Image

ഗവര്‍ണറോട് അനാദരവ്: സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വി.എസ്‌

Published on 03 February, 2012
ഗവര്‍ണറോട് അനാദരവ്: സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വി.എസ്‌
തൃശ്ശൂര്‍ : അന്തരിച്ച ഗവര്‍ണറോട് അനാദരവ് കാണിച്ച സര്‍ക്കാര്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിര്യാണത്തില്‍ ദുഃഖാചരണം കഴിയും മുമ്പ് സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഏറ്റവും നീചമായ പ്രവര്‍ത്തിയായിപ്പോയെന്നും വി.എസ് പറഞ്ഞു.

ഗവര്‍ണറുടെ നിര്യാണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചത്. എന്നാല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികള്‍ നടന്നതാണ് വിവാദമായത്. എന്നാല്‍ ദുഃഖാചരണം ബുധനാഴ്ച അവസാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

ജനവരി 26ന് രാത്രി 9.20നാണ് ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖ് ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ അന്തരിച്ചത്. എന്നാല്‍ ജനവരി 26 തീയതിവെച്ച് പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ജനവരി 27 മുതല്‍ ഫിബ്രവരി രണ്ടുവരെ സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കുമെന്ന് പ്രത്യേകം വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ സര്‍ക്കാര്‍ പരിപാടികളോ വിനോദ പരിപാടികളോ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ദുഃഖസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് പ്രകാരം വ്യാഴാഴ്ച വരെയായിരുന്നു ദുഃഖാചരണം.

എന്നാല്‍ വ്യാഴാഴ്ച മൂന്നിന് നിശാഗന്ധിയില്‍ നടന്ന സ്വയം സംരംഭക മിഷന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, വി.എസ്.ശിവകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.

എന്നാല്‍ ദുഃഖാചരണം ഫിബ്രവരി ഒന്നിന് അവസാനിച്ച സാഹചര്യത്തിലാണ് രണ്ടാംതീയതി പരിപാടികള്‍ നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ജനവരി 26നാണ് ഗവര്‍ണര്‍ അന്തരിച്ചത്. ഏഴു ദിവസമായിരുന്നു ദുഃഖാചരണം. ഇതനുസരിച്ച് ഒന്നാംതീയതി ദുഃഖാചരണം കഴിഞ്ഞു. ഇതുസംബന്ധിച്ച് രണ്ടു പത്രക്കുറിപ്പുകളും സര്‍ക്കാര്‍ ഇറക്കിയിരുന്നു. ദുഃഖാചരണം മൂലം മുഖ്യമന്ത്രിയുടെ എല്ലാ ഔദ്യോഗിക പൊതുപരിപാടികളും ഒന്നാംതീയതിവരെ മാറ്റിയെന്ന് 27നും മന്ത്രിമാരുടെ എല്ലാ ഔദ്യോഗിക പരിപാടികളും ഒന്നാം തീയതിവരെ മാറ്റിയെന്ന് 28 നും പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ 26ന് ഇറക്കിയ വിജ്ഞാപനത്തില്‍ ദുഃഖാചരണം 27 മുതല്‍ രണ്ടാം തീയതിവരെ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടു പത്രക്കുറിപ്പുകള്‍ ഇറക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക