്‍ന്നതെന്ന് കരുതുന്നു.'
അദ്ദേഹം ഈമലയാളിയുമായി വാവുബലി ഐതീഹ്യം പങ്കുവച്ചു .

"മരിച്ചവര്‍ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു എന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. അവിടെ നിന്ന് അവര്‍ പുനര്‍ജ്ജനിക്കുകയോ അല്ലെങ്കില്‍ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. പിതൃ ലോകത്ത് വാസു, രുദ്ര, ആദിത്യ എന്നീ! മൂന്ന് തരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണങ്ങള്‍ സ്വീകരിച്ച് അത് അതാത് പിതൃക്കള്‍ക്കെത്തിക്കുകയും അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രക്കിടയില്‍ അവര്‍ക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാല്‍ പിതൃക്കള്‍ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.

കേരളത്തിലെ പമ്പാ നദിയില്‍ ശ്രീരാമന്‍ വാനപ്രസ്ഥകാലത്ത് ദശരഥന്­ പിതൃതര്‍പ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ പമ്പയില്‍ പിതൃതര്‍പ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പന്‍ തന്നെ തന്റെ വീരമൃത്യു പ്രാപിച്ച പോരാളികള്‍ക്കായി തര്‍പ്പണം ചെയ്തതിനാലാണ്­ ഇത് എന്നും അതുമല്ല ബുദ്ധന്‍ ഏര്‍പ്പെടുത്തിയ ഉത്!ലംബനം അതിന്‍റേതായ രീതിയില്‍ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവര്‍ഗ്ഗക്കാര്‍ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങള്‍ ഉണ്ട്.

ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്‍ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തില്‍ പോകുന്നത്. ഇതിന്റെ ആരംഭമാണ് കര്‍ക്കിടകമാസം. ഇതിന്റെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവര്‍ക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍, ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ച് കൊടുക്കണം. ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.

പ്രപഞ്ചത്തിലെ പാതാളം മുതല്‍ സത്യലോകം വരെ പതിനാലു ലോകങ്ങളില്‍ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേര്‍മുകളില്‍ ഭുവര്‍ലോകം,സ്വര്‍ഗ്ഗലോകം എന്നിങ്ങനെയാകുന്നു. ഭുവര്‍ലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വര്‍ഗ്ഗം ദേവന്മാരുടെയും. ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാല്‍ ശരീരത്തിനുള്ളില്‍ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവന്‍ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു. ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവര്‍ലോകം. അത് ഭൂമിക്ക് മുകളില്‍ സങ്കല്‍പ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോള്‍ പിതൃക്കള്‍ക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കല്‍പ്പത്തിലാണ് കര്‍ക്കിടക നാളില്‍ കറുത്തവാവിന് ജലത്തില്‍ പിതൃതര്‍പ്പണം നടത്താറു­ള്ളത്.

നാട് വിട്ടു ലോകത്തിന്റെ ആയതു കോണില്‍ ചെന്നാലും മരിച്ചുപോയവരെ മറക്കാന്‍ നമുക്ക് എങ്ങനെ ആകും.അവര്‍ക്കായി ഒരു പിടി ചോറ്..അതാണ്
നമ്മുടെ സന്തോഷവും ..

(ഫ്‌ളോറിഡയില്‍ നടന്ന വാവുബലി ദൃശ്യങ്ങള്‍)
പിതൃക്കള്‍ക്കു ആത്മശാ­ന്തിക്കായി അമേരിക്കയി­ലും കര്‍ക്കിടക വാവു­ബലി
Join WhatsApp News
vayanakaaran 2016-08-02 18:49:11
അമേരിക്ക തരുന്ന സ്വാതന്ത്ര്യം നമ്മൾ ദുരുപയോഗം
ചെയ്യുന്നില്ലേ. ഇമ്മാതിരി പൂജയും അതുപേക്ഷിക്കുന്ന
സാധനങ്ങളും ഇവിടത്തെ വായുവും വെള്ളവും മലിനമാക്കുകയില്ലേ? ഇതൊക്കെ പൂജാരികൾ കാശുണ്ടാക്കാൻ ചെയ്തു വച്ച ചെപ്പടി വിദ്യകളല്ലേ? എന്തിനാണ് അതൊക്കെ
അമേരിക്കൻ മണ്ണിലേക്ക് കൊണ്ട് വന്നു ഇവിടെയും ജാതി-മത പിശാചുക്കളെ ജനിപ്പിക്കുന്നത്? പാന്റും ഷർട്ടുമൊക്കെയിട്ട്
പൂർവ്വ ദിക്കിൽ നിന്നും വന്നവർ ആടുന്ന ഈ മതാചാരം
പിന്നീട് കുഴപ്പമാകുമെ? നമുക്കിനി സുബ്ബലക്ഷ്മിയുടെ
സുപ്രഭാതവും ഇസ്ലാം സഹോദരന്റെ ബാങ്ക് വിളികളും കേട്ടുണരാം സമീപ ഭാവിയിൽ. ഭാരതം അങ്ങനെ വളരട്ടെ.
പൂജാരി കുഞ്ഞുണ്ണി. 2016-08-02 18:58:30
നിങ്ങളെപോലുള്ളവരാണ് ഞങ്ങളുടെ സുഖജീവിതത്തിന് ആധാരം (ചത്തവര് ചത്തു - ആത്മഗതം )

എല്ലാം ഈശ്വാരാനുഗ്രഹം 

വിദ്യാധരൻ 2016-08-03 10:18:01
പമ്പാ പുണ്യ നദിയാണെന്നും പറഞ്ഞു അത് നശിപ്പിച്ചു.  ഗംഗാ പുണ്യ നദിയാണെന്നും പറഞ്ഞു അത് നശിപ്പിച്ചു അങ്ങനെ കേരളത്തിലെയും ഇന്ത്യയിലെയും നദികൾ നശിപ്പിച്ചിട്ട് . അമേരിക്കയിൽ എത്തിയിരിക്കുകയാണ് നാശത്തിന്റെ വിത്ത് പാകാൻ.  പ്രകൃതിയും ഈശ്വരനും തമ്മിൽ ഒരു ബന്ധവുമില്ലേ.   പ്രകൃതി നശിച്ചാലും വേണ്ടില്ല ചത്തവരുടെയും ജീവിച്ചിരിക്കുനന്നവരുടെയും ആതാമാവിന് ശാന്തി കിട്ടിയാൽ മതി. തലവെട്ടിയാണേലും സ്വർഗ്ഗത്തിൽ പോയാൽ മതിയെന്ന് പറയുന്നതുപോലെയാണ് ഇതും.  തല്മുടിയും, പഴകിയ വസ്തുക്കളും വേണ്ട വിധത്തിൽ നീക്കം ചെയ്‌താൽ അത് ആർക്കും ഉപദ്രവം ആവുകയില്ല.  കേരളത്തിൽ നിന്ന് ഇവിടെ വന്നു താമസമാക്കി നല്ല കാര്യങ്ങൾ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ അഭിപ്രായം എഴുതുമ്പോൾ, അതിനെ പരിഹാസത്തോടെ കണ്ടു, പണ്ട് കേരളത്തിൽ ചെയ്‌തതുപോലെ പഴയതും ചീഞ്ഞതും പൊതിഞ്ഞു കെട്ടി അടുത്ത വീട്ടിലെ പറമ്പിലേക്ക് വലിച്ചെറിയണം എന്നും, ഗംഗാ നദിയും പമ്പാ നദിയും മലിനമാക്കിയതുപോലെ ഈ രാജ്യത്തെ മനോഹരമായ പൊയ്കകൾ ചീത്തയാക്കണം എന്ന് വാശിപിടിക്കുന്നത് വളരെ കഷ്ടം തന്നെ .  ഓരോ പൗരനും അവന്റ മുറ്റം വെടിപ്പാക്കിയാൽ ഒരു രാജ്യം തന്നെ വെടിപ്പാകും എന്ന് ഉദ്‌ബോധിപിച്ച ഗാന്ധിജിയുടെ നാട്ടിൽ നിന്നുള്ളവരാണ് നമ്മൾ എന്ന് വിസ്മരിക്കരുത്.  വായനക്കാരനെപ്പോലെയുള്ളവരും, സുധീർ പണിക്കവീട്ടിലിനെപോലുള്ളവരും മലയാളികളുടെ ഇടയിൽ ഉണ്ടെന്നുള്ളത് ഏറ്റവും അഭിമാനിക്കാവുന്നതാണ്.  അവരുടെ തന്റേടത്തിനെ ഞാൻ പ്രണമിക്കുന്നു.  

വിശുദ്ധമായ ഹൃദയമുണ്ടാകണം 
ശുചിത്വംമുണ്ടാകാൻ 
ശുചിത്വം ആരോഗ്യത്തിനനിവാര്യമല്ലോ 
ഈശ്വരന്റെ ക്ഷേതമാണ് 
ആരോഗ്യമുള്ളോരു ശരീരംമെന്ന് വിസ്മരിച്ചിടാ
ദേഹത്തെ വെടിഞ്ഞ ദഹിക്കായി 
പൂജ ചെയ്യിതിട്ടെന്തു കാര്യം 
തിരികെ വരില്ലവരാരും 
കണ്ടുമുട്ടില്ലൊരിക്കലും  
ബലികാക്ക 2016-08-02 19:57:42
ഞാനൊരു കാക്ക 
ബലികാക്ക 
എത്രനാളായി കരയുന്നു 
ഇതുപോലൊരു പൂജക്കായി 
എത്രനാൾ നോക്കിയിരുന്നാണ് 
ഇന്നെന്നെ അവർ കൈകൊട്ടി വിളിച്ചത് 
എന്തിനു എൻ അരിയിൽ 
കല്ല് വാരിയിടുന്നു വായനക്കാരാ.
ഞങ്ങളും ജീവിച്ചു പൊക്കോട്ടെ 
ചത്തവരുടെ പേരിലെങ്കിലും.
ജീവനോടിരിക്കുന്നവർക്കിട്ട് 
പാരവയ്ക്കുക നിങ്ങൾ 
ചത്തവരുടെ ആത്മാക്കളെ,  
ബലിയിടുന്നവരേ, കാക്കകളെ 
വെറുതെ വിടുക വായനക്കാരെ  
Sudhir Panikkaveetil 2016-08-03 03:32:04

കർക്കിടക ചോദ്യം: ( from face book) Agree with Vayanakaran
================

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

ഇന്നത്തെ
(2-08-2016)
കർക്കിടക വാവിന്

പിതൃതർപ്പണം ചെയ്യുവാൻ തയ്യാറാകുന്ന ഈ വേളയിൽ ഒരു ചോദ്യം ...

എല്ലാവരോടുമായി
കേരള സമൂഹത്തോടായി...

ഇത്,
ശ്രീനാരയണ ഗുരു സ്വാമികൾ അരുളിയ പോലെ

"വാദിയ്ക്കാനും ജയിയ്ക്കാനുമല്ല
അറിയാനും അറിയിയ്ക്കാനും"

എന്ന വിനയത്തോടെയുള്ള മുഖവുരയോടെ ചോദിയ്ക്കുന്നു:

2-08-2016 കർക്കിടകവാവിന്
കടൽത്തീരങ്ങളിലും,ക്ഷേത്രങ്ങളിലും
ഹിന്ദുക്കൾ പരേതാത്മക്കളുടെ മോക്ഷത്തിനായി തർപ്പണം നടത്തുന്ന
ഈ ദിവസം തന്നെയാണോ
ഇവിടുത്തെ
ബ്രഹ്മണർ / നബൂതിരിമാരും
പിതൃക്കൾക്കായുള്ള കർമ്മം അനുഷ്ഠിയ്ക്കുന്നത്...?

അല്ലായെന്ന് , ബ്രാഹ്മണരായി ജനിച്ച സുഹൃത്തുക്കളോട് അന്വേഷിച്ചാൽ
അറിയാം.

അവർ പൗർണ്ണമി ദിവസമാണ് ഇത് അനുഷ്ഠിയ്ക്കുന്നത്.

പിതൃക്കളുടെ മോചനത്തിനായി,
നായർ തൊട്ടു താഴോട്ടുള്ള ശൂദ്രവർഗ്ഗത്തിന് കറുത്തവാവും

അറിവുള്ള ബ്രാഹ്മണന് പൂർണ്ണതയുള്ള പൗർണ്ണമി അഥവ വെളുത്ത വാവ് ദിവസവും...!

ഈ ആചരണ വിവേചനം
ആരാണ് നടപ്പിലാക്കിയത്...?

ഒരു സംശയവും വേണ്ട ഇവിടുത്തെ പഴയ നാടുവാഴികളെ നിയന്ത്രിച്ഛിരുന്ന പുരോഹിതവർഗ്ഗം തന്നെ.

എന്തു കൊണ്ട് ശൂദ്രന് അമാവാസി
നൽകി..?

കലിയുഗം ബ്രാഹ്മണനും ശൂദ്രനും ഒരുപോലെ ശ്രേഷ്ഠമാണന്നറിയാമായിരുന്നവർ അറിവില്ലാത്ത ശൂദ്രവർഗ്ഗം ഒരിയ്ക്കലും രക്ഷ പ്പെടരുത് എന്ന് കണ്ട് കൊണ്ട്
കൊച്ച് കൊച്ച് ജാതിയ്ക്ക്
കൊച്ചു കൊച്ച് ദൈവങ്ങൾ എന്ന രീതിയിൽ നീചാരാധനകളോടൊപ്പം
ഈ കറുത്ത വാവ്  ആചരണവും അടിച്ചൽപ്പിച്ചു.

ആകാശത്ത് ഒരു നക്ഷത്രം പോലും കാണാത്ത , പ്രകാശമില്ലാത്ത,ഏറ്റവും കൂടുതൽ നീചാത്മക്കൾ ഭൂമിയിലെത്തുന്ന കർക്കിടകത്തിലെ കറുത്ത വാവു ദിവസം പിതൃബലി ചെയ്യിയ്ക്കുന്നതിലൂടെ പിതൃസമൂഹം
കൂടുതൽ അന്ധകാരത്തിലാകുകയാണ്.

ശൂദ്രവർഗ്ഗത്തിൻ്റ്റെ തലമുറകൾ തെളിയരുത് എന്ന് കണ്ട് ചെയ്തു വെച്ച അനാചാരം തലമുറകൾ കൈമാറി  ഇന്നും അനുഷ്ഠിയ്ക്കുന്നു.

അറിവുള്ളവർ
പൂർണ്ണതയുള്ള പൗർണ്ണമി ദിവസം
ഏറ്റവും കൂടുതൽ ബ്രഹ്മപ്രകാശം ഭൂമിയിൽ പതിയ്ക്കുന്ന,
രാവും പകലും തുല്യമായി വരുന്ന,
ഒന്ന് ഉദിയ്ക്കുബോൾ ഒന്ന് അസ്തമിയ്ക്കുന്ന full moon day യിൽ പിതൃക്കളുടെ മോചനത്തിനായി പ്രാർത്ഥിയ്ക്കുന്നു.

പൗർണ്ണമി ദിവസത്തെ പ്രാർത്ഥനയ്ക്ക്
പൂർണ്ണ ഫലപ്രാപ്തിയാണന്ന് അറിയുന്നവർ അറിഞ്ഞ് അനുഷ്ഠിയ്ക്കുന്നു.

അപ്പോൾ നോക്കൂ ;

എല്ലാത്തിന്റെയും അടിസ്ഥാനം ജ്ഞാനമാണ്.

വിശ്വാസങ്ങൾ ധാരാളം ഉണ്ടാവാം
പക്ഷേ ജ്ഞാനം ഒന്നേയുള്ളു
അത് സത്യമാണ്.

"ആത്മാവിനെ അഗ്നി കൊണ്ടോ വായു, ജലം എന്നിവയാലോ നശിപ്പിയ്ക്കാനാവില്ല"എന്ന് സ്വന്തം ശിഷ്യനായ

അർജ്ജുനനോട് അരുളിയത്
ദ്വാപര യുഗത്തിനധികാരിയാം
ജന്മനാജ്ഞാനിയായിരുന്ന ഗുരുവായിരുന്ന, സാക്ഷാൽ
ശ്രീകൃഷ്ണ പരമാത്മാവ്.

അതു തന്നെ ശാസ്ത്ര വും പറയുന്നു,

ഊർജ്ജത്തെ പുതുതായി നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കാനോ സാധ്യമല്ല അതിനെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ സാധിയ്ക്കുകയുള്ളു എന്ന്,

അങ്ങനെയെങ്കിൽ ദേഹം വിട്ടുപോകുന്ന "ആത്മാവ്" അഥവാ "ജീവൻ"
എന്ന ഊർജ്ജ രൂപത്തിന്
എന്തു സംഭവിക്കുന്നു..?

അന്തരീക്ഷമാലിന്യങ്ങളായി അലയുന്ന ആത്മക്കളുടെ മോചനത്തിനായി , ശുദ്ധീകരണത്തിനിയി കർക്കിടകമാസത്തെ കറുത്തവാവാചരണം  മതിയോ?

ഇതിലൂടെ
പിതൃ ദോഷങ്ങൾ മാറുമോ..?

നമ്മള്‍ ഇനിയും പറ്റിയ്ക്കപ്പെടരുത്....

കലിയുഗത്തില്‍ മനുഷ്യ ജന്മം കിട്ടിയത് നിസ്സാരമായി
കാണാതെ

ജ്ഞാനത്തിന്റെ വഴി,
സത്യത്തിന്റെ വഴി

മനുഷ്യരെന്ന ഒരുമയിയിൽ

സ്നേഹത്തില്‍ വിനയം നിറച്ച് അന്വേഷിയ്ക്കാൻ കഴിയട്ടെ...

a forwarded msg... Posting just to know the Truth
bijuny 2016-08-03 04:07:26
വായനക്കാരൻ പറഞ്ഞതിൽ കാര്യമുണ്ട്  ഞാൻ ഈയിടെയായി മുടി മുറിക്കുന്നതും shave ചെയ്യുന്നതും നിർത്തി. എന്തൊരു പൈപ്പ് blocking  ആണെന്നോ അതൊക്കെ. ഭയങ്കര പ്രകൃതി വിരുദ്ധ കാര്യങ്ങൾ. ആരാണാവോ ഈ ഷേവിങ്ങ് ഉം മുടി വെട്ടു ആചാരമൊക്കെ കണ്ടുപിടിച്ചത്.  ഈയിടെ ഭക്ഷണവും കുറച്ചു. കഴിപ്പ് കഴിഞ്ഞാൽ എല്ലാം പ്രകൃതിയിലേക്ക് നമ്മൾ തള്ളുകയാണല്ലോ? ഇനി വസ്ത്രം ഇടുന്നതും നിർത്തണം. പഴയ തുണിയൊക്കെ വലിയ environmental disaster ഉണ്ടാക്കും.
വായനക്കാരാ നമിച്ചിരിക്കുന്നു.   
Thomas Vadakkel 2016-08-03 18:27:13
ഞാനൊരു ക്രിസ്ത്യാനിയായതുകൊണ്ട് പിതൃക്കൾക്കുള്ള ഈ ഭ്രാന്തനാചാരത്തെപ്പറ്റി നിശബ്ദനായിരിക്കുകയായിരുന്നു. "തനിക്കെന്നാ കാര്യം, തന്റെ മതം നോക്കിയാൽ പോരേയെന്നും' ചോദിക്കുന്ന വായനക്കാരും കാണുമെന്നറിയാം. ഞാൻ എഴുതുന്നത് ഒരു മതത്തിനും എതിരായിട്ടല്ല, പ്രകൃതി നശിപ്പിക്കുന്ന സാമൂഹിക ദ്രോഹികൾക്കെതിരെയാണെന്നു കരുതിയാൽ മതി. എല്ലാ മതങ്ങളിലും  അനാചാരങ്ങൾ ഉണ്ടെന്നുള്ളതും ശരി തന്നെ. ക്രിസ്ത്യാനികൾ മരിച്ചവർക്ക് ശ്രാദ്ധം നടത്തലും പുരോഹിതന് പണം കൊടുത്ത് കുർബാന ചൊല്ലിക്കലുമുണ്ട്. വിദ്യാധരനും ഏതാനും വായനക്കാരും ഇത്തരം ദുരാചാരങ്ങളുടെ ദൂഷ്യവശങ്ങളെ ചൂണ്ടികാണിച്ചതിലും അഭിനന്ദനം. 

ദുർഗന്ധം പിടിച്ച ഗംഗയെയും പമ്പാനദിയുംപോലെ മതാന്ധർ അമേരിക്കയിലെ നദികളെയും നശിപ്പിക്കാനുള്ള പുറപ്പാടാണിത്. ഗംഗാ വൃത്തിയാക്കണമെങ്കിൽ ബില്ല്യൻ കണക്കിന് ഡോളർ മുടക്കണം. അതൊരു രാജ്യാന്തര പ്രശ്നമായി മാറിയിരിക്കുകയാണ്. ഗംഗയിൽക്കൂടി ഒഴുകുന്ന ശവശരീരങ്ങൾ കൊത്തിയെടുക്കാൻ പ്രവഹിക്കുന്ന കഴുകർക്ക് കണക്കില്ല. അധികം താമസിയാതെ അമേരിക്കൻ പശുക്കളെയും മതതീവ്രജാതികൾ വിശുദ്ധ പശുക്കളാക്കും. 

ഇത്തരം ദുരാചാരങ്ങൾ കാരണം ഒരു കാലത്ത് അമേരിക്കക്കാർ ഇൻഡ്യയെപ്പറ്റി ചിന്തിച്ചിരുന്നത് ഇൻഡ്യയായെന്നത് പാമ്പാട്ടികളുടെയും നഗ്നസന്യാസിമാരുടെയും അന്ധവിശ്വാസങ്ങളുടെയും നിറമാർന്ന നാടെന്നായിരുന്നു. ഇന്ന് ആ ചിന്താഗതിയ്ക്ക് മാറ്റം വന്നിട്ടുണ്ട്. എങ്കിലും ഇത്തരം കർക്കടക വാവുകാർ അമേരിക്കയിൽ താമസിക്കുന്ന കാലത്തോളം നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ സ്‌കൂളിൽപ്പോലും പരിഹാസം അനുഭവിക്കേണ്ടിവരും.   

ഈ നാടിന്റെ പരിസ്ഥിതി നശിപ്പിക്കുന്ന ആരാണെങ്കിലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നു ശിക്ഷ കൊടുക്കണം. നാം വസിക്കുന്ന ഭൂമി ഇന്ന് ജീവിക്കുന്നവർക്ക് മാത്രമുള്ളതല്ല; അത് നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ പരമ്പര തലമുറകൾക്കും ഉള്ളതാണ്. ഈ ലേഖനത്തിലെ പടങ്ങൾ  നോക്കൂ, കുഞ്ഞുങ്ങളുടെ ബൗദ്ധിക നിലവാരം അടിച്ചു തകർക്കുന്ന തരമാണ് അന്ധവിശ്വാസങ്ങൾക്ക് അവരെയും സഹകരിപ്പിക്കുന്നത്. പിതൃക്കളുടെ ആത്മാവെന്ന മിഥ്യയുണ്ടാക്കി ഇത്തരം മാതാപിതാക്കൾ അവരുടെ മനസും വിഷമയമുള്ളതാക്കുന്നു. അന്ധവിശ്വാസം പുലർത്തുന്ന ഇത്തരം മനുഷ്യർ ഇല്ലാത്തതു ഉണ്ടെന്നു പറഞ്ഞും, കാക്കകളിലും മറ്റു മൃഗങ്ങളിലും പിതൃക്കളുടെ ആത്മാവുണ്ടെന്നും പറഞ്ഞും സങ്കല്പിച്ചുകൊണ്ട് വെറും വിഡ്ഢികളായി ജീവിക്കുകയാണ്. 

ഇത്തരത്തിലുള്ള ദുരാചാരങ്ങൾ എല്ലാ മതത്തിലുമുണ്ട്. ഇങ്ങനെയുള്ള കർക്കടവാവ് ദുരാചാരം, തീണ്ടാരി പെരുന്നാളുകൾ അമേരിക്കയിൽ ഇറക്കുമതി ചെയ്‌താൽ ഇവിടെയുള്ള ജനങ്ങളെ പ്രകോപിപ്പിക്കുകയേയുള്ളൂ. മൂന്നു ദശവത്സരങ്ങൾക്ക് മുമ്പ് പൊട്ടു തൊട്ടവരെ ആക്രമിക്കാൻ ന്യൂയോർക്കിലും ക്യൂയിൻസിലും ഡോട്ട് ബസ്റ്റെർസ് (Dot Busters) എന്ന പേരിൽ അക്രമികളുടെ ഒരു സംഘമുണ്ടായിരുന്നു. ക്യൂയിൻസിലെ അമ്പലത്തിൽ ഉച്ചഭാഷിണിയിൽക്കൂടി നിത്യവും സുപ്രഭാതത്തിൽ ഗീതയും രാമായണവും നടത്തുന്നതിലുള്ള അമർഷം കാരണം അക്കാലങ്ങളിൽ ഡോട്ട് ബസ്റ്റർസ്കാരുടെ അക്രമത്തിനിരയായത് നിരപരാധികളായ അനേകം ഇന്ത്യാക്കാരായിരുന്നു. അന്തരീക്ഷത്തിലെ നിത്യവും ശബ്ദം കാരണം അടുത്തു താമസിക്കുന്നവരെ പ്രകോപിതരാക്കിയിരുന്നു. മലയാളികളെ കുറ്റം പറയാൻ സാധിക്കില്ലെങ്കിലും അവിടെ വസിച്ചിരുന്ന വടക്കേന്ത്യൻ സമൂഹം വീടിനുള്ളിലെ മാലിന്യങ്ങൾ അക്കാലങ്ങളിൽ പെരുവഴിയിലും വലിച്ചെറിയുമായിരുന്നു.

ജാത്യാലുള്ളതു തൂത്താലും മാറില്ലായെന്ന പഴഞ്ചൊല്ലുണ്ടെങ്കിലും അടുത്ത തലമുറയെപ്രതിയെങ്കിലും   അന്ധവിശ്വങ്ങളിൽ നിന്നും മോചനം നല്കരുതോ? ഈ നാടിന്റെ പ്രകൃതിയെ നശിപ്പിക്കാതിരിക്കൂ.! നദിയിലേയ്ക്കും കാക്കയ്ക്കും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങൾ മരിച്ചുപോയ പിതൃക്കളോ അവരുടെ ആത്മാക്കളോ ഭക്ഷിക്കില്ല, പകരം അതിൽനിന്നുമുള്ള ദുർഗന്ധം വമിച്ചു ശ്വസിക്കുന്നതും രോഗാണുക്കൾകൊണ്ട്  രോഗം ബാധിക്കുന്നതും ജീവിച്ചിരിക്കുന്നവരിലാണ്.         
ഇക്കാക്ക 2016-08-04 06:07:31
ഇനി അമേരിക്കൻ കാക്കകളേം വേണ്ടാതീനം പഠിപ്പിക്കുകയാണ്.  ഇനി ആരേം കൈകൊട്ടി വിളിക്കാൻ പറ്റില്ലല്ലോ ?  എന്താ ചെയ്യുന്നെന്ന് പറ !
Kaaka Rajaavu 2016-08-04 12:35:59
കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല ..അതുകൊണ്ടാണ് അഭിപ്രായം എഴുതിയില്ലെങ്കിൽ മരിക്കും എന്ന് തോന്നിയത് ..അമേരിക്കയിൽ വന്നു ഡോളർ ഉം വാങ്ങി സുഖസൗകര്യങ്ങളും ഉത്തമമായ ഭരണസംവിധാനവും ആവോളം ആസ്വദിച്ചു ..അമേരിക്ക ക്കാരെയും സായിപ്പിനെയും അവന്റെ ജീവിത സംസ്കാരത്തെയും കുറ്റം പറഞ്ഞു മഹത്തായ (ചീഞ്ഞ ) ഭാരത സംസ്കാരവും കെട്ടിപിടിച്ചു നടക്കുന്നു .... പാരമ്പര്യം നിലനിർത്താനാണത്രെ പള്ളികളും ക്ഷേത്രകളും ഇവിടെ പണിയുന്നത് .. ഈ നാടിന്റെ ശക്തമായ സാമ്പത്തിക നിയമങ്ങളെ വെല്ലുവിളിച്ചു കാറ്റിൽ പരത്തി അനധികൃതമായ പണ സമ്പാദനത്തിൽ നിന്നും പടുത്തുയർത്തുന്ന പള്ളികൾ .. പള്ളികളിൽ ശബ്ദമലിനീകരണം നടത്തുന്ന "ചെണ്ട വാദ്യങ്ങൾ " ചേർന്ന പെരുന്നാൾ ആഘോഷം, പിന്നെ ഇതാ ശബരിമല കയറ്റവും ഇതുപോലുള്ള ആഭാസങ്ങളും ... ഈ നാടും കൂടി മുടിപ്പിക്കണം ..ഇന്നലെ സമധാനാമാകൂ
James Mathew 2016-08-04 13:43:40
മതവും വർഗീയതും പറയുകയല്ല, ദയവ് ചെയ്ത
മുപ്പത്തി മുക്കോടി ദൈവങ്ങളെയും അവരുടെ ആചാരങ്ങളെയും
ഇവിടേക്ക് കൊണ്ട് വരരുത്. ജനത്തിന്റെ സഹിഷ്ണുത പരീക്ഷിക്കരുത്.  ഇനി ഇതാ ഓണം വരുന്നുണ്ട്. പാളത്താരും ഉടുപ്പിച്ച് കൊമ്പൻ മീശയും വച്ച് ഒരു മഹാബലി പ്രദിക്ഷണം .  സുഖമായി ജീവിക്കാൻ ഈ രാജ്യം സഹായിക്കുന്നുണ്ട്.  ദയവ് ചെയ്ത അമ്പലങ്ങളും, വെളിച്ചച്ചപാട് തുള്ളലും കാട്ടി ഈ നാട്ടുകാരെ ഭയപ്പെടുത്തിയും പരിഭ്രമിപ്പിച്ചും ഇന്ത്യക്കാരെ മുഴുവൻ ഇവിടെ നിന്നും കെട്ടു കെട്ടിക്കുന്ന ഒരുഅവസ്ഥ ഉണ്ടാക്കരുത്.അവനവന്റെ വീട്ടീട്ടിൽ  അല്ലെങ്കിൽ തൽക്കാലം വാടകക്ക് എടുക്കുന്ന ഹാളിൽ ഒരു താൽക്കാലിക അമ്പലം ഉണ്ടാക്കി മറ്റുള്ളവർക്ക്  പ്രയാസമില്ലാത്ത രീതിയിൽ ആരാധിക്കുക. വടക്കേ ഇന്ത്യക്കാരും ഗയാനക്കാരും ഇത് ശ്രദ്ധിക്കണം.  ഒരു ഗയാനക്കാരൻ പൂജയും മണിയടിയും നടത്തി വീട്ടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട്(സാമ്പ്രാണി) സായിപ്പ് പോലീസിനെ വിളിച്ചു. കൃസ്ത്യാനികളിൽ ചില വിഭാഗവും ഭയന്കർ ശബ്ദത്തിൽ വിളിച്ചാൽ കേൾക്കാത്ത ദൈവത്തെ വിളിച്ച് കരഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവും വച്ച് മറ്റുള്ളവരുടെ ജീവിതം അസാധ്യമാക്കുന്നു.  പ്രിയരേ, ഈ രാജ്യം ചെയ്ത തന്ന നന്മക്ക് ഇവരോട് നന്ദി പറയുക.  എന്റെ പ്രിയരായ ഒത്തിരി ഹിന്ദുക്കൾ ഉണ്ട്. അവർ ഇത് വായിച്ച് എന്തെങ്കിലും ഒരു പരിഹാരം കാണണം. മരിച്ച്പോയവർക്ക് വേണ്ടി നദിയിൽ പൂവ്വും ഇലയും ചോറും ഇടുന്നത് മഹാ പാപമാണ്. പ്രകൃതിയെ സ്നേഹിക്കുക, ഉപദ്രവിക്കരുത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക