Image

ആദ്യ വിദ്യാലയം (കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 07 June, 2016
ആദ്യ വിദ്യാലയം (കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
നാടിന്‍ നിനവുകള്‍ തൊട്ടുണര്‍ത്തുന്നതാം
കൊച്ചു,ഗ്രാമീണവിദ്യാലയത്തില്‍
ബാല്യത്തിലാദ്യമായെത്തിയതിന്നുമെന്‍
സ്മൃതിയില്‍ മധുവായ്‌നിറഞ്ഞിടുന്നു.

മോടിയില്‍ക്കോടിധരിച്ചുഞാനച്ഛന്റെ­
കൈപിടിച്ചന്നു നടന്നുമന്ദം
പാടവരമ്പിലൂടക്കരയ്‌ക്കെത്തവേ,
കണ്ടുഞാനെന്നാദ്യ*വിദ്യാലയം.

ഒരുചെറുചാറ്റല്‍മഴയുടെതാളത്തി­
നൊപ്പമെന്നുളളില്‍നിറഞ്ഞു ഹര്‍ഷം;
അന്നു വിദ്യാലയമുറ്റത്തൊരായിരം
മുത്തുമണികള്‍ ചൊരിഞ്ഞുവര്‍ഷം.

അത്ഭുതത്താല്‍ നയനങ്ങള്‍നിറഞ്ഞുപോ­
'യൊന്നാംതര'ത്തിലിരുന്നനേരം
ഇന്നുമെന്നോര്‍മ്മയി,ലാചാര്യവാത്സല്യ­
വദനംനിറച്ചിടുന്നാ­സുദിനം.

പലരും വിതുമ്പിക്കരഞ്ഞു, മറ്റുളളവ­
രരികത്തു നിശ്ശബ്ദരായിരിക്കെ,
പ്രഥമദിനത്തിലെന്‍ പേരുചോദിച്ചാദ്യ­
മധുരംപകര്‍ന്നുതന്നദ്ധ്യാപകന്‍.

ഹൃദയത്തെ മെല്ലെത്തലോടുന്ന പാഠങ്ങ­
ളൊന്നായിഞങ്ങള്‍ പഠിച്ചു­പിന്നെ,
ഓരോ ഋതുക്കളുമതുപോലെതന്നെയ­
ന്നെത്രയോകാര്യമുണര്‍ത്തിയെന്നെ.

ഗുരുനാഥനോതിയോരുപദേശമിന്നുമെ­
ന്നകതാരിലുയരുന്നു; ജന്മപുണ്യം:
"അക്ഷരത്തെറ്റുവരുത്താതിരിക്കുവാന്‍
ശ്രദ്ധിച്ചിടേണ"മെന്നുളളവാക്യം.

എത്ര തിരക്കുകള്‍ക്കുളളിലായാലുമി­
ന്നുളളില്‍ത്തെളിയുമാ തൂവെളിച്ചം:
അറിവിന്റെ ബാലാക്ഷരങ്ങള്‍ പഠിപ്പിച്ച­
യാദ്യവിദ്യാലയാചാര്യസൂക്തം.
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
*ഉമയനല്ലൂര്‍­പേരയം പി.വി.യൂ.പി. സ്കൂള്‍
Join WhatsApp News
വിദ്യാധരൻ 2016-06-07 11:50:01
നല്ലൊരു കവിതയെ അഭിനന്ദിക്കാൻ 
ഇല്ലെന്റെ പക്കൽ വാക്കരൊൽപ്പം 
ബാല്യകാലത്തിന്റെ ഓർമകളെ 
താലോലിച്ചു നീ ഉണർത്തിടുന്നു 
ഓടിചാടി കളിച്ചു ഞങ്ങൾ 
പാടത്ത്കൂടെ പോയകാലം 
നെൽചെടികൾ തലകുലുക്കി 
നെൽപ്പാടം കുളിരണിഞ്ഞു നിന്നു 
ഇന്നത്തെപ്പോലെ പുറത്തു തൂക്കാൻ 
അന്ന് സഞ്ചിയെന്നൊന്ന് ഇല്ലായിരുന്നു 
കയ്യിൽ പുസ്തകം പിടിച്ചാൺകുട്ടികളും  
മെയ്യോടു ചേർത്ത് പെൺകുട്ടികളും 
വരിയായി പോകുന്ന കാഴ്ചയന്നും  
ഹരം മായിരുന്നു കണ്ണിനെന്നും
ഇന്നത്തെപ്പോലെ വാഹനങ്ങൾ 
ഒന്നും അന്ന് ഏറെ ഇല്ലായിരുന്നു 
കാൽനടയായി പോയിടുമ്പോൾ 
'കാലടി '  വണ്ടിയെന്നാൾക്കാർ  വിളിച്ചിരുന്നു
കാടും പടർപ്പും അടിച്ചൊടിച്ചു 
ആടിയും പാടിയും പോയാകാലം 
ഇന്ന് നീ യൊന്നുണർത്തിയതാൽ 
വന്ദനം കൂടാതെ അഭിനന്ദനോം   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക