Image

ഇരട്ട പൗരത്വത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രിട്ടീഷുകാര്‍

Published on 05 July, 2016
ഇരട്ട പൗരത്വത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രിട്ടീഷുകാര്‍

 ലണ്ടന്‍: ബ്രെക്‌സിറ്റ് പൂര്‍ണമാകുന്നതോടെ യൂറോപ്പിനുള്ളില്‍നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിലയ്ക്കും. അതോടൊപ്പം, ബ്രിട്ടീഷുകാര്‍ക്ക് വീസയില്ലാതെ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് നിഷേധിക്കപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ പലരും പ്രതീക്ഷയര്‍പ്പിക്കുന്നത് ഇരട്ട പൗരത്വത്തിലും.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്കുള്ള പാലം വലിച്ചെടുക്കുന്നതു ശരിയല്ലെന്നാണ് ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷ് യുവാക്കള്‍ക്ക് ഇരട്ട പൗരത്വം നല്‍കാനുള്ള സാധ്യതകള്‍ പരിഗണിക്കണമെന്ന നിര്‍ദേശം അദ്ദേഹം തന്നെയാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

ഇറ്റലിയില്‍ പഠിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് ഇറ്റാലിയന്‍ പൗരത്വം നല്‍കുന്നതു പരിഗണനയിലാണെന്ന് പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുവരും യുവാക്കളെ മാത്രം ഇക്കാര്യത്തിനു പരിഗണിക്കാന്‍ കാരണം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നു വോട്ട് ചെയ്തവരില്‍ ബഹുഭൂരിപക്ഷം യുവാക്കളായിരുന്നു എന്നതു തന്നെ.

ജര്‍മനിയും സ്വീഡനും അടക്കമുള്ള രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന ബ്രിട്ടീഷ് യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയും കാണുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക