Image

ജയരാജചരിതം ഭാഗം 1 (ജോര്‍ജ് തുമ്പയില്‍)

Published on 11 June, 2016
ജയരാജചരിതം ഭാഗം 1 (ജോര്‍ജ് തുമ്പയില്‍)
ആരുടെയെങ്കിലും മരണവാര്‍ത്ത കേട്ടാല്‍ നാം ചിരിക്കുമോ? എന്നാല്‍ ഇതാ കേരളത്തില്‍ അങ്ങനെയൊന്ന് അടുത്തിടെ സംഭവിച്ചു. നമ്മുടെ കായികമന്ത്രി ഇ.പി ജയരാജനാണ് കഥയില്‍ നായകന്‍. അദ്ദേഹത്തെ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. ബോഡി ഫിഗര്‍ ഒക്കെ അങ്ങനെ സെറ്റ് ചെയ്തിരിക്കുകയാണ്. മൊത്തത്തില്‍ ഒരു ഗുണ്ടാ സെറ്റപ്പ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ടിയാന്‍ ജയിച്ചു കയറിയത്. എതിര്‍സ്ഥാനാര്‍ത്ഥി പോലും വളരെ ദുര്‍ബലന്‍. കാഴ്ചയില്‍ ഒരു ധാരാസിങ് ലുക്ക് ഒക്കെ ഉണ്ടെങ്കിലും വായില്‍ നിന്നു വീഴുന്നത് ഉണ്ടയില്ലാത്ത വെടിയാണെന്നാണ് കാര്യങ്ങള്‍ തെളിയിച്ചത്. സംഭവം ഇങ്ങനെ.

അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് മനോരമ ന്യൂസ് വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെടുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചെന്നു ചാടിയത്. ചാടിയത് അബദ്ധമാണെന്നു ടിയാന്‍ അറിയുന്നതിനു മുന്നെ സംഗതി കള്ളു കുടത്തില്‍ കല്ലെറിയുന്നതു പോലെ നാട്ടുകാരു മുഴുവന്‍ കേട്ടു. പിന്നെ ഉടുതുണിയില്ലാതെ ഓടുന്ന അധോലോകനായക സിംഗത്തെയാണ് നാട്ടുകാരു കണ്ടത്. ജയരാജ മന്ത്രി പറഞ്ഞത് കേട്ടിട്ടില്ലാത്തവര്‍ക്കായി താഴെ പറയുന്ന വിധത്തില്‍ കാര്യങ്ങള്‍ വിശദമാക്കുന്നു. ജയരാജന്‍ ടിവി ചാനലിലൂടെ പറയുന്നു,
'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' 

നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നാലെ ട്രോളന്‍മാര്‍ പണിയും തുടങ്ങി. തെറ്റിദ്ധാരണയില്‍ നിന്നാണ് പിശക് സംഭവിച്ചതെന്ന് ഇ പി ജയരാജന്‍ പിന്നീട് പറഞ്ഞു നോക്കിയെങ്കിലും ആരു കേള്‍ക്കാന്‍. ജയരാജന്റെ മസിലുപിടുത്തത്തെക്കുറിച്ച് പണ്ടേ ന്യൂജെന് അത്ര വലിയ പഥ്യമല്ല, അതിന്റെ കൂടെ ഇതു കൂടി ആയപ്പോ ടിയാന്റെ വിശദീകരണമൊന്നും വിലപോയില്ല.
''ഞാന്‍ യാത്രയിലായിരിക്കെയാണ് ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം മുമ്പ് ബോക്‌സിംഗ് റിംഗ് വിട്ട ബോക്‌സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.''

ഇങ്ങനെ താണുകേണു പറഞ്ഞ് നോക്കിയെങ്കിലും ആരു കേള്‍ക്കാന്‍. അപ്പോഴേയ്ക്കും സംഗതി അങ്ങാടിപ്പാട്ടായി. എന്നാല്‍ മുഹമ്മദ് അലി മരിച്ചതിനു പിന്നാലെ, വിവിധ പ്രമുഖരുടെ അനുശോചന സന്ദേശങ്ങള്‍ എടുത്തിരുന്നെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണത്തിനു തൊട്ടുപിന്നാലെയാണ് കേരളത്തിന്റെ കായികമന്ത്രിയെന്ന നിലയില്‍ ഇ.പി.ജയരാജനെ പ്രതികരണത്തിനായി ഫോണില്‍ വിളിച്ചതെന്നും ചാനല്‍ അറിയിച്ചു. ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചുവെന്നാണ് കായികമന്ത്രിയോട് പറഞ്ഞത്. എന്തായിരുന്നു മരണകാരണമെന്ന് അദ്ദേഹം ചോദിക്കുകയും എല്ലാ വിവരങ്ങളും പറയുകയും ചെയ്തു. അതിനുശേഷമാണ് കണക്ട് ചെയ്തത്. അപ്പോള്‍ റോം ഒളിംപിക്‌സില്‍ മുഹമ്മദ് അലി നേടിയ സ്വര്‍ണമെഡലിനെക്കുറിച്ച് പറയുകയായിരുന്ന ആങ്കര്‍, കായികമന്ത്രിയുടെ പ്രതികരണംതേടി. എന്നാല്‍, മന്ത്രിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലായ ഉടന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്താതെ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് ഇത് ചാനല്‍ പുനഃസംപ്രേഷണം ചെയ്തതുമില്ല.

വെട്ടിലായ കേരളത്തിന്റെ ജയരാജ മന്ത്രിയെ സത്യത്തില്‍ പിന്നെ സോഷ്യല്‍ മീഡിയ തല്ലിക്കൊല്ലുകയായിരുന്നു. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാന താരമാണെന്നും സ്വര്‍ണ മെഡല്‍ നേടിയുണ്ടെന്നുമുളള ജയരാജന്റെ പരമാര്‍ശം കേട്ടാല്‍ ആര്‍ക്കാണ് അരിശം വരാത്തത്. തിരുവഞ്ചൂരൊക്കെ എത്രയോ ഭേദമാണ് തുടങ്ങിയ പരമാര്‍ശങ്ങളോടെയാണ് കായികമന്ത്രിയെ സോഷ്യല്‍ മീഡിയ വരേവേറ്റത്. ഉചിത സമയത്ത് വാര്‍ത്താവതാരക ഇടപെട്ടില്ലായിരുന്നുവെങ്കില്‍, അലിയുടെ മൃതദേഹം കേരളത്തില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അലിയുടെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും സംസ്‌ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നുമൊക്കെ ജയരാജന്‍ വച്ചു കാച്ചിയേനെ..

ഇതിന്റെ അലയൊലികള്‍ കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, ഇങ്ങ് അമേരിക്കയില്‍ പോലും വലിയ സംഭവമായി. കേരളത്തിന്റെ കായികമന്ത്രിയായിരിക്കേ ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു പറഞ്ഞ ജയരാജനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പുച്ഛം വരുന്നുവെന്നായിരുന്നു പലരുടെയും കമന്റ്.

ഫൊക്കാന സീനിയര്‍ നേതാവ് ടി.എസ് ചാക്കോ പറയുന്നു, ജയരാജ പരാമര്‍ശത്തെ കോമാളിത്തം എന്നു വിളിക്കുന്നതാണ് കൂടുതല്‍ ശരി. ബേസിക്കലി ഒരു അഹങ്കാരിയാണ് ടിയാന്‍. ധിക്കാരം മാത്രമേ പറയൂ എന്നു പ്രതിജ്ഞ എടുത്തിരിക്കുന്ന ഒരാള്‍. കമ്മ്യൂണിസ്റ്റുകാരില്‍ ധിക്കാരികളില്‍ അഗ്രഗണ്യന്‍. വിവരമുണ്ടായിട്ട് വിവരക്കേട് നടിക്കുന്ന വ്യക്തി. ഇങ്ങേരെ സൂക്ഷിക്കണം, എപ്പോഴാണ് തിരികെ കടിക്കുന്നതെന്നു പറയാന്‍ പറ്റില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സരിതയുടെ വണ്ടിയുടെ മുന്നില്‍ കെട്ടാവുന്ന ഒരാള്‍... അതു കൊണ്ട് തന്നെ ഇപ്പോള്‍ പറയുന്നതൊക്കെയും അവഗണിക്കുന്നതാണ് നമുക്ക് ഉത്തമം..
ഫോമയുടെ നേതാവ് യോഹന്നാന്‍ ശങ്കരത്തില്‍ പറയുന്നു,
ജയരാജന് നാക്കിനു പിഴ പറ്റിയതായിരിക്കും. കാര്യങ്ങളൊക്കെ അതിന്റേതായ രീതിയില്‍ മനസ്സിലാക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞ കമന്റിന് അദ്ദേഹം തന്നെ പിറ്റേന്ന് വിശദീകരണവും നല്‍കിയല്ലോ. അതില്‍ കൂടുതല്‍ നമ്മള്‍ ഇനിയത് വിശകലനം ചെയ്യേണ്ടതില്ലല്ലോ. ഇതിപ്പോള്‍ ഇത്രയും പ്രാധാന്യം കിട്ടാന്‍ കാരണം വാട്‌സ് അപ്പ് കാര്‍ക്ക് വേറൊരു വിഷയവും കിട്ടാത്തതു കൊണ്ടും മന്ത്രിയുടെ സമയം മോശമായതു കൊണ്ടും ഇങ്ങനെ സംഭവിച്ചതാവാനേ ന്യായമുള്ളു. 

മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി വര്‍ഗീസ് പ്രതികരിക്കുന്നു: ജയരാജിന്റെ ഈ പ്രസ്തവാന സാംസ്‌ക്കാരിക കേരളത്തിന് ആകപ്പാടെ നാണക്കേടാണ്. ആരായാലും ഔദ്യോഗിക പദവികളില്‍ ഇരുന്നു പ്രതികരിക്കുമ്പോള്‍ രണ്ടല്ല, മൂന്നു വട്ടം ആലോചിക്കണം. പ്രതികരിക്കേണ്ടതിനൊക്കെ ഒരു രീതിയും മാന്യതയും ഒക്കെ വേണം. കാള പെറ്റാലുടന്‍ കയറ് എടുക്കുക എന്ന രീതിയിലുള്ള പ്രതികരണം നന്നല്ല. രാഷ്ട്രീയക്കാരുടെ പൊള്ളയായ ആത്മാര്‍ത്ഥതയില്ലാത്ത അതിന്റെയൊരു ഉദാഹരണമാണ് ഇവിടെ കണ്ടത്. രാഷ്ട്രീയക്കാര്‍ അഗാധമായി ദുഃഖം രേഖപ്പെടുത്തുമ്പോഴും ആശംസകള്‍ അര്‍പ്പിക്കുമ്പോഴും അതൊന്നും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നതല്ലെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയണം. പൊതുജനം കഴുതയല്ല, ജനത്തിന് എല്ലാം മനസ്സിലാവും. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവും ബര്‍ഗന്‍ കൗണ്ടി ഏഷ്യന്‍ അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റി അംഗവുമായ പ്രൊഫ. സണ്ണി മാത്യൂസ് അഭിപ്രായപ്പെട്ടത് ഇങ്ങനെ: അജ്ഞത എന്നത് ഒരു അപരാധമായി കരുതേണ്ട ആവശ്യമില്ല. 1960-കളില്‍ അതികായനായിരുന്ന കാഷ്യസ് ക്ലേ (പിന്നീട് മുഹമ്മദലി)യെ സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. അറിയില്ലാത്ത കാര്യം അറിയില്ലാന്നു പറയുന്നതാണ് മാന്യത. ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണ്? വ്യക്തിത്വം, സുതാര്യത, സത്യസന്ധത എന്നിവയാണ്. പൊതുജനം ഇന്നു കഴുതയല്ല. സൂക്ഷിക്കണം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് കാണിക്കുന്നതു പോലെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് ഇരുന്നുരുളുന്ന പരിപാടി. ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്വപരമായി അഭിപ്രായങ്ങള്‍ പറയണം.
കാര്യങ്ങള്‍ ഇങ്ങനെയായതിന്റെ ഹാങ് ഓവര്‍ കഴിയും മുന്‍പേ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീമതി അഞ്ജു ബോബി ജോര്‍ജിനോട് ബാംഗ്ലൂരില്‍ നിന്നും വിമാനം കയറി കേരളത്തില്‍ വരുന്നത് സ്‌പോര്‍ട്‌സ് രംഗത്ത് അഴിമതി കാണിക്കാനാണെന്നും കാണിച്ചു തരാമെന്നും പറഞ്ഞ് പേടിപ്പിച്ചു വിറപ്പിച്ചു കളഞ്ഞു ജയരാജ മന്ത്രി. 

അങ്ങനെ അഞ്ജു പേടിച്ചു വിറച്ചു നില്‍ക്കുന്നതിനിടയിലാണ് കണ്ണൂരെ മറ്റൊരു പേടിപ്പീരു തൊഴിലാളി കെ. സുധാകരന്‍ ആശ്വസവചനവുമായി രംഗത്തു വരുന്നത്. അത് ജയരാജ മന്ത്രിയുടെ തമാശിനേക്കാളും ഭീകരവും ബീഭത്സവുമായിരുന്നുവെന്നത് മറ്റൊരു ഉശിരന്‍ സംഗതി. അഞ്ജുവിനോടു ജയരാജന്‍ പരുഷമായി പെരുമാറിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാധ്യമസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വോളിബോള്‍ താരം അന്തരിച്ച ജിമ്മി ജോര്‍ജിനെ അഞ്ജുവിന്റെ ഭര്‍ത്താവാക്കി കളഞ്ഞു. ജയരാജനെതിരെ കത്തിക്കയറിയ സുധാകരന്‍ പറഞ്ഞത് ഇങ്ങനെ, ആര്‍ക്കാണ് അഞ്ജുവിനെ അറിയാത്തത്?. അഞ്ജുവിനെ മാത്രമല്ല, അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്. ജിമ്മി ജോര്‍ജിന്റെ കുടുംബം...എല്ലാം കായികരംഗത്ത് ജീവിതം അര്‍പ്പിച്ചവരാണ്. ആ ഒരു കുടുംബത്തെ, ആ ഒരു മൊത്തം.. അവരയെല്ലാം അപമാനിക്കുന്ന രീതിയില്‍.... എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. 

(കായിക താരവും പരിശീലകനുമായ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ജിമ്മി ജോര്‍ജ് ആകട്ടെ 1987ല്‍ ഇറ്റലിയില്‍ വെച്ചുണ്ടായ ഒരപകടത്തില്‍ കൊല്ലപ്പെട്ട കേരളം കണ്ട ഏറ്റവും മികച്ച വോളിബോള്‍ പ്രതിഭയും. ജിമ്മിയുടെ ഏറ്റവും ഇളയ സഹോദരര്‍ കൂടിയാണ് റോബര്‍ട്ട് ബോബി ജോര്‍ജ്. അഞ്ജു, ഇ.പി. ജയരാജന്‍, കെ. സുധാകരന്‍, ജിമ്മി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ് എന്നിവരെല്ലാം കണ്ണൂരുകാരാണെന്ന് മറ്റൊരു വൈചിത്യമെന്നേ പറയേണ്ടൂ..)

ജയരാജനും സുധാകരനുമൊക്കെ ഇങ്ങനെ സ്‌പോര്‍ട്‌സുകാരുടെ കണ്ണില്‍ കുത്തി നമ്മളെ ചിരിപ്പിച്ചു കരയിപ്പിക്കുമ്പോള്‍ പാവം കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നോര്‍ത്തു തല കുമ്പിടാനേ ആവുന്നുള്ളല്ലോ കര്‍ത്താവേ !!
ജയരാജചരിതം ഭാഗം 1 (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Aniyankunju 2016-06-11 22:53:08
Please don't ignore the fact that there is a bullet still lodged in E P Jayarajan's neck since 1990s, that came from the hired assassins' Gun; and it is common knowledge in Kerala that it was Sudhakaran who hired those assassins, and the murder attempt took place at a Train station in Andhra.
Malayalees living in Kerala do not approve of the Plane Fare from Tax payers money, for commuting to work at TVM from Bangalore.
Alex vilanilam Koshy 2016-06-13 04:22:48
Nicely written article on Jayarajan and anju dear George. Sometimes 'idiots' are better than the crooked and corrupt!! LET US HOPE THAT 'Ellam Sariyakum" slogan of the communist party. " YEDHA PRAJA THADHA RAJA" !!!
കുളംകലക്കി 2016-06-13 07:20:13
നൂറു ശതമാനം സാക്ഷരത്വമുള്ള കേരളത്തിൽ എങ്ങനെ മന്ത്രി ആയി ?  ഫോക്കാന മീറ്റിങ്ങിൽ കൊണ്ടുവന്നു ഒരു സ്വീകരണം  കൊടുക്കണം ! ചക്കിക്കൊത്ത ശങ്കരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക