കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിക്കുന്ന കേവലാര്‍ തീര്‍ഥാടനം ഈ വര്‍ഷത്തെ സ്വര്‍ഗാരോഹണ ദിനത്തില്‍ നടത്തി.
രാവിലെ എട്ടിനു കൊളോണ്‍ മ്യൂള്‍ഹൈമില്‍ നിന്നും പ്രത്യേകം ബസിലാണ് സംഘം മധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കേവലാറിലേക്കു യാത്രയായത്.
കേവലാറിലെത്തിയ സംഘം 11.30 ന് ബൈഷ്ട് കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയില്‍ പങ്കുകൊണ്ടു. കേവലാറില്‍ സേവനം ചെയ്യുന്ന എംസിബിഎസ് സഭാംഗമായ ഫാ. മാത്യു ഓലിക്കല്‍, ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികരായി. കരുണയുടെ വര്‍ഷമായ 2016 നെ ആസ്പദമാക്കി ഫാ മാത്യു വചനസന്ദേശം നല്കി.
സ്വര്ഗാരോപണദിനം ജര്‍മനിയില്‍ പിതൃദിനമായും ആചരിക്കുന്നുണ്ട്. ഫാ. ഇഗ്നേഷ്യസ് എല്ലാ പിതാക്കമ്മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ കമ്യൂണിറ്റി യൂത്ത് കൊയറും സിസ്റ്റേഴ്സും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു.
ഉച്ചവിശ്രമത്തിനു ശേഷം മൂന്നിന് മെഴുകുതിരി കപ്പേളയില്‍ ഒത്തുകൂടി പരിശുദ്ധമാതാവിന്റെ നിറവിനായുള്ള പ്രാര്‍ഥനകളും വചനചിന്തകളും പങ്കുവച്ചു. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കിയ ഇഗ്നേഷ്യസച്ചന് സമാപനാശീര്‍വാദം നല്കി. കാപ്പിയും ലഘു ഭക്ഷണത്തെയും തുടര്‍ന്നു വൈകുന്നേരം 4.30 ഓടെ പരിപാടികള്‍ സമാപിച്ചു.
കൊളോണില്‍ നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജര്‍മനിയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേര് കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി ഉള്‍പ്പടെയുള്ളവര്‍ തീര്‍ഥാടനത്തിനു സഹായങ്ങള്‍ ചെയ്തു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു നിരവധി മരിയഭക്തര്‍ കേവലാറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍