Image

നാണംകെടുത്തിയ ചാണ്ടിക്കസേര (ജോസ് കാടാപ്പുറം)

Published on 15 June, 2016
നാണംകെടുത്തിയ ചാണ്ടിക്കസേര (ജോസ് കാടാപ്പുറം)
എത്ര തന്നെ നാണം കെടുത്തിയാലും ഞാന്‍ ഈ കസേരയില്‍നിന്ന് ഇറങ്ങുന്ന പ്രശ്‌നമില്ല എന്ന വാചകം മലയാളി മറക്കില്ല. സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന ഘട്ടത്തില്‍ തന്‍റെ ഏറ്റവും വിശ്വസ്തരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തില്‍,  ആരോപണത്തിന്‍റെ കുന്തമുന തന്‍റെ നേരെ നീണ്ടുവന്നപ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍ നേതൃത്വമാറ്റത്തിനായി മുറുമുറുത്തു കൊണ്ടിരുന്ന ഘട്ടത്തില്‍, ഇക്കഴിഞ്ഞ ദിവസം മുമ്പുവരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞ വാക്കുകളാണ് ഇത് .

പറഞ്ഞതുപോലെ അങ്ങേയറ്റത്തെ നാണക്കേടുകള്‍ സഹിച്ചും അദ്ദേഹം അഞ്ചുവര്‍ഷം  
മുഖ്യമന്ത്രിക്കസേര കൈവിടാതെ സൂക്ഷിച്ചു. പക്ഷെ അതിനിടയില്‍ സംഭവിച്ചതെന്താണ്? അധികാരത്തിലേറിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനിടയില്‍ തിരിച്ചുവിളിക്കാനോ, കഴുത്തിന്­ പിടിച്ചു പുറത്താക്കാനോ അധികാരമില്ലാത്ത വോട്ടര്‍മാര്‍ അവസരം കിട്ടിയപ്പോള്‍ കഴുത്തില്‍ പിടിച്ചു പുറത്തേക്ക്കളഞ്ഞു. അതാണ്­ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക്­ കിട്ടിയ 91 സീറ്റിന്‍റെ തിളങ്ങുന്ന വിജയത്തിന്‍റെ യാഥാര്‍ഥ്യം.

ഭരണത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വം ഇപ്പോഴുള്ള ഭരണകക്ഷിയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം നേരിട്ട  കെടുതികള്‍.  ചാണ്ടിയുടെ ഭരണം സമൂഹത്തിന്‍റെ നാനാ മേഖലകളിലും ക്രൂരമായ മുറിവേല്‍പ്പിച്ചാണ് അഞ്ചുവര്‍ഷത്തിനു ശേഷം പടിയിറങ്ങിയത്. ഉമ്മന്‍ ചാണ്ടി ബാക്കിവെച്ചത്, ഭരണം നിലനിര്‍ത്താന്‍ മന്ത്രിസഭയിലും പുറത്തും അദ്ദേഹം നടത്തിയ വിട്ടുവീഴ്ചകളും കൌശലങ്ങളുമാണ് വര്‍ഗ്ഗീയതയും അഴിമതിയും തഴച്ചുവളരുവാന്‍ പാകത്തിലേക്ക് പൊടുന്നനെ കേരളത്തെ മാറ്റിയെടുത്തത്. 

കരുതലും വികസനവും കാരുണ്യവും മുദ്രാവാക്യമാക്കി ആരംഭിച്ച ഭരണം അതിവേഗമാണ് വര്‍ഗ്ഗീയതയുടെയും സ്വാര്‍ഥതയുടെയും അഴിമതിയുടെയും ദുര്‍ഗന്ധത്താല്‍ മലീമസമായത്. മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും വാരിക്കൊടുത്ത ആനുകൂല്യങ്ങളും പദവികളുമാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ (BJP) തഴച്ചുവളരാന്‍ പറ്റിയ ഭൂമിയാക്കി കേരളത്തെ മാറ്റിയത്. സമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടിയവരുടെയെല്ലാം നാവടപ്പിക്കാന്‍ ചാണ്ടി  ജനസമ്പര്‍ക്കം എന്ന ബ്രഹ്മാസ്ത്രം നിരന്തരം പ്രയോഗിച്ചു കൊണ്ടിരുന്നു. സത്യസന്ധനായ ഒരു ഉദ്ദ്യോഗസ്തനു പോലും നീതി നിര്‍വഹണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. 

ഒന്നുകില്‍ പ്രലോഭനങ്ങളിലൂടെ അഴിമതിക്ക് കുട പിടിക്കുന്നവരാക്കി ശ്രീ. ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാനും ബാബുവും ഒക്കെ കൂടെ മാറ്റിയെടുത്തു, വഴങ്ങാത്ത ഉദ്ദ്യോഗസ്ഥരെ പുറത്താക്കി. നീതിപീഠത്തെ പരിഹസിക്കുക മാത്രമല്ല, ചില ഘട്ടങ്ങളില്‍ ചട്ടുകവുമാക്കി. വാസ്തവത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഒരു പാര്‍ട്ടിയോ ഒരു പറ്റം നേതാക്കളോ ആയിരുന്നില്ല ഭരണം നടത്തിയത്. ഒരേ ഒരു വ്യക്തിയായിരുന്നു, മറ്റാരുമല്ല, ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്‍റെ അധികാരഭ്രാന്തും വഴിവിട്ട പ്രവര്‍ത്തികളും ദുശാഠ്യങ്ങളുമാണ് എല്ലാത്തരത്തിലും കേരളത്തിന്‍റെ മാനം നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കോ അദ്ദേഹത്തിന്‍റെ സ്തുതിപാകര്‍ക്കോ സമ്മതിദായകരുടെ മനസ്സു വായിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പലതും സംശയിക്കുന്നുണ്ട് എന്ന് ചിലരോടൊക്കെ ചിലരൊക്കെ (സുധീരനുള്‍പ്പെടെ) അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെളിവെവിടെ തെളിവെവിടെ എന്ന് ചോദിച്ച് അവരെ വിരല്‍ ചൂണ്ടി ഒതുക്കി നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. ഒരിക്കലും ക്ഷുഭിതനാകാതെ, പക പുറത്തുകാട്ടാതെ എതിരാളികളെയെല്ലാം നിരായുധരാക്കി സകലതും അദ്ദേഹം കയ്യിലൊതുക്കി. 

ഒരു തിരിച്ചുവരവ്­ അസാധ്യമാക്കുന്ന തരത്തില്‍ കോണ്‍ഗ്രസ്­ പാര്‍ട്ടിയെ എല്ലാക്കാലത്തെയും ഏറ്റവും വലിയ തകര്‍ച്ച, 22 സീറ്റിലൊതുക്കി അനിവാര്യമായ തോല്‍വി ഉറപ്പാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതൃത്വ പദവിയോടുപോലും മുഖംതിരിക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെട്ടു. മാത്രമല്ല തന്‍റെ ഉറ്റ അനുയായികളും ഏതാരോപണം ഉയര്‍ന്നാലും പുച്ഛിച്ചു തള്ളി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിയവരില്‍ പലരേയും ചരിത്രത്തിന്‍റെ ചികിത്സക്ക് മലയാളികള്‍ വിധേയരാക്കി. കെ ബാബു, ശക്തന്‍ നാടാര്‍, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍, ഡോമിനിക് പ്രസന്റേഷന്‍ മാത്രമല്ല, ചാനല്‍ ചര്‍ച്ചകളിൽ കോണ്‍ഗ്രസ്­ വക്താക്കളായിയെത്തി അഴിമതികളെ ന്യായീകരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി. വിഷ്ണുനാഥ്­, ടി. സിദ്ദിക്ക്, ജോസഫ്­ വാഴക്കന്‍, കെ. ശിവദാസന്‍ നായര്‍ എന്നിവര്‍ തോറ്റ് തുന്നംപാടി.

ഇതൊക്കെ കൊണ്ടാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉത്തരവാദിത്വം വളരെ ഭാരിച്ഛതാണെന്നു ഈ ലേഘകന്‍ പറഞ്ഞത്. വര്‍ഗ്ഗീയതക്കും അഴിമതിക്കുമെതിരെ പിണറായി വിജയന്‍റെ ഉറച്ച നിലപാടുകളെയാണ് ജനം സ്വീകരിച്ചത്. കേരളത്തിന്റെ ഭൂരിപക്ഷമനസ്സ് മതനിരപേക്ഷവും അഴിമതിവിരുദ്ധവുമാണെന്നും കട്ടുതിന്നാനും പൊതുമുതല്‍ കൊള്ളയടിക്കാനും ആരെയുമനുവദിക്കില്ലെന്നുമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ജനം തീരുമാനിച്ചത്. 

മാത്രമല്ല, പാതിരിമാരില്‍ നിന്നും സമുദായ പ്രമാണിമാരില്‍ നിന്നും വോട്ട് ചെയ്ത് ജനം കേരളത്തെ മുക്തമാക്കി യിരിക്കുകയാണ് . അക്കൂട്ടരുടെ ഒരു വിലപേശലും ഇനി ഇവിടെ ചെലവാകില്ല. മാത്രമല്ല, ഇക്കൂട്ടര്‍ക്ക് സ്വാധീനമുള്ള കോട്ടയം, ഏറണാകുളം ജില്ലകളെ ഈ ജനകീയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പങ്കാളിത്തത്തില്‍ നിന്നു തന്നെ മാറ്റിയത് അവര്‍ക്ക് ചെകിടത്തു കിട്ടിയ അടി തന്നെയാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ആപല്‍കരമാണെന്നു ചിന്തിക്കുന്ന മതനിരപേക്ഷ മനസ്സുകളുടെ പ്രതീക്ഷ കെടാതെ സൂക്ഷിക്കാന്‍ പിണറായി വിജയന് കഴിയുമെന്ന് നൂറു ശതമാനം നമുക്ക് പ്രതീക്ഷിക്കാം.
നാണംകെടുത്തിയ ചാണ്ടിക്കസേര (ജോസ് കാടാപ്പുറം)
Join WhatsApp News
jep 2016-06-15 18:08:43
ജോസേട്ടാചാണ്ടിക്കുഞ്ഞ് ഇപ്പോളും അമേരിക്കൻ  കുഞ്ഞച്ചന്മ്മാരുടെയ് "പൊന്നേ  കരളാണ് ".ഇവർ  പലടത്തും യോഗം ചേർന്ന് കണ്ണീരിൽ കുതിര്ന്ന അനുശോദനം  അയച്ചന്ന  കേൾവി .ഇനി   വിനയത്തിന്റെയ് ഉൾപൊരുൾ തുറക്കുമ്പോൾ എന്തൊക്കെ ആണോ കാണാനും കേക്കാനും  പോകുന്നത്

മാണി 2016-06-15 19:37:34
ചാണ്ടി കള്ളനാണെങ്കിൽ പിണറായി പെരും കള്ളനാണ് .  മോഷണം വ്യഭിചാരം കുലപാതകം ഇവകൊണ്ട് ഇവന്റെ ഒക്കെ കൈകൾ പങ്കിലമാണ്.  ഇവന് വേണ്ടി വാദിക്കുന്നവർ മൂഡന്മാരാണ് 

മലയാളി അമേരിക്കൻ 2016-06-16 07:58:02
അമേരിക്കയിലെ തിരഞ്ഞെടുപ്പിനെകുറിച്ച്‌ എഴുതികൂടെ? അതോ മനം അങ്ങും മിഴി ഇങ്ങുമായി ജീവിക്കയാണോ ?
ഹില്ലരി ക്ലിന്റൺ 
ട്രംപ് -ഇവരുടെ ആരുടെയെങ്കിലും കൂടെ നിന്നോ നിലക്കാതെയോ എഴുത്. കുറെ മലയാളികൾക്ക് വിവരം വയ്ക്കട്ടെ .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക