Image

ധാരണകള്‍ മാറുമ്പോള്‍ 'പ്ലൂട്ടോയും യൂറോപ്പും' - ജോണ്‍മാത്യു

ജോണ്‍മാത്യു Published on 12 July, 2016
ധാരണകള്‍ മാറുമ്പോള്‍ 'പ്ലൂട്ടോയും യൂറോപ്പും' - ജോണ്‍മാത്യു
ആരോ പറഞ്ഞുധരിപ്പിച്ചത് സത്യമെന്ന് കരുതാന്‍ വിധിക്കപ്പെട്ടവരാണ് നാമെല്ലാം. ചോദ്യം ചെയ്യാന്‍ താത്വികമായി അനുവാദമുണ്ടെങ്കിലും 'വിദ്യാര്‍ത്ഥി' മേല്‍ക്കൈ നേടാന്‍ പാടില്ല. ഒരിക്കല്‍ നമ്മെ പഠിപ്പിച്ചിരുന്നത് 'പ്ലൂട്ടോ' ഒരു ഗ്രഹമാണെന്നായിരുന്നു. ആ അദ്ധ്യാപകനെ അദ്ദേഹത്തിന്റെ പ്രഫസര്‍ പഠിപ്പിച്ചതും അങ്ങനെതന്നെ. ഏതോ പുസ്തകശാല പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ എഴുതിവെച്ചിരുന്നതാണ് പ്രഫസര്‍ പഠിച്ചത്. അങ്ങനെ അറിവുനേടിയവര്‍ ചില പ്രസ്താവന ചെയ്യുന്നു, അത് സത്യമെന്നുതന്നെ ലോകം കരുതുന്നു. മറ്റൊരു കൊമ്പന്‍ വരുന്നതുവരെ ചില കൊമ്പന്മാര്‍ അങ്ങനെതന്നെ. അതാണ് നമ്മുടെ 'ഇളയമ്മ'യായ പ്ലൂട്ടോയ്ക്കും പറ്റിയത്. പിന്നീട് ആരോ അങ്ങു നിശ്ചയിച്ചു പ്ലൂട്ടോ ഒരു ഗ്രഹമല്ലെന്ന്. നമ്മുടെ മക്കളും പേരക്കിടാങ്ങളും അതും പഠിക്കാന്‍ വിധിക്കപ്പെട്ടവര്‍!

ഇതാ ഇപ്പോള്‍ ചിലര്‍ കുമ്പസാരിക്കുന്നു 'മിയ കുള്‍പ', എന്റെ പിഴയെന്ന്. ഭാഷയിലെ ഏറ്റവും ശക്തമായ വാക്ക് 'സോറി', സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുന്നത്, മോക്ഷത്തിനര്‍ഹരാകുംവിധം.

ആകാശത്തുള്ള പൂട്ടോക്ക് സംഭവിച്ചതിന് പക്ഷം ചേര്‍ന്ന് വാദിക്കാനെങ്കിലും ആളുണ്ട്. ധാരണകള്‍ തിരുത്താന്‍ ഒറ്റയാന്മാരായവര്‍ക്കെവിടെ അവസരം? ഈ ധാരണകള്‍ മാറ്റിയെഴുതാന്‍ ശക്തയില്ലാത്തവരാണ് ജനം. 'പൂച്ചെക്കാരു മണികെട്ടും' എന്നു പറയുന്നതുപോലെ.

മുന്‍പൊരു കഥ കേട്ടിട്ടുണ്ട്. ഒരു ഉന്നതതലയോഗം. റഷ്യ, അമേരിക്ക പിന്നെ ചൈനയും പങ്കെടുക്കുന്നു. ചൈനാക്കാരന്‍ പുറത്തേക്കുപോയ തക്കം നോക്കി മറ്റു രണ്ടുപേരും പറഞ്ഞുവത്രേ നമ്മള്‍ വെളുത്തവരല്ലേ, ഒരുമിച്ചു നില്ക്കണം. നര്‍മ്മകഥയാണെങ്കിലും ഇതിന്റെ പൂര്‍വ്വരൂപമായിരുന്നു: 'യൂറോപ്പ്!'

എത്രയോ തവണ മനസ്സില്‍ ഓര്‍ത്തിട്ടുണ്ട് ഒരു ചോദ്യം: സാറേ,ഈ യൂറോപ്പെങ്ങനാ ഒരു ഭൂഖണ്ഡമായതെന്ന്?
ഒരിക്കലും ചോദിച്ചില്ല. ചോദിച്ചാല്‍ത്തന്നെ അതൊരു വിഡ്ഢിചോദ്യമായി ഭൂരിപക്ഷ ആരവത്തില്‍ അലിഞ്ഞില്ലാതാകും. അഥവാ തുടര്‍ന്നാലും ഒരു സംവാദത്തിനുള്ള പടക്കോപ്പുകളൊന്നും എന്റെ പക്കലില്ലതാനും.

ഒരിക്കല്‍ ഇസ്താംബൂളിലെ ബോസ്ഫ്രസ് കടലിടുക്കിന്‍തീരത്ത് നില്ക്കുമ്പോള്‍ ഗൈഡു പറഞ്ഞു: ഇവിടമാണ് ചരിത്രമുറങ്ങുന്ന ഭൂമി. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യൂറോപ്പില്‍നിന്ന് ഏഷ്യയിലേക്ക് കന്നതിവിടെയാണ്. ഭൂഖണ്ഡങ്ങുടെ അതിരുകള്‍ ഇവിടെയാണ്.

അപ്പോള്‍ ഞാനോര്‍ത്തു ഈ തോടിന്റെ തീരത്താണോ ഭൂഖണ്ഡങ്ങള്‍ കൂട്ടിയിടിക്കുന്നതെന്ന്. എന്തൊരു ശുംഭത്തരം! പറഞ്ഞതുതന്നെ വീണ്ടും പറയാന്‍ വിധിക്കപ്പെട്ട ഗൈഡുകളോട് കുരുക്കുചോദ്യങ്ങളൊന്നും ചോദിക്കരുത്. അവരുടെ സ്ഥിരം പ്രതികരണം: അങ്ങനെയാണ് കരുതപ്പെടുന്നതെന്ന്, അതാണ് വിശ്വാസമെന്ന്. വിശ്വാസത്തെ ചോദ്യം ചെയ്യരുതല്ലോ.

ആരാണിതു നിശ്ചയിച്ചത്, യൂറോപ്പ് ഒരു ഭൂഖണ്ഡമാണെന്ന്? മലയാളത്തില്‍ തുടങ്ങി അവിടെ അവസാനിപ്പിക്കാം. സായിപ്പ്, സാഹിബ്ബ്, അതായത് ഏമാന്‍ ഏമാന്‍, ഒരു കരുത്തന്‍.

ഇതൊരു തൊട്ടുകൂടായ്മയായിരുന്നു. ഞങ്ങളെല്ലാം വ്യത്യസ്തരായ മനുഷ്യര്‍. ജീവിതത്തിനു അടുക്കും ചിട്ടയുമുള്ളവര്‍. ഞങ്ങളുടെ ആയുധവിദ്യയുടെ അറിവ് നിങ്ങളുടേതിനേക്കാള്‍ എന്നും ഒരു പടി മേലെയാണ്.

ഇങ്ങനെ പറയുകയില്ലെങ്കിലും വാക്കുകള്‍ക്കും വരികള്‍ക്കുമിടയിലുള്ള ഉത്തരം ഇതാണ്. ഭൂമിശാസ്ത്രപരമായിട്ടല്ലെങ്കിലും സാമൂഹികമായും സാംസ്‌ക്കാരികമായും 'യൂറോപ്പ്' വേറിട്ടു നില്ക്കുന്നു.

ഇവിടൊരു മറുചോദ്യം:
എന്നാല്‍ ഈ വലിയ ഭൂഖണ്ഡത്തെ സാംസ്‌ക്കാരികമായി നാലായിട്ടങ്ങ് വിഭജിച്ചുകൂടെ, ഓരോ പേരു കൊടുത്ത്? അറബ്, വിശാല ഇന്ത്യ, വിശാല ചൈന, പിന്നെ യൂറോപ്പും. പക്ഷേ അംഗീകരിക്കാന്‍ അല്പം വിഷമം അല്ലേ, പഠിച്ചതുതന്നെ ശരിയെന്ന് വിശ്വസിക്കുന്നവര്‍ക്ക്.

യൂറോപ്യന്‍ യൂണിയന്‍ ഉണ്ടായപ്പോഴേക്കും സ്വയം അഭിഷക്തരായ വേദശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. പത്തു കൊമ്പുള്ള മൃഗം എഴുന്നേറ്റിരിക്കുന്നു! പിന്നീട് പത്ത് വളര്‍ന്നും പിളര്‍ന്നും ഇരുപത്തിയെട്ടുവരെയെത്തി. ഇപ്പോഴിതാ പ്രശ്‌നം 'പോണോ, വേണ്ടായോ'? അല്ലെങ്കില്‍ 'അകത്തോ പുറത്തോ'? തുടര്‍ന്ന് റോമന്‍ അക്ഷരമാല ക്രമത്തില്‍ 'എക്‌സിറ്റു'കള്‍ പലതുണ്ടാകാം. ചരിത്രപാരമ്പര്യം ഒരു വട്ടമെത്തി തുടങ്ങിയിടത്തുതന്നെ.
കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളായി യൂറോപ്പ് ലോകചരിത്രം നിയന്ത്രിച്ചു. അവര്‍ ഉന്നതജനതയെന്ന് സ്വയം വിധിയെഴുതി. ഒരു ഭൂഖണ്ഡം മുഴുവന്‍ സ്വന്തംപേരില്‍ പതിച്ചെടുത്തു.

കൈവശം വന്നുചേര്‍ന്ന കോളണികള്‍ വിട്ടുപോയപ്പോള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ നോക്കിക്കൊണ്ടേയിരിക്കുന്നു. ഒരു യൂണൈറ്റ്ഡ് യൂറോപ്പിന് സാമ്പത്തികമസ്സിലുപിടിച്ച് വീണ്ടും ആധിപത്യം നേടാമെന്ന ആഗ്രഹം. പക്ഷേ, ഇനിം ചിലപ്പോള്‍ അവരവര്‍ സ്വന്തം കാര്യം നോക്കുന്ന സ്ഥിതിയും വന്നേക്കാം. ഇംഗ്ലണ്ട് ഇന്ത്യയിലെ ഒരു സംസ്ഥാനപദവിക്ക് ന്യൂഡല്‍ഹിയില്‍ ഒരപേക്ഷ കൊടുത്തെന്ന് കേട്ടാലും ഞാന്‍ അത്ഭുതപ്പെടുകയില്ല.

നമുക്ക് തുടക്കത്തിലെ പ്ലൂട്ടോയിലേക്ക് മടങ്ങാം. കുറേക്കാലം പഠിപ്പിച്ചു പ്ലൂട്ടോ ഒരു ഗ്രഹമാണെന്ന്, യൂറോപ്പ് ഒരു ഭൂഖണ്ഡമാണെന്ന്. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുകയാണ് ഇന്ത്യയിലെയോ ചൈനയിലെയോ  ബുദ്ധിജീവികള്‍ ഈ 'ഭൂഖണ്ഡവാദം' തിരസ്‌ക്കരിക്കാത്തത് എന്തുകൊണ്ടാണെന്ന്?

--00--

ധാരണകള്‍ മാറുമ്പോള്‍ 'പ്ലൂട്ടോയും യൂറോപ്പും' - ജോണ്‍മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക