Image

ഫോമയ്ക്ക് ശുഭ വാര്‍ത്തയുമായി ബെന്നി വാച്ചാച്ചിറയും സംഘവും

Published on 09 June, 2016
ഫോമയ്ക്ക് ശുഭ വാര്‍ത്തയുമായി ബെന്നി വാച്ചാച്ചിറയും സംഘവും
ഇലക്ഷന്‍ ചൂടുപിടിച്ചപ്പോള്‍ അസ്വസ്ഥതയുടെ കാര്‍മേഘപടലങ്ങളും ഉരുണ്ടുകൂടുന്നു. അതു എങ്ങോട്ട് നയിക്കുമെന്ന ആശങ്കയും. പക്ഷെ ഇരുളിലെ രജതരേഖ പോലെ ബെന്നി വാച്ചാച്ചിറയുടെ പ്രഖ്യാപനം: ' ഇലക്ഷനില്‍ ആരു ജയിച്ചാലും അതംഗീകരിക്കും. അതു സംഘടനയെ ബാധിക്കില്ല. ഫോമ പിളരില്ല. ഇപ്പോഴെന്നല്ല ഒരിക്കലും'. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിബി തോമസും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസി കുരിശിങ്കലും അത് അംഗീകരിക്കുന്നു.

എമ്പയര്‍ റീജിയന്റെ മീറ്റിംഗില്‍ സണ്ണി പൗലോസ് പറഞ്ഞതാണ് 'ഫോമയ്ക്ക് ആരംഭകാല നേതാക്കള്‍ പലരുണ്ട്. പക്ഷെ സംഘടനയുടെ തുടക്കക്കാലത്ത് കേസ് നടത്താനും അതിനു പണം സമാഹരിക്കാനും ഒരാളെയുണ്ടായിരുന്നുള്ളൂ. ബെന്നി വാച്ചാച്ചിറ'.

തുടക്കക്കാരിലൊരാളായിരുന്ന ആ പ്രതിബദ്ധത തന്നെ ബെന്നിയുടെ കൈമുതല്‍. ഇലക്ഷനും വാശിയുമൊക്കെ വരും പോകും. പക്ഷെ സംഘടന തന്നെ പ്രധാനം.

ഇലക്ഷന്‍ പ്രചാരണമൊക്കെ നന്നായി നടക്കുന്നുവെന്നും കാര്യങ്ങളൊക്കെ ആശാവഹമായി മുന്നേറുന്നുവെന്നും മൂവരും പറഞ്ഞു. വാഷിംഗ്ടണ്‍ ഡി.സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ നിന്നൊക്കെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സ്റ്റാറ്റന്‍ ഐലന്റില്‍ നടന്ന യോഗത്തില്‍ ആരംഭകാല നേതാക്കള്‍ വികാരഭ രിതരായിട്ടാണ് പിന്തുണയുമായെത്തിയത്. സംഘനടയ്ക്കു വേണ്ടി ത്യാഗം സഹിച്ചവരാണ് പലരും.

മയാമി കണ്‍വന്‍ഷന്‍ നല്ല രീതിയില്‍ മുന്നേറുന്നുവെന്നാണ് മനസിലാക്കുന്നത്. മൂന്നു ദിവസവും നല്ല പരിപാടികളുണ്ട്.

കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ പോകുമെന്നാണ് ഭാരവാഹികള്‍ ഉറപ്പിച്ചു പറയുന്നത്. അതു ശുഭോദര്‍ക്കമാണ്. ഭാരവാഹിത്വം ഒരു പേടിസ്വപ്നമാകരുത്. വീട്ടില്‍ നിന്നു പണം കൊണ്ടുവരേണ്ടി വരുമെന്നു പറയുമ്പോള്‍ കഴിവുള്ള പലരും നേതൃരംഗത്തേക്ക് വരാന്‍ മടിക്കും. മാത്രമല്ല പണംകൊണ്ടു വാങ്ങാവുന്നതുമല്ല നേതൃസ്ഥാനങ്ങള്‍.

ഇലക്ഷന്‍ കാരണം കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥിതി മയാമിയില്‍ ഇല്ലെന്നു ഭാരവാഹികള്‍ പറയുന്നതു ഒരളവു വരെ ശരിയാണ്. കാശുകൊടുത്ത് തങ്ങള്‍ ആരേയും കൊണ്ടുവരുന്നില്ല. ഡെലിഗേറ്റുകള്‍ ഫോമയോടുള്ള പ്രതിബദ്ധത മൂലം കണ്‍വന്‍ഷനില്‍ വരണം. പണംകൊടുത്ത് ആളെ കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. നിയമാനുസൃതവുമല്ല.

ഇലക്ഷന്‍ ജ്വരം കൂടുമ്പോള്‍ കുടുംബങ്ങള്‍ വരുന്നത് കുറയുന്നു. ഡെലിഗേറ്റുകളെ കുത്തിനിറയ്ക്കാനാകും എല്ലാവര്ക്കും താത്പര്യം. കുടുംബങ്ങള്‍ വരാത്ത സ്ഥിതി ഒഴിവാക്കണം.

തങ്ങള്‍ ജയിക്കുന്നുവെങ്കില്‍ അടുത്ത തവണ ഒരു സ്ഥാനത്തേക്കും മത്സരിക്കില്ല. എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളോടും അങ്ങനെ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കും. ഭാരവാഹികള്‍ ഇലക്ഷനില്‍ ശ്രദ്ധിക്കാതെ കണ്‍വന്‍ഷില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതാവശ്യമാണ്.

കുടുംബങ്ങള്‍ വരുന്നതുമൂലമാണ് സമുദായ കണ്‍വന്‍ഷനുകള്‍ വിജയിക്കുന്നത്. ഫോമാ കണ്‍വന്‍ഷനും കുടുംബങ്ങള്‍ വരണം. അതിനു വിഘാതമായ കാര്യങ്ങള്‍ ഇല്ലാതാക്കണം.

നിലവിലുള്ള ഭാരവാഹികള്‍ മാറുമ്പോള്‍ പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കാനും വഴിയൊരുങ്ങും.

അഡൈ്വസറി കൗണ്‍സില്‍ നിര്‍ദേശിച്ച പ്രകാരം ഡെലിഗേറ്റുകളുടെ ലിസ്റ്റ് കിട്ടി. അന്തിമ ലിസ്റ്റ് 11-നേ പ്രസിദ്ധീകരിക്കൂ. 342 പേരുള്ള ലിസ്റ്റ് ഏറെക്കുറെ പൂര്‍ണ്ണമാണ്.

ചില അപാകതകള്‍ ഡെലിഗേറ്റ് ലിസ്റ്റിലുണ്ട്. വിദൂരങ്ങളിലെ അസോസിയേഷനില്‍ ചിലര്‍ ഡെലിഗേറ്റായി വന്നിരിക്കുന്നു. അതുപോലെ ഭാരവാഹികളുടെ ബന്ധുക്കളും ദൂരസ്ഥലങ്ങളില്‍ നിന്നു ഡെലിഗേറ്റുകളായി. ചിക്കാഗോയിലെ അസോസിയേഷനില്‍ നിന്നു അഞ്ചുപേര്‍ വന്നാല്‍ അവര്‍ ആ സംഘടനയുടെ കാര്യമാണ് ദേശീയതലത്തില്‍ അവതരിപ്പിക്കുക. അതിനു പകരം വിദൂരത്തുനിന്നുള്ള ഒരാളാണ് ചിക്കാഗോയുടെ ഡെലിഗേറ്റാകുന്നതെങ്കില്‍ പ്രാദേശിക കാര്യം എങ്ങനെ അറിയും?

അപ്പോള്‍ ഫോമ ഒരു ഫെഡറേഷനാകില്ല. ഇത് വലിയൊരു പ്രശ്‌നമെന്നു പറയാനാവില്ല. പത്തിരുപതു പേര്‍ ഈ ഗണത്തില്‍പ്പെട്ടവരെന്നു കരുതുന്നു.

പ്രാദേശിക സംഘടനാ ഭാരവാഹികളാണ് ഡെലിഗേറ്റുകളെ സര്‍ട്ടിഫൈ ചെയ്യുന്നത്. സ്വാധീനത്തിനോ മറ്റോ വഴങ്ങിയായിരിക്കും വിദൂരത്തു നിന്നും മറ്റുമുള്ളവരെ അവര്‍ ഡെലിഗേറ്റുകളാക്കിയത്. എന്തായാലും ഇതിനെതിരേ പരാതി കൊടുത്തിട്ടുണ്ട്.

പ്രചാരണവുമായി കൂടുതല്‍ പേരെ സമീപിച്ചപ്പോള്‍ തങ്ങളുടെ പല ആശയങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനും ജനകീയമാക്കാനും കഴിഞ്ഞു. ഇലക്ഷന്‍ വരുമ്പോഴേ കാണാറുള്ളൂ എന്നായിരുന്നു മുഖ്യ പരാതി. ജയിച്ചാല്‍ ഈ സ്ഥിതി മാറും. പ്രാദേശിക തലത്തിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കും.

ഡാളസിലും റോച്ചസ്റ്ററിലുമൊക്കെ നടന്നപോലെ വിജയകരമായ കണ്‍വന്‍ഷനാണ് ഞങ്ങളുടെ സ്വപ്നം. ചിക്കാഗോ കണ്‍വന്‍ഷനില്‍ 5000 പേര്‍ പങ്കെടുക്കണം. സ്ത്രീകളും യുവജനങ്ങളും പഴയപോലെ വരണം. കണ്‍വന്‍ഷനില്‍ വന്നാല്‍ പ്രയോജനമുണ്ടെന്നു ജനത്തിനു തോന്നണം.

പത്തു വര്‍ഷത്തേക്ക് സംഘടന എങ്ങനെ ആയിരിക്കണമെന്ന കാഴ്ചപ്പാടോടു കൂടിയാണ് (വിഷന്‍) തങ്ങള്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്. ഡിസംബര്‍ ഒന്നിനു താന്‍ ഫോമയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ ഔദ്യോഗിക രംഗത്തുനിന്നും വിരമിക്കുകയാണെന്ന് ബെന്നി പറഞ്ഞു. ഗവണ്‍മെന്റ് സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ 30 വര്‍ഷമായി ജോലി ചെയ്തിരുന്ന ജോസിയും വിരമിച്ചയാളാണ്. സ്വന്തം ബിസിനസ് ചെയ്യുന്ന ജിബിക്കും സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സമയമുണ്ട്. പ്രവര്‍ത്തിക്കുകയും ചെയ്യും.

പ്രധാന സ്ഥാനങ്ങളില്‍ മത്സരിക്കുന്നവര്‍ ഏക മനസ്സായിട്ടല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഭിന്നതയുണ്ടാകും. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി 
നാഷനല്‍ കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും എല്ലാവരും തങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. 

ജയിച്ചാല്‍ ആദ്യം ചെയ്യുന്നത് യുവജന-വനിതാ ഫോറങ്ങള്‍ അംഗസംഘടനകളില്‍ നിന്നു മുതല്‍ ശക്തിപ്പെടുത്തലാണ്. പ്രൊഫഷണല്‍ ഫോറം, എന്റര്‍പ്രണേഴ്‌സ് ഫോറം എന്നിവയും ഉണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്കായി ഒരു നാഷണല്‍ ഡിബേറ്റ് ഫോറം രൂപംകൊടുക്കണം. പുതിയ തലമുറ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരാന്‍ പരിശീലന സംവിധാനം രൂപംകൊടുക്കും.

2000-ലെ കണ്‍വന്‍ഷനില്‍ വരെ യുവജന പങ്കാളിത്തം ധാരാളമായിരുന്നു. പിന്നീടതു കുറഞ്ഞു. പ്രധാന കാരണം യുവജന പരിപാടികള്‍ കുറഞ്ഞതാണ്. ഇതു മാറണം. യുവജനങ്ങള്‍ക്ക് പ്രത്യേക വിംഗ് ഫോമയിലും അംഗസംഘടനകളിലും ഉണ്ടാകണം. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. സംഘടനയുടെ അന്തസിനു നിരക്കാത്ത പ്രവര്‍ത്തികള്‍ പറ്റില്ലെങ്കിലും മറ്റു കാര്യങ്ങളില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.

ജയിച്ചു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കേണ്ടി വരുന്ന സ്ഥിതി തങ്ങള്‍ക്കില്ല. ജയിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടതിന്റെ ഒരു പ്ലാനും പദ്ധതിയുമൊക്കെ ഒന്നര വര്‍ഷക്കാലമായി രൂപപ്പെടുത്തി വരുന്നു. ചിക്കാഗോയില്‍ കണ്‍വന്‍ഷന് ചിക്കാഗോ മലയാളി സമൂഹം ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു ബ്ലോക്ക് പണിതു നല്‍കുന്ന പ്രൊജക്ടിനു ചിക്കാഗോയില്‍ നിന്നും ന്യൂജേഴ്‌സിയില്‍ നിന്നും നല്ല പ്രതികരണം ഉണ്ടായില്ലെന്നു പറയുന്നതു ശരിയല്ല. ആദ്യം തന്നെ താന്‍ പേഴ്‌സണല്‍ ചെക്ക് കൊടുത്തു, പിന്നീട് പരമാവധി തുക സമാഹരിച്ച് നല്‍കുകയും ചെയ്തതായി ബെന്നി പറഞ്ഞു. താനും പേഴ്‌സണല്‍ ചെക്ക് നല്‍കുകയും, 4700 ഡോളര്‍ സമാഹരിച്ച് നല്‍കുകയും ചെയ്തതായി ജിബിയും അറിയിച്ചു.

ഭിന്നതയും മറ്റുമായി പഴയ ഫൊക്കാന ആടിയുലഞ്ഞ അവസ്ഥയൊന്നും ഇപ്പോഴില്ല. യതൊരു കാരണവശാലും സംഘടന പിളരില്ല. ഇലക്ഷനില്‍ ഇത്രയും വാശിയും, ഇത്രയധികം സ്ഥാനാര്‍ത്ഥികളുമൊക്കെ ഇതാദ്യമാണ്. അഞ്ചു വനിതാ സ്ഥാനാര്‍ത്ഥികള്‍ തന്നെയുണ്ട്. സംഘടന വളരുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണിത്.

സ്ഥാനാര്‍ത്ഥികളെല്ലാം മികവുറ്റവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ വ്യക്തിപരമായ കുറ്റപ്പെടുത്തലുകള്‍ക്ക് പ്രസക്തിയില്ല.

ബെന്നിയുടെ നേതൃത്വത്തിലുള്ള 'ഡ്രീം'ടീമിനുവേണ്ടി കാത്തിരിക്കുകയാണെന്നാണ് പല അംഗ സംഘടനകളും പറയുന്നത്. എന്തൊക്കെ ചെയ്യണമെന്നു പല സംഘടനകളും നിര്‍ദേശങ്ങള്‍ വരെ തന്നു.

മത സംഘടനകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഒട്ടേറെ വേദികളുണ്ട്. അവയാണ് ഫോമയും മറ്റും ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് പ്രവീണ്‍ വധക്കേസ്. അതു സംബന്ധിച്ച് നടത്തിയ കോണ്‍ഫറന്‍സ് കോളിലെ പ്രതികരണം അസാധാരണമായിരുന്നു. അതിനു ഫലമുണ്ടാകുകയും ചെയ്തു. പോലീസ് റിപ്പോര്‍ട്ടും ഓട്ടോപ്‌സി റിപ്പോര്‍ട്ടും വിട്ടുകിട്ടാന്‍ അതു കാരണമായി. ജൂലൈ 29 നു പ്രവീണിന് നീതി തേടി ഇല്ലിനോയി ഗവര്‍ണറുടെ ഓഫീസിലേക്ക് ആയിരത്തില്‍പ്പരം പേര്‍ പങ്കെടുക്കുന്ന റാലി തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് പെര്‍മിറ്റ് ലഭിച്ചശേഷം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ജൂലൈ 29 പ്രവീണിന്റെ ജന്മദിനമാണ്. പ്രവീണിന്റെ കാര്യത്തില്‍ മാത്രമല്ല സംഘടന രംഗത്തുവരിക.

ഇലക്ഷന്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ഇലക്ഷന്‍ കമ്മീഷനാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. ഇപ്പോള്‍ അതല്ല കാണുന്നത്. തങ്ങള്‍ ജയിച്ചാല്‍ ബൈലോയില്‍ ഇതിനാവശ്യമായ ഭേദഗതി കൊണ്ടുവരും. വോട്ട് ചെയ്യാന്‍ ഓരോ സംഘടനയ്ക്കും ഐ.ഡി നിര്‍ബന്ധമാക്കും. ഭാരവാഹികള്‍ ഇലക്ഷനില്‍ പക്ഷംപിടിക്കരുത്. ഡെലിഗേറ്റ് ലിസ്റ്റ് രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിക്കണം. അതു നേരത്തെ ലഭിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്. ഇലക്ഷന്‍ സുതാര്യമിയിരിക്കണം. പ്രസിഡന്റും സെക്രട്ടറിയും വിചാരിച്ചാല്‍ ഇലക്ഷനില്‍ പലതും ചെയ്യാനാകും. വോട്ടേഴ്‌സ് ലിസ്റ്റ് തയാറാക്കേണ്ടത് സെക്രട്ടറിയല്ല, ഇലക്ഷന്‍ കമ്മീഷനാണ്.

സംഘടനാ നേതൃത്വം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നു മൂന്നുപേരും പറഞ്ഞു.

ഇന്ത്യയില്‍ കണ്‍വന്‍ഷനും ചാരിറ്റി പ്രവര്‍ത്തനങ്ങളും ആകാം. പക്ഷെ, അമേരിക്കയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 90 ശതമാനം പ്രവര്‍ത്തനവും ഇവിടെ കേന്ദ്രീകരിച്ചാവും. സഹായം ആവശ്യമുള്ളവര്‍ ഇവിടെ നിരവധിയാണ്. അതിനാലാണ് ലീഗല്‍ നെറ്റ് വര്‍ക്ക്, പോലീസ് ഓഫീസര്‍ നെറ്റ് വര്‍ക്ക് തുടങ്ങിയവ ആരംഭിക്കുന്നത്. 1 800 ഫോമ (1-800 Fomaa) വിളിച്ചാല്‍ മറുപടിയും ആവശ്യമായ ഗൈഡന്‍സും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപദേശ നിര്‍ദേശങ്ങള്‍ വലിയ പ്രയോജനം ചെയ്യും. ഡിപ്രഷന്‍, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരളവു വരെ പരിഹാരം കാണാന്‍ ഇത്തരം പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് ഉപകരിക്കും. യുവാക്കളുടെ ഡ്രഗ് അഡിക്ഷനാണ് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളി. 
ഫോമയ്ക്ക് ശുഭ വാര്‍ത്തയുമായി ബെന്നി വാച്ചാച്ചിറയും സംഘവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക