Image

മലയാളിയുടെ ചമ്മന്തി മോഹങ്ങള്‍ (ശ്രീപാര്‍­വതി)

Published on 30 July, 2016
മലയാളിയുടെ ചമ്മന്തി മോഹങ്ങള്‍ (ശ്രീപാര്‍­വതി)
‘ മന്ദിയമ്മ ഇലകള്‍ കഴുകി ഈര്‍ക്കില്‍ കൊണ്ടു കുത്തി പിഞ്ഞാണങ്ങളില്‍ വെച്ചു. കഞ്ഞിയില്‍ നിന്ന് ഇപ്പോഴും ആവി പൊങ്ങുന്നുണ്ട്. ‘പള്ളിലെ മാതാവാണെ നേര്, നാളെ ഞാന്‍ കഞ്ഞി കുടിക്കില്ല.’ ശിവന്‍ ഭീഷണിപ്പെടുത്തി. ശശി പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കുകയാണ്. ഇടയ്ക്ക് ചൂണ്ടുവിരല്‍കൊട്ടു തൊട്ട് ചമ്മന്തി നാവില്‍ വെയ്ക്കും. കാന്താരി മുളകും തേങ്ങായും ഉള്ളിയും ഉപ്പും ചേര്‍ത്ത ചമ്മന്തി. മന്ദിയമ്മ ഉറിയുടെ മുകളില്‍ വെച്ചിരിക്കുന്ന തേങ്ങാമുറിയെടുത്തു ചിരകി ശിവന്റെ കഞ്ഞിയില്‍ വിതറി. അവന്‍ പ്ലാവില കൊണ്ട് കഞ്ഞി കോരിക്കുടിക്കാന്‍ തുടങ്ങി.’ (ദൈവത്തിന്റെ വികൃതികള്‍– എം മുകുന്ദന്‍)

ചമ്മന്തി കഥകള്‍ക്ക് എന്നെങ്കിലും മലയാള സാഹിത്യത്തില്‍ കുറവ് വന്നിട്ടുണ്ടോ എന്ന് ആലോചിച്ചതേയുള്ളൂ, അപ്പോഴാണ് മുന്നില്‍ എം മുകുന്ദനും ദൈവത്തിന്റെ വികൃതികളും വന്നു പെടുന്നത്. ഇനിയിപ്പോ ദൈവത്തിന്റെ വികൃതികള്‍ എന്നൊക്കെ പറയാമോ എന്നുമറിയില്ല. ദൈവം എന്ന പേര് പറഞ്ഞാല്‍ പോലും തല്ലു കിട്ടുന്ന കാലത്തായിപ്പോയില്ലേ ജീവിതം. ദൈവമല്ല വിഷയം ചമ്മന്തിയാണ്. ദൈവവും ചമ്മന്തിയുമായി ഒരു കണക്ഷനില്ലേ എന്നാലോചിച്ചാല്‍ ഇല്ലെന്നു പറയാനും വയ്യ. കാരണം ദൈവത്തിന്റെ നിര്‍മ്മിതിയിലെ ഏറ്റവും സ്‌­പെഷ്യല്‍ ഭക്ഷണം ഏതാണെന്നു ചോദിച്ചാല്‍ കൂടുതല്‍ പേര് കൈ നീട്ടുക ചമ്മന്തി എന്ന പേരിന്റെ നേര്‍ക്കാവും. അതും 'അമ്മ തനിയെ അമ്മിക്കല്ലില്‍ അരച്ച ചുവന്ന നിറത്തിലെ ചമ്മന്തി'.

മലയാളം ചെറുകഥകളിലും നോവലുകളിലുമൊക്കെ നിരവധി ചമ്മന്തി കഥകളുണ്ട്. പലപ്പോഴും എം ടി കഥകളിലെ ഉള്ളിയും നെയ്യുമിട്ടു വറുത്തെടുത്ത തലേന്നത്തെ ബാക്കി വന്ന ചോറില്‍ ഇത്തിരി ചമ്മന്തി കൂടിയ കൂട്ടാനുണ്ടായിരുന്നെങ്കില്‍ എന്ത് രാജകീയമായിപ്പോയേനെ ഭക്ഷണം എന്ന് തോന്നുക പോലും ഉണ്ടായിട്ടുണ്ട്. ഒരുകാലത്തു പണക്കാരുടെ മാത്രം സൈഡ് ഡിഷായി ചമ്മന്തി അറിയപ്പെടുമ്പോള്‍ തേങ്ങയുടെയും മുളകിന്റെയും വിലയും കണ്ടു കണ്ണില്‍ നിന്ന് നക്ഷത്രങ്ങടര്‍ന്നു വീഴുന്ന സങ്കടത്തില്‍ കുടിലുകളില്‍ വാശി പിടിച്ചു കരയുന്ന കുട്ടിമുഖങ്ങള്‍ കണ്ടു ചില അമ്മമാര്‍ ചമ്മന്തി കണ്ടു പിടിച്ചവനെ ശപിച്ചിട്ടുണ്ടാകണം.

മയ്യഴിയിലെ ജീവിതത്തിന്റെ അനുഭൂതികളില്‍ പക്ഷെ ദൈവത്തിന്റെ വികൃതികളുടെ എഴുത്തുകാരന്‍ പലപ്പോഴും ഓര്‍ത്തെടുക്കുന്നത് വലുപ്പത്തില്‍ കൊത്തി നുറുക്കിയിട്ട കാച്ചിലും ചേമ്പും കപ്പയും ചേര്‍ത്ത് പുഴുങ്ങി എടുത്ത വിഭവവും ഒപ്പം തൊട്ടു കൂട്ടാന്‍ മുളകുടച്ചതും തേങ്ങാ ചമ്മന്തിയും വച്ച് നീട്ടുന്ന മണ്ണില്‍ പണിയുന്നവരുടെ സ്‌നേഹമായിരുന്നു. അവരുടെ സ്‌­നേഹത്തിന്റെ അതെ സ്വാദായിരുന്നു ആ ചമ്മന്തിയ്ക്കും. വിയര്‍പ്പിന്റെ ഉപ്പും സ്‌നേഹത്തിന്റെ തേങ്ങയും ചേര്‍ത്ത് പ്രത്യേക കൂട്ടില്‍ അരച്ചെടുക്കുന്ന നാടന്‍ മോഹം. എളുപ്പത്തില്‍ ദഹിക്കുമെന്നതിനാലാകാം ആ വിഭവത്തിനിത്ര പ്രചാരം കിട്ടിയത്. ഒരു തൂക്കുപാത്രത്തില്‍ കഞ്ഞിയും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചമ്മന്തിയും ഉണക്കമീനും , എന്നത് രുചിയുടെ പെരുമഴ നാവില്‍ പെയ്യിക്കുമ്പോള്‍ എങ്ങനെ ഇത്തരം സ്വാദുകളിലേയ്ക്ക് മടക്കയാത്ര നടത്താതിരിക്കാനും അതെ കുറിച്ച് എങ്ങനെ എഴുതാതെ ഇരിക്കാനും തോന്നും എന്ന് മുകുന്ദന്‍ എവിടെയോ എഴുതിയതായി വായിച്ചിരുന്നു. മലയാളത്തിലെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ എഴുത്തുകാരുടെയും അല്ലാത്തവരുടേയുമൊക്കെ ഗൃഹാതുരതകളില്‍ ഒന്നായി ചമ്മന്തി നില്‍ക്കുന്നുണ്ട്.

ഒരു കുഞ്ഞു പനി വരുമ്പോള്‍ പോലും നമ്മള്‍ മലയാളിയ്ക്ക് ചമ്മന്തി ഒഴിച്ച് നിര്‍ത്താനാവില്ല. പെട്ടെന്ന് ദഹിക്കുമെന്നുള്ളത് കൊണ്ട് ഡോക്ടര്‍മാര്‍ വരെയും അതിനെ കണ്ണടയ്ക്കുകയും ചെയ്യും. അല്ലെങ്കിലും പനി വന്നാല്‍ വാശിയും ദേഷ്യവും ചിണുങ്ങളും കൂടുന്ന മനുഷ്യന് പിന്നെ യാത്ര ചെയ്യലുകളാണ്. ആകെ രുചിയുള്ളത് അമ്മയുടെ കൈപ്പുണ്ണ്യത്തിനാണെന്നു തോന്നും. ഉപ്പും പുളിയും ഉള്ളിയുടെ ചെറു മധുരവും പച്ചമുളകിന്റെയും ചുവന്ന മുളകിന്റെയും എരിവും നാവിന്റെ എല്ലാ ദിശകളിലേയ്ക്കും ഓരോ രസങ്ങളും കിനിഞ്ഞിറങ്ങി ഓര്‍മ്മകളുടെ വേലിയേറ്റം. ഒടുവില്‍ പടിയിറങ്ങി കടല്‍ തീരത്തു വിശ്രമിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ ഓര്‍മ്മകള്‍ നുണഞ്ഞിറക്കി നാളെയും ഇത് തന്നെ മതീ എന്ന് അടുക്കളയിലേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു പറയും.

പൊതിച്ചോറിനൊപ്പമായിരിക്കും ചമ്മന്തി ഒരുപക്ഷെ ഏറ്റവുമധികം ഇടപെടലുതാക്കള്‍ നടത്തിയിട്ടുണ്ടാവുക. തീച്ചൂടില്‍ ഉരുകാനായി വെമ്പുന്ന ചോറിനൊപ്പം ഒരറ്റത്ത് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലിരിക്കുമ്പോള്‍ മറ്റു വശങ്ങളിലൊന്നും ഒന്നുമില്ലെങ്കിലും ഇനി അഥവാ ഉണ്ടെങ്കിലും തൂവെള്ള ചോറിന്റെ പ്രണയം ചുവന്ന ചമ്മന്തിയോട് മാത്രമായിരിക്കും. ഇല തുറക്കുമ്പോഴേ അതറിയാം. പരസ്പരം കെട്ടിപ്പിടിച്ചു തമ്മില്‍ വിട്ടു പോരാതെ അലിഞ്ഞൊന്നായി കിടക്കുമ്പോള്‍ ഗന്ധം പോലും ഒന്നായ പോലെ തോന്നും. ആ മണങ്ങളെക്കാള്‍ കൂടുതല്‍ മലയാളിയുടെ മനസ്സില്‍ ഗൃഹാതുരത സൃഷ്ടിക്കാന്‍ മറ്റൊരു ഗന്ധത്തിനുമിന്നേ വരെ ആയിട്ടുമില്ല.

കാന്റീനിലെ ഉച്ചയിടങ്ങളില്‍ ഏറ്റവുമധികം വേറിട്ട് ആസ്വദിയ്ക്കാം ചമ്മന്തിയുള്ള ഇലമുറികള്‍. കൊതി സഹിക്കാനാകാതെ ഇത്തിരി എടുക്കാന്‍ തോന്നിച്ച ചില ഓര്‍മ്മകള്‍ ആരുടേയും മനസ്സിലുണ്ടാവാതെയുമിരിക്കില്ല. എത്ര ന്യൂജനറേഷനായാലും ചമ്മന്തി ബാക്കി വയ്ക്കുന്ന സ്വാദിന്റെ മുന്‍പില്‍ മറ്റെന്തൊക്കെ ഉണ്ടായിട്ടെന്ത്? പുസ്തക വായനയ്ക്കിടയില്‍ വന്നു നിറഞ്ഞ ചമ്മന്തി സ്വാദിനെ ഓര്‍ത്തു മുകുന്ദനെയും ദൈവത്തിന്റെ വികൃതികളെയും മടക്കി വയ്ക്കുന്നു, അടുക്കളയില്‍ തുടര്‍ന്ന് ബഹളം കേള്‍ക്കാം... ചമ്മന്തി അരയ്ക്കുന്നതിന്റെയാണ്, അല്ലാതെന്ത്..!!!
Join WhatsApp News
വിദ്യാധരൻ 2016-08-01 06:44:59
ചമ്മന്തിയുണ്ട് പലതരം 
സംബന്ധം ശരിയാകണേൽ അത് വേണം 
മുന്തി നിൽക്കുന്നു മൂന്നെണ്ണം അതിൽ  
മാങ്ങയും തേങ്ങയും ചേർന്ന മാങ്ങാ ചമ്മന്തി 
തേങ്ങയും മുളകും ചേർന്ന മുളക് ചമ്മന്തി 
വാളംപുളിഞെരിടി വെളിച്ചെണ്ണ ചേർത്ത മുളക് ചമ്മന്തി 
ദോശയോ ഇഢലിയോ ചേർന്ന 
പ്രാതൽ കഴിക്കാൻ തേങ്ങാ ചമ്മന്തി 
വെറും കഞ്ഞിയാണേൽ മുളക് ചമ്മന്തി 
ഉച്ചയ്ക്കും  അന്തിക്കും മാങ്ങാ ചമ്മന്തി 
ചമ്മന്തിയില്ലേൽ സംബന്ധം ചമ്മന്തിയാകും തീർച്ച 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക