ലണ്ടന്‍: യുകെയിലെ പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ആഘോഷങ്ങള്‍ ജൂലൈ ഒന്ന്, രണ്ട് (വെള്ളി, ശനി) തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും.
വെള്ളി വൈകുന്നേരം ആറു മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററിലാണു ബിജു നാരായണന് നയിക്കുന്ന ഗാനമേള അരങ്ങേറുക. ഇന്നലെ രാത്രി വൈകിയും ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം ഗായകര്‍ അവസാനഘട്ട പരിശീലന പരിപാടികളും പൂര്‍ത്തിയാക്കി ലൈവ് ഷോയ്ക്കായി ഒരുങ്ങി കഴിഞ്ഞു. വൈകുന്നേരം നാലിനു സെന്റ് ആന്റണീസ് ദേവാലയത്തില്‍ യുകെ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് പാറയടിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഗാനമേളക്ക് തുടക്കം കുറിക്കുക. ലണ്ടന്‍ നിസരി ലൈവ് ഓര്‍ക്കസ്ട്രയുമായി ബിജു നാരായണന് ചേരുന്നതോടെ വിഥിന്‍ഷോ ഫോറം സെന്ററില്‍ തടിച്ചു കൂടുന്നവര്‍ക്കു മികച്ച വിരുന്നാകും ലഭിക്കുക. ഏഷ്യാനെറ്റ് ടാലന്റ് വിജയി രാജേഷ് രാമനും ആലാപനവുമായി ഒപ്പം ചേരും.
പൂഞ്ഞാര്‍ നവധാരയില്‍ 18 വര്‍ഷക്കാലം സേവനം ചെയ്തിട്ടുള്ള വിനോദ് നവധാര തബലയും മൃദംഗവും കൈകാര്യം ചെയ്യുമ്പോള്‍ സന്തോഷ് നമ്പ്യാര്‍ കീ ബോര്‍ഡ് കൈകാര്യം ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഒട്ടേറെ കാലം കീ ബോര്‍ഡിസ്റ്റായി ജോലി ചെയ്തിട്ടുള്ള സന്തോഷ് ഒട്ടേറെ പരിപാടികളില്‍ തന്റെ മികവ് തെളിയിച്ച വ്യക്തിയാണ്. റിഥം കമ്പോസറായി വരുണ്‍ മയ്യനാടും ഗിത്താറുമായി ഷിനോ തോമസും ഒപ്പം ചേരുമ്പോള്‍ സോജന് എരുമേലിയും അസ്ലാമും സൗണ്ട് എന്‍ജിനിയേഴ്സ് ആയി എത്തുന്ന ലണ്ടന്‍ ഒയാസിസ് ഡിജിറ്റല്‍സ് ആണ് ശബ്ദവും വെളിച്ചവും നിര്‍വഹിക്കുക. സംഗീത രാവിലേക്കുള്ള പ്രവേശനം സൗജന്യമാണ്. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും പരിപാടിക്കിടയില്‍ നടക്കും.
പ്രധാന തിരുനാള്‍ ദിനമായ ശനി രാവിലെ 10നു പ്രദക്ഷിണമായി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ് മാര്‍ക്ക് ഡേവിസ് എന്നിവരെയും യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികരെയും പ്രസുദേന്തിമാരെയും സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ തിരുനാള്‍ കുര്‍ബാനയ്ക്കു തുടക്കമാകും. മാര്‍ക്ക് ഡേവിസ് ദിവ്യബലി മധ്യേ സന്ദേശം നല്‍കും. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും ഊട്ടു നേര്‍ച്ചയും സ്നേഹവിരുന്നും നടക്കും. ഇടവകയിലെ യുവജനങ്ങളും മാതൃവേദി പ്രവര്‍ത്തകരും വിവിധ സ്റ്റാളുകള്‍ പള്ളിപ്പരിസരത്തു ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരേയും റവ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: ST. ANTONY’S CHURCH, DUNKERY ROAD MANCHESTER M220WR.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍