Image

മാഞ്ചസ്റ്റര്‍ തിരുനാളില്‍ അള്‍ത്താരയ്ക്കു മുന്നില്‍ പാടി ബിജു നാരായണന്‍

Published on 04 July, 2016
മാഞ്ചസ്റ്റര്‍ തിരുനാളില്‍ അള്‍ത്താരയ്ക്കു മുന്നില്‍ പാടി ബിജു നാരായണന്‍

 മാഞ്ചസ്റ്റര്‍: അള്‍ത്താരയ്ക്കു മുന്നില്‍ പാടുകയെന്ന പിന്നണിഗായകന്‍ ബിജു നാരായണന്റെ ആഗ്രഹം സാധിച്ചത് ജൂലൈ രണ്ടിലെ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍. തിരുനാളിന്റെ ഭാഗമായി നടന്ന ദിവ്യബലിയെത്തുടര്‍ന്നു നടന്ന സ്വീകരണ പരിപാടിയിലാണു ബിജു നാരായണന്‍ ഭക്തിഗാനം ആലപിച്ചത്.

രാവിലെ 10.30നു നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ തിരുനാള്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ ഹാനന്‍, യുകെ സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ എന്നിവരും ഒട്ടേറെ വൈദികരും സഹകാര്‍മിരായിരുന്നു. മാര്‍ക്ക് ഡേവിസ് തിരുനാള്‍ സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന സ്വീകരണ പരിപാടിയില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരായിരുന്ന സാബു ചുണ്ടക്കാട്ടില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ബിജു ആന്റണി മാര്‍ക്ക് ഡേവിസിനും പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. തുടര്‍ന്നു ട്രസ്റ്റിമാരായ സിബി പാളിയില്‍ മോണ്‍ മൈക്കിള്‍ ഗാഹനും റോയി ജോര്‍ജ് റവ. ഡോ. തോമസ് പാറയിടിക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ബിജു നാരായണനു നൊവേനയും ഉപഹാരവും സമ്മാനിച്ചതിനുശേഷമാണ് അദ്ദേഹം ഗാനം ആലപിച്ചത്.

തുടര്‍ന്നു നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറു കണക്കിനു മുത്തുക്കുടകളുടെയും പൊന്‍ വെളളിക്കുരിശുകളും ഫ്‌ളാഗുകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണം ആത്മ നിരവൃതിയായി. പ്രദക്ഷിണം തിരികെ പളളിയില്‍ പ്രവേശിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ മേളം ചെണ്ടയില്‍ മാസ്മരിക പ്രകടനം കാഴ്ചവച്ചു. തുടര്‍ന്നു സമാപന ആശീര്‍വാദവും തിരുശേഷിപ്പു മുത്തലും പാച്ചോര്‍ നേര്‍ച്ചയും സ്‌നേഹ വിരുന്നും നടന്നു. കുട്ടികള്‍ക്കായി മാജിക് ഷോയും വിവിധ ഗയിംമുകളും ഐസ്‌ക്രീം സ്റ്റാളുകളും പ്രവര്‍ത്തിച്ചപ്പോള്‍ മാതൃവേദിയുടെ സോഫ്റ്റ് ഡ്രിങ്ക്‌സ് സ്റ്റാളും നാടന്‍ വിഭവങ്ങളുടെ സ്റ്റാളും പ്രവര്‍ത്തിച്ചു.

തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്നിനു വിഥിന്‍ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്‍ നേതൃത്വം നല്‍കിയ ഗാനമേളയും മിമിക്‌സും അരങ്ങേറി.

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിലെ റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ജോബിന്‍ ജോര്‍ജിനാണ്. രണ്ടാം സമ്മാനം ജോജോ ജെ. ചിറയ്ക്കലിനും മൂന്നാം സമ്മാനം ബിനു ചാക്കോയ്ക്കുമാണ്. വിജയികള്‍ക്ക് മൂന്നര പവന്‍ സ്വര്‍ണവും പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ വൈദികരും കുട്ടികളുമാണ് നറുക്കെടുപ്പു നടത്തിയത്. 

തിരുനാള്‍ ആഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നവര്‍ക്കും പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരയും റാഫിള്‍ ടിക്കറ്റ് വിതരണത്തിന്റെ വിജയത്തിന് കണ്‍വീനര്‍ സജി ആന്റണിയും നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക