Image

അമേരിക്കയില്‍ കണ്ടത് മോദിയുടെ ഇരട്ടമുഖം: രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ് )

Published on 12 June, 2016
അമേരിക്കയില്‍ കണ്ടത് മോദിയുടെ ഇരട്ടമുഖം:  രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ് )
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് ആഗോളമാധ്യമങ്ങളും സംഘപരിവാര്‍ വൈതാളികരും ആഘോഷമായി വായ്ത്താരി മുഴക്കുമ്പോള്‍ ചില വസ്തുതകളെ, അവ എത്രതന്നെ രസിക്കാത്തതായാലും പരാമര്‍ശിക്കാതെ വയ്യ എന്നുതോന്നുന്നു. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തികളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു മാത്രമല്ല, വിദേശത്തും സ്വദേശത്തും വ്യത്യസ്ത മുഖങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയാണദ്ദേഹമെന്നു ബോധ്യമാവുകയും ചെയ്തു. 

മതവും ഭീകരവാദവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഇവിടെ സ്വാധിപ്രാചിയെപ്പോലുള്ള സംഘപരിവാറിന്റെ തീവ്രമുഖങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിങ്ങളെ മുഴുവന്‍ അതിര്‍ത്തികടത്തണമെന്നു വാദിക്കുകയും അതിനായി ഏതറ്റവും വരെ പോവുകയും ചെയ്യുമെന്നു പ്രഖ്യാപിക്കുന്നു. സംഘപരിവാര്‍ സംഘടനകളുടെ തീവ്രനേതൃത്വങ്ങളില്‍ നിന്നു വരുന്ന ഇത്തരത്തിലുള്ള അപകടകരമായ പ്രസ്താവനകളെ ഒരിക്കല്‍ പോലും അപലപിക്കാതിരിക്കുകയും, പലപ്പോഴും അവര്‍ക്കു പ്രോല്‍സാഹനം നല്‍കുന്ന രീതിയില്‍ അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന മോദി വിദേശത്തെത്തുമ്പോള്‍ മാത്രം സഹിഷ്ണുതയെയും മതേതരത്വത്തെയും കുറിച്ചു വാചാലനാകുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശത്തിനു മുന്നോടിയായി റിപ്പബഌക്കന്‍ അംഗം ട്രെന്‍ഡ് ഫ്രാങ്ക്‌സിന്റെയും ഡമോക്രാറ്റിക് അംഗം മാക് കൗളത്തിന്റെയും നേതൃത്വത്തില്‍ യു.എസ് കോണ്‍ഗ്രസിലെ 18 അംഗങ്ങള്‍ സ്പീക്കര്‍ പോള്‍ റിയാന് കത്തുനല്‍കിയിരുന്നു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളും മതപരമായ അസഹിഷ്ണുതയും മോദിയുടെ സന്ദര്‍ശനവേളയില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. അതോടൊപ്പം തന്നെ വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാഷിങ്ടണില്‍ പ്രകടനവും നടത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ആഗോളതലത്തില്‍ തന്നെ പലവട്ടം ചര്‍ച്ചയായതാണ്. എന്നാല്‍ മോദിയുടെ പബ്ലിക് റിലേഷന്‍തന്ത്രങ്ങളുടെ കുരുക്കില്‍ വീണ ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ഇതു കണ്ടില്ലെന്നു നടിച്ചു.

വിദേശത്തു വ്യത്യസ്തമായൊരു ഇമേജ് സൃഷ്ടിക്കാനും അതേസമയം സ്വദേശത്ത് സംഘപരിവാറിന്റെ വിശ്വസ്തന്‍ എന്ന തന്റെ മുഖം കാത്തുസൂക്ഷിക്കാനുമാണു മോദി ശ്രമിക്കുന്നത്. നെഹ്‌റുവിനും ഇന്ദിരയ്ക്കും രാജീവിനും ശേഷം ഇന്ത്യയില്‍ നിന്നൊരു ലോകനേതാവ് പ്രതീതി സൃഷ്ടിക്കാന്‍ മോദി കിണഞ്ഞുശ്രമിക്കുകയാണ്. എന്നാല്‍ സംഘപരിവാറാകട്ടെ തങ്ങളുടെ അതിതീവ്രവാദ നിലപാടുകളില്‍ നിന്നും ന്യൂനപക്ഷവിരോധത്തില്‍ നിന്നും അല്‍പ്പംപോലും പിന്‍മാറാന്‍ ഒരുക്കമല്ലെന്നു മാത്രമല്ല, നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ സംരക്ഷണം ഇക്കാര്യത്തില്‍ തങ്ങള്‍ക്കു വേണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ സംഘപരിവാറിന്റെ അജന്‍ഡ സംരക്ഷിക്കാതെ മോഡിക്കു നിലനില്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ആഗോള സമൂഹത്തിനുമുന്നില്‍ വ്യത്യസ്തമായൊരു ഇമേജ് നിലനിര്‍ത്താന്‍ തീവ്രവാദത്തെയും ഭീകരതയെയും തള്ളിപ്പറയുകയും വേണം. ഇതിനുരണ്ടിനുമിടയിലുള്ള ഞാണിന്‍മേല്‍ കളിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കണ്ടത്.

തെക്കുകിഴക്കന്‍ ഏഷ്യയെ അമേരിക്കന്‍ സാമ്രാജ്യത്വം പണ്ടേ നോട്ടമിട്ടതാണ്. പശ്ചിമേഷ്യയെ അവര്‍ ഏറെക്കുറെ നിലംപരിശാക്കി. ഇസ്രാഈല്‍ അറബ് യുദ്ധങ്ങള്‍, ഇറാന്‍ ഇറാഖ് യുദ്ധം, ഫലസ്തീന്‍ പ്രശ്‌നം, ബെയ്‌റൂത്തിലെ കലാപങ്ങള്‍, രണ്ടു ഗള്‍ഫ്‌യുദ്ധങ്ങള്‍, അതിന്റെ ഫലമായുണ്ടായ ഇസ്‌ലാമിക്‌സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവയിലൂടെയാണു പശ്ചിമേഷ്യയുടെ സമാധാനത്തെയും സന്തോഷത്തെയും ഏതാണ്ടു പൂര്‍ണമായും നശിപ്പിച്ചുകൊണ്ട് അമേരിക്ക അവിടെ ആധിപത്യം സ്ഥാപിച്ചത്. ഇനി അവരുടെ ലക്ഷ്യം തെക്കന്‍ ഏഷ്യയാണ്. വിയ്റ്റ്‌നാമിലും കമ്പോഡിയയിലും ഇന്തോനോഷ്യയിലും ഇടപെട്ടുകൊണ്ടും അതിനു മുന്‍പ് രണ്ടാംലോക മഹായുദ്ധകാലത്ത് ആദ്യത്തെ ആണവ ആക്രമണത്തിലൂടെ ജപ്പാനെ വരുതിയില്‍ കൊണ്ടുവന്നും പൂര്‍വേഷ്യയെയും അമേരിക്ക കാല്‍ക്കീഴിലമര്‍ത്തി. ഇനിയുള്ളതു തെക്കന്‍ എഷ്യയാണ്. ചൈനയും ഇന്ത്യയും പ്രമുഖ ശക്തികളായി വാഴുന്ന, പാകിസ്താനെയും നേപ്പാളിനെയും അഫ്ഗാനിസ്ഥാനെയും ശ്രീലങ്കെയയും ബര്‍മയെയും പോലുള്ള അവികസിത രാജ്യങ്ങള്‍ നിലനില്‍പ്പിനായി പോരാടുന്ന, തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം ചൈനയെ തങ്ങളുടെ സംരക്ഷകനായി കാണുന്നവരാണ്.

എല്‍.ടി.ടി.ഇയെ ഇല്ലാതാക്കാന്‍ ഇന്ത്യ സഹായിച്ചില്ലങ്കില്‍ തങ്ങള്‍ ചൈനയെ കൊണ്ടുവരും എന്നു മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സെ ഭീഷണിയുയര്‍ത്തിയിരുന്നത് ഓര്‍ക്കുക. ഈ രാഷട്രീയ കാലവസ്ഥ മുതലെടുക്കാന്‍ അമേരിക്ക നന്നായി ശ്രമിക്കുന്നുണ്ട്. അതിനായി ഇന്ത്യയെ തങ്ങളുടെ പാര്‍ശ്വവര്‍ത്തിയാക്കുക എന്നതാണ് അവര്‍ പ്രയോഗിക്കുന്ന തന്ത്രം. ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ നമുക്ക് ഭീഷണിയാണെന്ന കാര്യം സത്യമാണ്. എന്നാല്‍ അതിനു പ്രാദേശികസഹകരണത്തിലൂടെ(സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ) നേരിടുക എന്ന തന്ത്രത്തിനു പകരം അമേരിക്കയ്ക്കു മുന്നില്‍ പൂര്‍ണമായും കീഴടങ്ങിക്കൊണ്ട് ചൈനയെ വെല്ലുവിളിക്കുക എന്ന തന്ത്രമാണു മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അവലംബിക്കുന്നത്. 

പണ്ട് ഇന്ത്യക്കെതിരേ അമേരിക്ക എങ്ങനെയാണു പാകിസ്താനെ തങ്ങളുടെ സഖ്യകക്ഷിയാക്കുകയും പിന്നെ ആ രാജ്യത്തെ നശിപ്പിക്കുകയും ചെയ്തത്, അതുപോലെ തന്നെ ഇന്ത്യയുടെ ചൈനീസ് ഭീതി മുതലെടുത്തുകൊണ്ടു നമ്മളെ അമേരിക്കയുടെ സഖ്യകക്ഷിയാക്കി തെക്കന്‍ ഏഷ്യയില്‍ അമേരിക്കയുടെ ഉറ്റ വ്യാപാരപ്രതിരോധപങ്കാളിയായി ഇന്ത്യയെമാറ്റുക എന്ന തന്ത്രമാണ് അമേരിക്ക സ്വീകരിക്കുന്നത്. തീര്‍ച്ചയായും ചൈനയും അമേരിക്കയെ പോലെ വളരയധികം സാമ്രാജ്യത്ത മോഹങ്ങളുള്ള രാജ്യം തന്നെയാണ്. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയെ ഭീതിയോടെ അവര്‍ നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വല്യേട്ടന്റെ തോളില്‍ കൈയിട്ട് ചൈനയെ നേരിടാമെന്ന നിലപാട് നമ്മുടെ രാജ്യത്തിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

മോദിയുടെ ഇരട്ടമുഖത്തെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞുതുടങ്ങിയത്. സംഘ്പരിവാര്‍ ശക്തികളെ ആവോളം പ്രസാദിപ്പിച്ച്, അവരുടെ പ്രഖ്യാപിതമായ ന്യൂനപക്ഷ വിരോധത്തിന് ആഴവും ആക്കവും നല്‍കി, ആ വിഭാഗങ്ങളുടെ സമ്പൂര്‍ണ പാര്‍ശ്വവല്‍ക്കരണത്തിലൂടെ അവരില്‍ അരക്ഷിതത്വ ബോധം ഉളവാക്കി ഭൂരിപക്ഷവര്‍ഗീയതയുടെ ഏകീകരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ അധികാരം അരക്കെട്ടുറപ്പിക്കുക. അതേസമയം ലോകവേദികളില്‍ സമാധാനത്തെയും സഹിഷ്ണതയുടെയും പ്രവാചകനാവുക. ഇതാണു മോദി അനുവര്‍ത്തിക്കുന്ന തന്ത്രം. 

എന്നാല്‍ ഒരു വ്യക്തിക്ക് അയാള്‍ ആരായാലും ഇരട്ടമുഖമുണ്ടാവുക സാധ്യമല്ല. ഒന്നു യഥാര്‍ഥമുഖവും, മറ്റൊന്നു മുഖംമൂടിയുമായിരിക്കും, അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നമ്മള്‍ കണ്ടതു മോദിയുടെ മുഖംമൂടിയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് വേളയിലുള്‍പ്പെടെ കണ്ടതു യഥാര്‍ഥ മുഖവും. മുഖംമൂടികള്‍ കാലം പിച്ചിച്ചീന്തി എറിയുക തന്നെചെയ്യും. ലോകചരിത്രത്തില്‍ ഇന്നേവരെ സംഭവിച്ചിട്ടുള്ളത് അതാണ്. മോദിക്ക് വേണ്ടി ചരിത്രം വഴിമാറുകയൊന്നുമില്ല. 
Join WhatsApp News
bijuny 2016-06-12 05:35:26
A selective negative picking one sided political writing to mislead.
The fact is India has started to stand on its own two feets and started to enter any contract any country it want.
Just last month Modi visited Ira n and entered in to contract to develop the Chabbar port. Why?
This is a PM who works 24 hours for the country. World needs India more now.

From News:

Cisco's John Chambers: The Next President Should Be More Like India's Modi

http://finance.yahoo.com/news/ciscos-john-chambers-next-president-220608283.html
"Citing 'Make in India' and 'Start Up India' campaigns for boosting manufacturing and employment, Chambers has said next US Prez should take a cue from Modi.",



NEW YORK: Citing 'Make in India' and 'Start Up India' campaigns for boosting manufacturing and employment, tech giant Cisco's Chairman John Chambers has said the next US President should take a cue from Prime Minister Narendra Modi and outline the plan for growth of the American economy.



observer 2016-06-12 11:11:14
This case Remesh is right and Modi is wrong. Modi has two faces. We cannot trust him. First let him preach secularism in India and put in to practice there. Then travel all over the world with tax payers money. Surely it is a waste of tax payers money
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക