Image

കൊല്‍ക്കത്തയില്‍ വീണ്ടും അഗ്‌നിബാധ

Published on 02 February, 2012
കൊല്‍ക്കത്തയില്‍ വീണ്ടും അഗ്‌നിബാധ
കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരാതിര്‍ത്തിക്ക് സമീപം മഹേഷ്തല ബജ് ബജ് റോഡിനു സമീപം വ്യാഴാഴ്ച തീപ്പിടുത്തമുണ്ടായി.വില്‍പ്പനയ്ക്കുള്ള വസ്ത്രങ്ങള്‍ സംഭരിച്ചുവെച്ച കെട്ടിടത്തിലാണ് രാത്രി ഏഴുമണിയോടെ അഗ്‌നിബാധയുണ്ടായത്. ഈ കടയില്‍ നിന്നും അടുത്തുള്ള ഒരു സിനിമാ സ്റ്റുഡിയോയിലേക്കും അടുത്തുള്ള ചേരി പ്രദേശത്തെ കൂരകളിലെക്കും തീ പടര്‍ന്നു. 20 ഫയര്‍ എന്‍ജിനുകള്‍ തീ കെടുത്താനുള്ള തീവ്ര ശ്രമം നടത്തുന്നുണ്ട്. 

അടുത്തുള്ള ബഹുനില കെട്ടിടങ്ങളില്‍ പാര്‍ക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീ പടരുമ്പോള്‍ അടുത്തുള്ള രണ്ടു സ്റ്റുഡിയോകളില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. നടീ നടന്മാരെയും മറ്റുള്ളവരേയും അടുത്തുള്ള ചേരികളിലെ ജനങ്ങളെ ഉടന്‍ ഒഴിപ്പിച്ചു. 

മന്ത്രിമാരായ ജാവേദ് ഖാന്‍,ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. 
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.അഗ്‌നി ബാധയുണ്ടായ പ്രദേശം പ്രധാന നിരത്തിനു സമീപമായതുകൊണ്ട് ബജ് ബജ് റോഡിലുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക