Image

അര്‍നോള്‍ഡിന് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ മോഹം; വിക്കിലീക്‌സ്: ബ്രാഡ്‌ലി മാനിങ്ങിനെതിരെ കോര്‍ട്ട് മാര്‍ഷല്‍; എഫ്ബിഐ - സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ചര്‍ച്ച ഹാക്കര്‍മാര്‍ ചോര്‍ത്തി

Published on 04 February, 2012
അര്‍നോള്‍ഡിന് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ മോഹം;  വിക്കിലീക്‌സ്: ബ്രാഡ്‌ലി മാനിങ്ങിനെതിരെ കോര്‍ട്ട് മാര്‍ഷല്‍;  എഫ്ബിഐ - സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ചര്‍ച്ച ഹാക്കര്‍മാര്‍ ചോര്‍ത്തി
ന്യൂഡല്‍ഹി: ഹോളിവുഡിലെ മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിന് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ മോഹം. ഗ്രീന്‍ഗ്ലോബ് ഫൗണേ്ടഷന്റെ പ്രകൃതി സംരക്ഷണത്തിനുള്ള ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് അഭിഷേക് ബച്ചനു സമ്മാനിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് അര്‍നോള്‍ഡ് മനസിലെ മോഹം പങ്കുവെച്ചത്. നല്ലൊരു തിരക്കഥയും സംവിധായകനേയും ലഭിച്ചാല്‍ താന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് അര്‍നോള്‍ഡ് പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടെന്നു പറഞ്ഞ അര്‍നോള്‍ഡ് ഇന്ത്യയില്‍ വര്‍ഷംതോറും 700 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ അത്ഭുതംകൂറി.

അമേരിക്കയില്‍ വര്‍ഷം 700 ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനേക്കുറിച്ചു ചിന്തിക്കാനേ കഴിയില്ലെന്നും അര്‍നോള്‍ഡ് വ്യക്തമാക്കി. എന്തായാലും താമസിയാതെ ഹോളിവുഡിലെ ബോഡി ബില്‍ഡറും മസില്‍മാനും രാഷ്ട്രീയക്കാരനുമെല്ലാമായ അര്‍നോഡിനെ ഇന്ത്യന്‍ സിനിമയില്‍ കാണാമെന്ന് പ്രതീക്ഷയിലാണ് അര്‍നോള്‍ഡിന്റെ ഇന്ത്യന്‍ ആരാധകര്‍.

വിക്കിലീക്‌സ്: ബ്രാഡ്‌ലി മാനിങ്ങിനെതിരെ കോര്‍ട്ട് മാര്‍ഷല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക രഹസ്യം "വിക്കിലീക്‌സ്' വെബ്‌സൈറ്റിന് ചോര്‍ത്തി നല്‍കിയെന്ന് ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യു.എസ്. സൈനികന്‍ ബ്രാഡ്‌ലി മാനിങ്ങിനെ കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സൈന്യം ഉത്തരവിട്ടതായാണ് സൂചന.

ശത്രുവിന് സഹായം നല്‍കി, രഹസ്യരേഖകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു, സര്‍ക്കാര്‍ രേഖകള്‍ അനധികൃമായി കൈമാറ്റം ചെയ്തു തുടങ്ങി മുപ്പതിലധികം കുറ്റങ്ങളാണ് മാനിങ്ങിനെതിരെയുള്ളത്. 24 കാരനായ മാനിങ്ങിനു ജീവപര്യന്തം തടവ് ലഭിക്കുമെന്നാണ് സൂചന. യു.എസ്. സൈനിക നിയമപ്രകാരം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് മാനിങ്ങിനെതിരെയുള്ളത്. എന്നാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ശിപാര്‍ശ ചെയ്യില്ലെന്ന് സൈനികവൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാനിങ്ങിനെ വിചാരണ ചെയ്യുന്നതിനായി യുഎസ് സൈന്യം പ്രത്യേക ജഡ്ജിയെ നിയമിക്കും. ഈ ജഡ്ജിയായിരിക്കും വിചാരണതിയതി തീരുമാനിക്കുക.

മാനിങ്ങ് ചോര്‍ത്തിയെന്നു പറയപ്പെടുന്ന സൈനിക, പ്രതിരോധ രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 380000 രേഖകളും അഫ്ഗാന്‍ യുദ്ധത്തിന്റെ 90000 രേഖകളും ചോര്‍ത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രേഖകള്‍ ചോര്‍ത്തിയത് യു.എസ്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ്.

എഫ്ബിഐ - സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ചര്‍ച്ച ഹാക്കര്‍മാര്‍ ചോര്‍ത്തി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെയും ബ്രിട്ടീഷ് കുറ്റാന്വേഷണ സംഘടനയായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെയും ഉദ്യോഗസ്ഥര്‍ നടത്തിയ രഹസ്യഫോണ്‍ സംഭാഷണം ഹാക്കര്‍മാര്‍ ചോര്‍ത്തി. ഹാക്കിംഗ് തടയുന്നതിനെക്കുറിച്ച് സ്‌കോട്‌ലന്‍ഡ് യാര്‍ഡും എഫ്ബിഐയും തമ്മില്‍ കഴിഞ്ഞ മാസം നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ശബ്ദസംപ്രേഷണമാണ് കുപ്രസിദ്ധ ഹാക്കിംഗ് ഗ്രൂപ്പായ അനോണിമസ് ചോര്‍ത്തി പുറത്തുവിട്ടത്.

അനോണിമസ് പോലുള്ള ഹാക്കിംഗ് ഗ്രൂപ്പുകളെ കണ്‌ടെത്തുന്നതിനെക്കുറിച്ചും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ ലഭ്യമായ തെളിവുകളൊന്തൊക്കെയെന്നതിനെക്കുറിച്ചും പ്രതികളെ എന്നു അറസ്റ്റു ചെയ്യണമെന്നതിനെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ഫോണ്‍ സംഭാഷണമാണ് അനോണിമസ് ചോര്‍ത്തി പുറത്തുവിട്ടത്.

ആരെല്ലാം തമ്മിലാണ് ഫോണ്‍ സംഭാഷണം നടത്തിയത് എന്നതിന്റെ വിശദമായ ലിസ്റ്റും അനോണിമസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം എഫ്ബിഐയും സ്ഥിരികരിച്ചിട്ടുണ്ട്. നിയമ വിദഗ്ധര്‍ക്ക് മാത്രം ലഭ്യമാവുന്ന ഇക്കാര്യം എങ്ങനെ പുറത്തായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എഫ്ബിഐ അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്‌കോട്‌ലന്‍ഡ് യാര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒബാമ-കാമറൂണ്‍ കൂടിക്കാഴ്ച അടുത്തമാസം

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അടുത്തമാസം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി യുഎസ് കാമറൂണിനെ ക്ഷണിച്ചു. സുരക്ഷ, സാമ്പത്തിക വിഷയങ്ങളിലാവും പ്രധാനമായും ഇരു നേതാക്കളും ചര്‍ച്ച നടത്തുക. മാര്‍ച്ച് 13 ന് ദ്വിദിന സന്ദര്‍ശനത്തിന് കാമറണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

ഒബാമയ്ക്ക് മുല്ല മുല്ല ഒമറിന്റെ കത്ത്

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം താലിബാന്‍ നേതാവ് മുല്ല ഒമര്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കു കത്തയച്ചതായി റിപ്പോര്‍ട്ട്. തടവിലാക്കിയ തീവ്രവാദികളെ വിട്ടു തരണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കത്ത് മുല്ല ഒമറിന്റേതു തന്നെയാണോ എന്നു യുഎസ് സ്ഥിരീകരിച്ചിട്ടില്ല. താലിബാന്റെ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണെ്ടങ്കിലും മുല്ല ഒമറിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഇത്തരമൊരു കത്ത് ലഭിക്കുന്നതെന്ന് ഒബാമ ഭരണകൂടം അറിയിച്ചു. കത്തില്‍ ഒപ്പില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കത്തിനെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 1960 ല്‍ അഫ്ഗാനിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച മുല്ല ഒമറിന് ഒരു കണ്ണിനു മാത്രമേ കാഴ്ചയുള്ളൂ. സോവിയേറ്റ് അധിനിവേശകാലത്താണു ഇയാള്‍ താലിബാനില്‍ അംഗമാകുന്നത്. അതിനു മുന്‍പു മുജാഹിദ്ദീന്‍ സംഘടനയില്‍ അംഗമായിരുന്നു.
യുഎസ് അധിനിവേശത്തോടെയാണ് ഇയാള്‍ക്ക് അഫ്ഗാനില്‍ നിന്ന് ഒളിച്ചോടേണ്ടി വന്നത്. ഇപ്പോള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ഇയാളെന്നു യുഎസ് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക