Image

വിശുദ്ധിയയുടെ ശബ്ദം(ഗദ്യകവിത: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 13 July, 2016
വിശുദ്ധിയയുടെ ശബ്ദം(ഗദ്യകവിത: ജോണ്‍ വേറ്റം)
ആത്യന്തിക സത്യത്തിന്‍ സാക്ഷിയാം സമാദൃതഭക്തിയുടെ
ആദിസര്‍ഗ്ഗമോ, സാദൃശ്യമോ അദൈ്വതമോ മനസാക്ഷി?

ആത്മക്ഷയത്തിന്നെതിരേ പോരാടും പ്രജ്ഞയോ പ്രതിഭാസമോ
ആയൂര്‍ബലമോ അദൃശ്യമാം ആര്‍ജ്ജവമോ മനസാക്ഷി?

ആത്മാവിന്‍ ഗുണങ്ങളും വെളിച്ച ഫലങ്ങളും സംഗമിച്ച ആദര്‍ശചിന്തയുടെ അര്‍ത്ഥാന്തരങ്ങളോ മനസാക്ഷി?

ആത്മാവിലുണരും അന്തര്‍ഗതങ്ങളെ ആത്മീകരിക്കും
ആന്തരികപ്രതിഭയോ, ജ്ഞാനബോധമോ നല്ല മനസാക്ഷി?

ആത്മീയതയുടെ ആശയലോകം തന്ന കാര്യബോധത്തിന്റെ
ആധാരശിലയോ, ഉറവയോ, ജീവമുക്തിയോ മനസാക്ഷി?

ഇരുളും തെളിച്ചവും പാര്‍ശ്വങ്ങളിലേന്തും ദ്വന്ദഭാവമോ
ഇണക്കും മാനവികതയുടെ മുഴുശുദ്ധിയോ മനസാക്ഷി?

കദനവും കലമ്പും കറകളും കലങ്ങിയൊഴുകിയെത്തും
കരളിലെ കയങ്ങളിലുയരും, വികാരമോ മനസാക്ഷി?

ജനിമൃതികളെ നല്‍കും സത്യ ദൈവത്തിന്‍ സമ സൃഷ്ടിയോ
ജ്ഞാനികള്‍ മതങ്ങളിലെഴുതിയ മിഥ്യയോ മനസാക്ഷി?

മസ്തിഷ്‌കത്തില്‍ മറയുന്ന മായയോ മനുഷ്യ ചേതനയോ
മഹിമയോ, മാര്‍ഗ്ഗദര്‍ശിയോ സ്വയംഭൂവോ മനസാക്ഷി?

സമാനതകളെ സാക്ഷാത്കരിക്കും സത്യത്തില്‍ സിദ്ധിയോ
സ്‌നേഹവിശ്വാസങ്ങളെ ധ്വനിപ്പിക്കും കര്‍മ്മമോ മനസാക്ഷി?

ദുഷ്ടത, ദുരാസക്‌സ്തി, ദുര്‍ന്നടത്തയും ധൂര്‍ത്തും
ദുഷിപ്പും കൊലപാതകവും ക്ലാവേല്‍പ്പിക്കുന്നു മനസാക്ഷിയെ!

പാപഭൂവില്‍ കത്തിക്കരിഞ്ഞാലും പശ്ചാത്താപഗന്ധമേറ്റു
പൊട്ടിക്കിളര്‍ക്കുന്നു ദൈവദത്തമാം മനസാക്ഷി!

മനസും മനുഷ്യത്വവും മനസാക്ഷിയും ചേരാതൊരു
മാനസാന്തര ചേതന മാനുഷഹൃദയത്തില്‍ ജനിക്കുമോ?

വിശുദ്ധിയയുടെ ശബ്ദം(ഗദ്യകവിത: ജോണ്‍ വേറ്റം)
Join WhatsApp News
വിദ്യാധരൻ 2016-07-14 06:29:40
എന്റെ മനസ്സാക്ഷിക്ക് 
വിവേചന ശക്തിയും ധർമ്മബോധവും 
നഷ്ടപ്പെട്ടിട്ടിട്ട് എത്രയോ കാലമായി!
അനീതിയുടെയും അക്രമത്തിന്റെയും 
ധാര്‍ഷ്ടിത്യ ത്തിന്റെയും, അവിനയത്തിന്റെയും 
ഔദ്ധത്യത്തിന്റെയും , കാര്‍ക്കശ്യത്യത്തിന്റെയും 
പാരുഷ്യത്യത്തിന്റെയും, അനാഗരികത്വത്തിന്റെയും 
നിര്‍മ്മര്യാദയുടെയും മുന്നിൽ
എന്റെ മനസ്സാക്ഷി വെറും മൂക സാക്ഷിയായി. .
ചിലപ്പോൾ അവൻ കൂറുമാറി 
പ്രതിഭാഗം ചേരുന്ന വെറുമൊരു സാക്ഷിയായി.
പ്രകൃതിയുടെ പ്രലോഭനങ്ങളായ  ആകര്ഷണത്തിന്റെയും 
വശ്യതയുടെയും, ലൈംഗികചോദനകളുടെയും
പ്രേരണകളാൽ അവൻ എന്നെ വിട്ടുപോകുകയും 
എന്റെ മനസാക്ഷിയെ വഞ്ചിക്കുകയും ചെയ്യുതു.
പലപ്പോഴും ഞങ്ങൾ തമ്മിൽ ദ്വന്ദ യുദ്ധത്തിലായിരുന്നു.
തെറ്റും ശരിയുമില്ലെന്നും എല്ലാം പ്രകൃതിയുടെ 
അടിസ്ഥാന ഭാവമായ കാമത്തിൽ അധിഷ്ടിതമാണെന്നും 
എന്റെ മനസ്സിൽ മന്ത്രിച്ചു.  
'എന്തിന് എന്നോട് ഇങ്ങനെ മത്സരിക്കുന്നു'  എന്ന് 
ചോദിച്ചപ്പോൾ എന്റെ മനസ്സാക്ഷി എന്നെ 
കളിയാക്കി ചിരിച്ചു. ' ഭോഷാ ' നിന്റെ 
ജീവിതകാലം മുഴുവൻ നീ എന്റെ മുന്നിൽ നിൽക്കുകയും 
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യണം 
നീ അതിനായി വിധിക്കപ്പെട്ടവനാണ്.  
അന്ന് തുടങ്ങി ഇന്ന് വരെയും ഞാൻ ഒരു മൂക സാക്ഷി മാത്രമാണ് 
Young & Restless 2016-07-14 10:56:41
വേ;റ്റം എന്നെ ഭ്രാന്ത് പീഡിപ്പിക്കുകയാണ് .  ഒരു എഴുപതു കഴിഞ്ഞാൽ എല്ലാർക്കും ശരിക്കൊക്കെ ജീവിക്കണം ഉടലോടെ സ്വർഗ്ഗത്തിൽ പോകണം എന്നൊക്കെ തോന്നും. നാൽപ്പത് വയസുള്ള എന്നെ പോലുള്ളവർ ഈ നരകത്തിന്റെ സുഖം ഒന്നറിഞ്ഞിരിക്കട്ടെ. ഇപ്പോൾ ഞങ്ങളുടെ മനസാക്ഷി കല്ലിന്റെയും കാമത്തിന്റെയും ഒക്കെ പ്രലോഭനനാളിലാണ്.  വിദ്യാധരന്റെ ഒരു കമന്റ് കണ്ടു വായിച്ചതാണ് അതിപ്പോൾ കോടാലിയായി എന്നാ തോന്നുന്നേ.  ഇപ്പോള മനസാക്ഷി കുത്തു തുടങ്ങീട്ട് .  ഒരു കരംപിയുമായി അപ്പോയ്ന്റ്മെന്റ് ഉണ്ടായിരുന്നത് കലങ്ങി എന്ന തോന്നുന്നേ 
C 2016-07-16 09:17:10
പാപഭൂവില്‍ കത്തിക്കരിഞ്ഞാലും പശ്ചാത്താപഗന്ധമേറ്റുപൊട്ടിക്കിളര്‍ക്കുന്നു ദൈവദത്തമാം മനസാക്ഷി!
Ee varikalil ellaa uththaravum und, manasakshi daivadatham, manasakshiyum paschaathaapavum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക