Image

കണ്‍വന്‍ഷന്‍ തിരക്കില്‍ ടോമി കോക്കാട്ട്; ഇലക്ഷനിലും ഒരുകൈ

Published on 14 June, 2016
കണ്‍വന്‍ഷന്‍ തിരക്കില്‍ ടോമി കോക്കാട്ട്; ഇലക്ഷനിലും ഒരുകൈ
ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിലും ടോമി കോക്കാട്ടിന്റെ ശ്രദ്ധ മുഴുവന്‍ ടൊറന്റോ കണ്‍വന്‍ഷനിലാണ്. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ യാതൊരു സ്ഥാനത്തിനും തനിക്ക് അര്‍ഹതയില്ല- ടോമി തന്റെ നയം വ്യക്തമാക്കുന്നു. എല്ലാ സംഘടനാ നേതാക്കള്‍ക്കും പിന്തുടരാവുന്ന നയം തന്നെ. 

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ വലിയ സംഭവമാകുമെന്നതില്‍ ടോമിക്ക് സന്ദേഹമില്ല. മികച്ച പരിപാടികളാണ് എല്ലാ ദിനങ്ങളിലും. ഹോട്ടലില്‍ തന്നെ മലയാളി ഭക്ഷണം ഒരുക്കാന്‍ കഴിയുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ഒരേ വേദിയില്‍ ലഭ്യമാക്കുക ക്ഷിപ്രസാദ്ധ്യമല്ല. താരങ്ങളുടേയും കലാ-സാംസ്‌കാരിക നായകന്മാരുടേയും നീണ്ടനിര. ആകപ്പാടെ കണ്‍വന്‍ഷന്‍ മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കും. 

കാനഡയില്‍ നിന്നും യു.എസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഒപ്പത്തിനൊപ്പമെന്ന പോലെയാണ് മുന്നേറുന്നത്. ഡിസ്‌കൗണ്ട് നിരക്കില്‍ കണ്‍വന്‍ഷന് ഹോട്ടലില്‍ മുറി ലഭിക്കാന്‍ ജൂണ്‍ 15-നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. അതു കഴിഞ്ഞാല്‍ റൂം നിരക്ക് കൂടും. 

കണ്‍വന്‍ഷനു വാക്ക് ഇന്‍ രജിസ്‌ട്രേഷന്‍ എന്നതിനു പകരം ഓരോ പരിപാടികള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കും. ടൊറന്റോയിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് അതു പ്രയോജനപ്പെടുത്താം. 

കണ്‍വന്‍ഷന്റെ മുഖ്യധാരാ പരിപാടി 'ഫിംക' എന്ന ഫിലിം പ്രോഗ്രാമാണ്. താരങ്ങളുടെ വന്‍നിരയാണ് എത്തുന്നത്. റീജണ്‍ തലത്തില്‍ വിജയിച്ചു വരുന്ന ഗായകരുടെ ഫൈനല്‍ മത്സരമായ ഫൊക്കാന സ്റ്റാര്‍ സിംഗര്‍ മറ്റൊരു ആകര്‍ഷണം. 

മിസ് ഫൊക്കാന വലിയൊരു ഷോയാക്കി മാറ്റുകയാണ് ഇത്തവണ. നാട്ടിലെ ഫിലിം അവാര്‍ഡ് നൈറ്റിനെ വെല്ലുന്ന പ്രോഗ്രാം. ബാങ്ക്വറ്റ് നൈറ്റിലാണ് അവതരിപ്പിക്കുക. ഈ പ്രോഗ്രാമുകള്‍ക്കെല്ലാം താരങ്ങളും ഗായകരും സജീവമായുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. 

പ്രസിഡന്റോ, സെക്രട്ടറിയോ പോലെ ഒരു പ്രധാന സ്ഥാനം കാനഡയ്ക്ക് ലഭിക്കേണ്ടതാണെന്നാണ് ടോമിയുടെ പക്ഷം. കാനഡയില്‍ എട്ട് അസോസിയേഷനില്‍ ഏഴും ഫൊക്കാനയുടെ കൂടെയാണ്. 200-ല്‍ പരമുള്ള ഡെലിഗേറ്റുകളില്‍ 45 പേര്‍ കാനഡയില്‍ നിന്നാണ്. കാനഡയില്‍ നിന്നു പൂര്‍ണ്ണ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. 

കാനഡയില്‍ 1994-ല്‍ നടന്ന കണ്‍വന്‍ഷനില്‍ കമ്മിറ്റി മെമ്പറായാണ് ടോമിയുടെ തുടക്കം. 96-ല്‍ നാഷണല്‍ കമ്മിറ്റി അംഗമായി. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിയും, ജോയിന്റ് ട്രഷററുമായി. ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായും പ്രവര്‍ത്തിച്ചു. ടൊറന്റോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനമടക്കം വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ആദ്യ സീറോ മലബാര്‍ ചര്‍ച്ചിന്റെ ആദ്യ കൈക്കാരനായിരുന്നു. നാലു മില്യന്റെ പള്ളി വാങ്ങുന്നതില്‍ പങ്കുവഹിച്ചു. പള്ളി നേതൃത്വത്തിലുള്ളവര്‍ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതൃത്വത്തില്‍ വരരുതെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ സ്ഥാനം വിട്ടു. 

മിസിസാഗായില്‍ റിയല്‍ എസ്റ്റേറ്റ്- ഹോട്ടല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ടോമി കാളകെട്ടി സ്വദേശിയാണ്. 27 വര്‍ഷമായി കാനഡയിലെത്തിയിട്ട്. നാട്ടില്‍ കെ.എസ്.സി കോട്ടയം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. മോന്‍സ് ജോസഫും നോബിള്‍ മാത്യുവുമൊക്കെ അക്കാലത്ത് സഹപ്രവര്‍ത്തകരായിരുന്നു. 

ഫൊക്കാന ഇപ്പോള്‍ ചിലരില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന സ്ഥിതിയുണ്ടെന്നു ടോമി പറയുന്നു. ഇതു മാറണം. സാധാരണ ജനം സംഘടനയില്‍ എത്തണം. എല്ലാവര്‍ക്കും പ്രാതിനിധ്യം വേണം. പഴയ കുറെപ്പേര്‍, പണമുള്ളവര്‍ ഇവര്‍ക്കൊക്കെ ആളുകളിക്കാനുള്ള വേദിയാകരുത് ഫൊക്കാന. 

എല്ലാ സംഘടനകളേയും സ്വാഗതം ചെയ്യുന്ന ജനകീയ സംഘടനയാകണം ഫൊക്കാന. നേതൃസ്ഥാനത്ത് സ്ഥിരം മുഖങ്ങള്‍ നല്ലതല്ല. അവരെ ഒഴിവാക്കണമെന്നല്ല. പക്ഷെ അവര്‍ ഒരു ബ്രേക്ക് എടുത്ത് പുതിയവര്‍ക്കും അവസരം നല്‍കണം. 

യുവജനതയ്ക്കും അവസരം കിട്ടണം. പ്രവര്‍ത്തനം സുതാര്യമാവുകയും വേണം. ഇപ്പോള്‍ ഒന്നിനും ഒരു സിസ്റ്റവുമില്ല. റിക്കാര്‍ഡുകളുമില്ല. അതിനാല്‍ തുടര്‍ച്ച കിട്ടുന്നില്ല. പ്രാദേശിക അസോസിയേഷനുകളുമായി ബന്ധവും കുറവ്. 

നേതൃരംഗത്തുള്ളവര്‍ ഒന്നിച്ചു പോകണം. തമ്മില്‍ തല്ലിയാല്‍ ഒന്നും നേരേയാകില്ല. കാര്യങ്ങള്‍ തുറന്നു പറയാന്‍ താന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്നു ടോമി പറഞ്ഞു. 

കണ്‍വന്‍ഷനില്‍ ശ്രദ്ധിക്കുന്നതുകൊണ്ട് ഇലക്ഷന്‍ പ്രചാരണത്തിനു സമയമില്ലെന്നു ടോമി പറഞ്ഞു. ജയ പരാജയങ്ങള്‍ ഒരിക്കലും പ്രശ്‌നമല്ല. ചെയ്യുന്ന കാര്യത്തോട് ആത്മാര്‍ത്ഥത കാട്ടണമെന്നതാണ് പ്രധാനം. 

കണ്‍വന്‍ഷന്‍ നഷ്ടത്തിലാകാന്‍ സാധ്യത കാണുന്നില്ല. കാനഡയില്‍ നിന്നു നല്ല പിന്തുണയുണ്ട്. ഒരു പെനിക്കു പോലും കണക്കുണ്ട്. തുടക്കത്തില്‍ ഭീതിയുണ്ടായിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ ശക്തമായതോടെ അതു നീങ്ങി. 

സംഘടന പിളര്‍ന്നപ്പോള്‍ ഫൊക്കാന എന്ന പേര് ആര്‍ക്ക് ലഭിക്കുന്നോ അവരുടെ കൂടെ നില്‍ക്കാമെന്നാണ് കാനഡയില്‍ സംഘടനകള്‍ തീരുമാനിച്ചത്. ഭിന്നത വന്നപ്പോള്‍ പഴയ സൗഹൃദം പലതും നഷ്ടപ്പെട്ടു. പക്ഷെ ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ എല്ലാവരും സഹകരിച്ചു. 

കാനഡയിലും യു.എസിലും മലയാളികളുടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ ഒരുപോലെയാണ്. അതിനാല്‍ സംഘടന ഒന്നായി നില്‍ക്കുന്നതാണ് നല്ലത്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ യു.എസിലുള്ളതുപോലെ കാനഡയില്‍ ഇല്ലെന്നാണ് അനുഭവത്തില്‍ നിന്നു ബോധ്യമാകുന്നത്. 

ഫോമാ കണ്‍വന്‍ഷന്‍ കാനഡയില്‍ വന്നാല്‍ സംഘടനാ ഭേദമെന്യേ എല്ലാവരും സഹകരിക്കും. 14 സംഘടനകള്‍കൂടി ഫൊക്കാനയില്‍ അംഗമാകാന്‍ കാത്തിരിക്കുന്നു. 

ജോണ്‍ പി. ജോണിനൊപ്പം പ്രവര്‍ത്തിക്കുന്നത് അനായാസകരമാണ്. ഇതു തനിക്കും മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കും കൂടുതല്‍ ഊര്‍ജസ്വലത നല്‍കുന്നു. 

പെര്‍മനന്റ് റെസിഡന്റ്‌സി  കിട്ടാന്‍ കുറച്ചുകൂടി എളുപ്പമായ കാനഡയില്‍ കൂടുതല്‍ മലയാളികള്‍ വരുന്നുണ്ട്. പഠനത്തിനായും ഒട്ടേറെ പേര്‍ വരുന്നു. നാട്ടില്‍ ഒരു ഇല മാറ്റിയിടുകപോലും ചെയ്യാത്ത യുവാക്കള്‍ ഇവിടെ വന്ന് കടുത്ത ജോലികള്‍ ചെയ്യുന്നതു കാണുമ്പോള്‍ അതിശയം തോന്നും. അവരുടെ ഭാവി ശുഭോദര്‍ക്കമായിരിക്കുമെന്നുറപ്പ്.

മത്സര രംഗത്തേക്ക് വരാന്‍ താന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണയ്‌ക്കെത്തിയത് തമ്പി ചാക്കോ നയിക്കുന്ന ടീമാണ്. സംഘടനയിലെ പഴയകാല പ്രവര്‍ത്തകനായ തമ്പി ചാക്കോയ്ക്ക് ഒരവസരം നല്‍കേണ്ടതു സാമാന്യ നീതിയാണെന്നു തോന്നി. നല്ല പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്.
കണ്‍വന്‍ഷന്‍ തിരക്കില്‍ ടോമി കോക്കാട്ട്; ഇലക്ഷനിലും ഒരുകൈ
Join WhatsApp News
Westchester 2016-06-14 15:27:12
ഫൊക്കാന ഇലക്ഷന്‍  -  ചില നിര്‍ദ്ദേശങ്ങള്‍:

ഫൊക്കാന ഇലക്ഷന്‍ സുതാര്യമായി നടന്നു കാണണമെന്നു ആഗ്രഹിക്കുന്ന അനേകം മലയാളികളില്‍ ഒരാളാണു ഞാന്‍. പക്ഷപാതമില്ലാതെ, ബിനാമി രാഷ്ട്രീയം കളിക്കാതെ, പണവും അധികാരവും ഉപയോഗിച്ചു  വോട്ട് പിടിക്കാതെ, ഫൊക്കാനയില്‍ അംഗത്വമില്ലാത്ത സംഘടനകളെ പുറം വാതിലില്‍ കൂടെ വോട്ട് ചെയ്യീപ്പിക്കതെയുള്ളൊരു തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 

 പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായ മാധവന്‍ നായര്‍ ജനകീയനായ ഒരു നേതാവല്ല,  

എല്ലാ വിശ്വാസങ്ങളും, കലാസംസ്കാരംങ്ങളും ഒരു കൊട്ടകയില്‍ ലയിക്കുന്ന അമേരിക്കയില്‍ മാധവന്‍ നായര്‍ ജാതി അടിസ്ഥാനതില്‍ നമം (നായര്‍ മഹാമണ്ഡലം) എന്ന സംഘടന രൂപീകരിച്ചു മലയാളികളെ വിഘടിപ്പിക്കുവാന്‍ ശ്രമിച്ചു. ഫൊക്കാന പ്രസിഡന്റ്‌ ആകുവാനുള്ള ആഗ്രഹം മൂലം മഞ്ചിന്റെ ട്രസ്റ്റി ബോര്‍ഡില്‍ അംഗത്വമെടുത്തു അവിടെ നിന്നു നോമിനേഷൻ നല്‍കുകയും പകരം അവിടെയുള്ള ഒരാള്‍ക്ക് ട്രെഷറര്‍ സ്ഥാനം വാഗ്ദാനം ചെയ്യുകയുo ചെയ്തു. 

സാംസ്‌കാരിക സംഘടനയില്‍ ഇല്ലാത്തവര്‍ വോട്ട് ചെയ്യുന്നതു ഫൊക്കാന ബൈ-ലോക്കെതിരാണ്.

ഇതിനു മുന്‍പ് നടന്ന കണ്‍വെന്‍ഷന്‍ കോലാഹലങ്ങള്‍ നാമെല്ലാവരും കണ്ടതാണ്. ആ കളരിയില്‍ ഫൊക്കാനയില്‍ പ്രവൃത്തി പരിചയം ഇല്ലാത്ത ഒരാള്‍ പ്രസിഡന്റ്‌ ആയാലുള്ള പുകില്‍ പറഞ്ഞറിയിക്കേണ്ട കാര്യമില്ല!. 2006-ലെ ഇലക്ഷനു ശേഷം വീണ്ടുo അനാവശ്യ വിവാദങ്ങള്‍ വലിച്ചിഴക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

 > നിലവിലെ പ്രസിഡന്റ്‌ ജോണ്‍ പി ജോണും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ടോമി കൊക്കാട്ടും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും സുതാര്യമായൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  മറ്റൊരു നിർദ്ദേശo - രെജിസ്ട്രേഷന്‍ ഫീസ്‌ കുറയ്ക്കുക, അധികം പണം ചിലവഴിച്ചു നാട്ടില്‍ നിന്നു താരങ്ങളെ കൊണ്ടു വരാതെ, പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക