Image

ഫൊക്കാന ഒരു പരുവമായി; ഇനി നമുക്കു പോകാം മയാമിയിലേക്ക് (ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 06 July, 2016
ഫൊക്കാന ഒരു പരുവമായി; ഇനി നമുക്കു പോകാം മയാമിയിലേക്ക്  (ശ്രീകുമാര്‍ പുരുഷോത്തമന്‍)
പവനായി ശവമായി

അങ്ങനെ പവനായി ശവമായി. എന്തൊക്കെയായിരുന്നു..  മലപ്പുറം കത്തി, വടിവാള്‍, എ.കെ 47....  

നാലു ദിവസം നീണ്ടു നിന്ന ഫൊക്കാന മാമാങ്കം ടൊറന്റോയില്‍ അങ്ങനെ സമംഗളം മത്താപ്പ് കത്തിച്ചു. ലോകം മുഴുവന്‍ നാല് ദിവസം ടോറന്റോയിലേക്കു ചുരുങ്ങി ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ട്രാഫിക് ജാം കാരണം പലപ്പോഴും ടോറന്റോയിലെ രാജവീഥികള്‍ വിജൃംഭിച്ചു നിന്നു. ഇതു പ്രമാണിച്ചു അമേരിക്കയിലെ പ്രസിഡന്റ് ഇലെക്ഷന്‍ ക്യാമ്പയിന്‍
നാല് ദിവസത്തേക്ക് നിര്‍ത്തി വച്ചു. 

വന്നവര്‍ക്കെല്ലാം ഓരോ അവാര്‍ഡ് നല്‍കി ഏഷ്യാനെറ്റിനെ പോലും അമ്പരപ്പിച്ചു. മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് നാവില്‍ 'ഴ' മാത്രം വരുന്ന അവസ്ഥയില്‍ കാനഡയില്‍ പോലും ഐസിനു ക്ഷാമം. ഇനിയാണ് നാലാം ദിവസത്തെ ഗ്രാന്‍ഡ് ഫിനാലെ. 

പുതിയ ഉടവാളും അങ്കവസ്ത്രവും അണിയാനുള്ള സന്തോഷം കൊണ്ട് കുമ്പ കുലുക്കി ചിരിച്ചു മത്സരാര്‍ത്ഥികള്‍ എല്ലാം എത്തി. അപ്പോഴാണ് ഒരു അശരീരി പോലെ ചില മലയാള വാക്കുകള്‍ അന്തരീക്ഷത്തില്‍ മുഴുങ്ങി കേട്ടത് : സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം, ഭരണഘടന ലംഘനം. മഞ്ചുകാര്‍ നഞ്ചു തിന്ന അവസ്ഥയിലെത്തി. നാമം, നായരുടെയാണോ നമ്പൂതിരിയുടെയാണോ ക്രിസ്ത്യാനിയുടെയാണോ എന്ന ചര്‍ച്ച ഇപ്പോഴും നടക്കുന്നു. 

അങ്ങനെ ഫൊക്കാന തിരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ ശശിയായ വിവരം വല്യശശിമാര്‍ മാലോകരെ അറിയിച്ചു. പലരും അബോധാവസ്ഥയിലും  അര്‍ദ്ധബോധാവസ്ഥയിലും ആയി. അറേബ്യയായിലെ സുഗന്ധദ്രവ്യങ്ങള്‍ മുഴുവന്‍ പൂശിയിട്ടും നാറ്റം പോകുന്നില്ലെന്ന് പിന്നാമ്പുറ സംസാരം. സ്‌കോട്‌ലാന്‍ഡ് കമ്പനിയുടെ ഓഹരിവില വാനോളമുയര്‍ന്നു. വാങ്ങിയ സ്യൂട്ട് തിരിച്ചുകൊടുക്കാനുള്ളവരുടെ തള്ളിക്കയറ്റം കാരണം അമേരിക്കയിലെ പല കടകളിലും അഭൂതപൂര്‍വമായ തിരക്ക്.

ധനനഷ്ടം, മാനഹാനി ഇവ ജൂലൈ ആദ്യവാരം ഉണ്ടാകും എന്ന പ്രവചനം കേള്‍ക്കാതെ കാനഡക്ക് വച്ചുപിടിച്ചതിന്റെ പരിണിതഫലം. ഇപ്പോള്‍ പര്‍ദ്ദക്ക് വിലകൂടി . എവിടെനോക്കിയാലും ശശി മയം. പണ്ടൊരിക്കല്‍ മാണി സാര്‍ മന്ത്രിയാകാന്‍ ഡല്‍ഹിക്കു പോയപോലെ ആയിപ്പോയി. അതെന്തായാലും വലിയ ചെയ്തായിപ്പോയി കേട്ടോ. പുതിയ തിരഞ്ഞെടുപ്പ് ഉടന്‍ 'അടി' നടത്തുമെന്ന് പ്രഖ്യാപനം. അങ്കം മുറുകുമ്പോള്‍ ചാടി രക്ഷപെടാനുള്ള സൗകര്യാര്‍ത്ഥം അടുത്ത തെരഞ്ഞെടുപ്പ് ബഹാമസ് ദ്വീപില്‍ നടത്താന്‍ സാധ്യത തെളിയുന്നു.

ഇനി എല്ലാവരുടെയും ശ്രദ്ധ മയാമിയിലേക്കു ക്ഷണിക്കുകയാണ്. അവിടെയും ബൈലോ പ്രശ്‌നങ്ങള്‍, ചെളിവാരിയെറിയല്‍, സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം ഒക്കെ ഉണ്ടെന്നു പ്രസ്താവനകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. ഓരോരുത്തരും ജയിച്ചു വരേണ്ടത് അവരുടെ തന്നെ ആവശ്യമെന്നു അവര്‍ തന്നെ പറയുന്നു. എന്തരാകുമോ എന്തോ. ക്യൂബ അടുത്തായതുകൊണ്ട് അടി വന്നാലും അഭയം തേടാന്‍ ഒരിടമുണ്ടല്ലോ. നാല് ദിവസത്തേക്ക് മയാമിയിലെ കാലാവസ്ഥ ഭാഗീകമായി  മേഘാവൃതമായിരിക്കുമെന്നു  പ്രവചനം. അരിങ്ങോടരും ഒതേനനും ആരോമലും മയാമി ബീച്ചില്‍ പാളത്താറും ഉടുത്തു അങ്കം കുറിക്കുന്നത് കാണാന്‍ മലയാളിമക്കള്‍ കാതോര്‍ത്തിരുന്നു.

ഇനി മൂന്നാമതായി ഒരു 'ഫോന' കൂടി രൂപീകരിച്ചു മലയാളികളുടെ അന്തസ്സ് കാത്തു സൂക്ഷിക്കണം എന്നു താഴ്മയായി അപേക്ഷിക്കുന്നു

എന്‍ഡോഴ്‌സ് മി, പ്ലീസ്


പ്രീയരെ പ്രീയ മലയാളി മക്കളെ
എന്നെ ആരേലും എന്‍ഡോഴ്‌സ് ചെയ്യണേ
സംഘടനതന്‍ തലപ്പത്ത് കയറുവാന്‍
സ്ഥാനാര്‍ഥിയായി പത്രിക നല്കി ഞാന്‍

എന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുകില്‍
നിങ്ങള്‍ അത്ഭുത സ്തബ്ധരായ് നിന്നിടും
പത്തു പന്ത്രണ്ടു സംഘടനകളെ
കുത്തിക്കീറി മലര്‍ത്തിയതാണ് ഞാന്‍

നാട്ടകം സ്‌കൂളില്‍ ഒന്നില്‍ പഠിക്കുമ്പോള്‍
ചാക്കിലോട്ടത്തില്‍ ഒന്നാമനായി ഞാന്‍
അശ്വമേധം നാടകം ചെയ്തപ്പോള്‍
കുഷ്ടരോഗിയായി അരങ്ങു തകര്‍ത്തു ഞാന്‍

താരപുന്‍ഗവര്‍ നാട്ടില്‍ നിന്നെത്തുമ്പോള്‍
രാജവീഥി ഒരുക്കുന്നതീ പുമാന്‍
ബൊക്കെയേന്തി എയര്‍പോര്‍ടിലെത്തിടും
ചെല്ലക്കരനായ് പിന്നാലെ കൂടിടും

പോയ വര്‍ഷത്തെ ഓണക്കളികളില്‍
ചീട്ട് മത്സര ജഡ്ജായിരുന്നു ഞാന്‍
നേതൃപാടവം വേണ്ടോളമുണ്ടെടോ
എന്നെ ആരേലും എന്‍ഡോഴ്‌സ് ചെയ്യണേ

മാത്തുക്കുട്ടിതന്‍ ടെറസിന്റെ മണ്ടയില്‍
നാളെയുണ്ടൊരു ഡെലിഗേട്‌സ് മീറ്റിംഗ്
ആടണം നമ്മള്‍ ആടിത്തിമിര്‍ക്കണം
ഡെലിഗേട്‌സിനെ ചാക്കില്‍ കയറ്റണം

എന്നെ നിങ്ങള്‍ ജയിപ്പിച്ചു വിട്ടെന്നാല്‍
എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കീടും
ചന്ദ്രനില്‍ വച്ച് കണ്‍വെന്‍ഷനും പിന്നെ
ചൊവ്വയിലേക്കൊരു കപ്പല്‍ യാത്ര

നാട്ടിലും വേണം മറ്റൊരു കണ്‍വെന്‍ഷന്‍
നാടറിഞ്ഞില്ലേല്‍ നന്ദികേടാവില്ലേ
പുത്തരിക്കണ്ടം രോമാഞ്ചം കൊള്ളണം
പണക്കൊഴുപ്പിന്റെ ഉത്സവമാകണം

അഷ്ടി തേടി അലയും കിടാങ്ങള്‍ക്ക്
നല്കിടും പത്ത് കുടകള്‍ സൗജന്യമായ്
മറ്റുള്ളവര്‍ കണ്ട് പഠിക്കട്ടെ
നമ്മള്‍ ചെയ്യും മഹനീയ സേവനം

പ്രീയരെ പ്രീയ മലയാളീ മക്കളെ
എന്നെ ആരേലും എന്‍ഡോഴ്‌സ് ചെയ്യണേ
എന്നെ നിങ്ങള്‍ ജയിപ്പിച്ചു വിട്ടെന്നാല്‍
എല്ലാം ഞാന്‍ ശരിയാക്കി തന്നീടാം ... 
Join WhatsApp News
വിദ്യാധരൻ 2016-07-06 12:29:54
വരുന്നുണ്ടൊ 'രാമ' ദൂരെനിന്നും 
കരുതണ്ട സംഗതി തീർന്നുവെന്നു
ആനയെ കൊല്ലാൻ ആമ ചവുട്ടി നോക്കി 
ആമ തെന്നി തെറിച്ചുപോയി
അമക്ക്  ആയുസ്സു ഏറെയാണ് 
ആന ചവുട്ടിയാൽ ചാകുകില്ല  
ആരൊക്കെയാണാമ പുറത്തിരുപ്പൂ 
കോട്ടിട്ട സൂട്ടിട്ടാസച്ചായമാരോ ?
ഉണ്ടൊരുത്തന് ജുബ്ബായും മുണ്ടുമാണ് 
കൈകളിൽ കങ്കണം കണ്ഠത്തിൽ;സ്വര്‍ണ്ണ നെക്‌ലസ്‌
അഴകിയ രാവണ വർഗ്ഗമാണ് 
അകമ്പടിക്ക് കുടയും കുരിശുമുണ്ട്
അരികിൽ പൂത്താലമേന്തിയ പെൺകൊടിമാർ  
ചെണ്ടക്കാർ തൊട്ടു പിന്നിലുണ്ട് 
മണ്ടന്മാർകാവേശം പകർന്നിടുവാൻ 
എന്താണ് താങ്കൾ പറഞ്ഞതെന്നു 
വ്യകതമായി ഒന്നൂടെ പറഞ്ഞിടുമോ ? 
എൻഡോഴ്സ് എന്നാൽ എന്തു കുന്തമാണെ?
പിന്നീന്ന് കേറ്റുന്ന  പാരയാണോ ?
ചോദിച്ചതുകൊണ്ടൊന്നും തോന്നിടല്ലേ 
അപ്പനെ അറിയാതെ ഓർത്തുപോയി .
അപ്പനെന്നെ ഇഷ്ടമല്ലായിരിക്കുന്നു 
എന്നും ഞങ്ങളുടക്കിലായിരുന്നു 
അപ്പന്റെ അവസാനം വന്നടുത്തു 
അപ്പൻ എന്നെ അരികിൽ വിളിച്ചൊരുനാൾ 
അവസാന ആഗ്രഹം ചൊല്ലിടാനായി 
"മോനെ നീ എന്നെ  എൻഡോഴ്സ് ചെയ്യൂ .
അപ്പന്റെ അവസാന മോഹമല്ലേ "
"അപ്പാ ഞാനെന്താണ് ചെയ്യ്തിടേണ്ടേ 
പറയു നീ ഒട്ടും വൈകിടാതെ?"
മോനെ നീ എന്റെ ആസനത്തിൽ 
ഒരു പാര ഒന്നു എൻഡോഴ്സ് ചെയ്യൂ?
അപ്പന്റെ  അവസാന മോഹമല്ലേ 
അതു ഞാൻ ഉടൻ നടത്തി തരാം , 
(അപ്പനൊന്ന്‌ ചത്തു കിട്ടാൻ 
എത്രനാളായി ഞാൻ പ്രാർത്ഥിക്കുന്നു-ആത്മഗതം ) 
പാര ഒരെണ്ണം ഞാൻ  എൻഡോഴ്സ് ചെയ്‌തു മെല്ലെ 
അപ്പൻ ശാന്തനായി കണ്ണടച്ചു 
അപ്പന്റെ ശരീരം കുളിപ്പിക്കാനായ് 
നാട്ടുകാർ വൈകിട്ട് കൂട്ടുകൂടി 
കണ്ടവർ അപ്പന്റെ ആസനത്തിൽ 
വലിയൊരു പാര ഇരിപ്പതായി 
ബഹളമായി ഒച്ചയായി 
ഒടുവിൽ പോലീസ് കാരുമെത്തി 
ഇല്ലില്ല നിന്നെ ഞാൻ എൻഡോർസ് ചേയ്കയില്ല 
എത്ര കരഞ്ഞാലും ചെയ്കയില്ല 
നിന്നെ നാട്ടുകാർ എൻഡോർസ് ചെയ്യുത്‌കൊള്ളും 
അതു കാണാൻ ഞാൻ കാത്തിരിപ്പൂ .
Francis 2016-07-08 15:06:17
Great comment vidyadhan!
A fan of Sreekumar PurushothAman 2016-07-08 17:28:01
Well said! 😀😀
Reji Koduvath 2016-07-09 04:52:10
കാനഡയിലെ മലയാളികളുടെ അടുത്ത തലമുറ എങ്കിലും ഗുണം പിടിക്കണമെങ്കിൽ ഇവിടുത്തെ സമാജങ്ങളെയും സഭകളെയും തൂത്തുവാരി അറ്റ്ലാന്റിക്കിൽ ഒഴുക്കണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക