Image

"ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടിരിക്കാം ഈ നല്ല ചിത്രം

ആശ പണിക്കര്‍ Published on 06 June, 2016
"ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടിരിക്കാം ഈ നല്ല ചിത്രം
ഗ്രാമീണ പശ്ചാത്തലത്തില്‍ പിറവിയെടുക്കുന്ന സിനിമകള്‍ ഇപ്പോള്‍ മലയാളത്തില്‍ കുറവാണ്. എങ്കിലും അങ്ങനെയുള്ള സിനിമകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട് എന്നതും വസ്തുതയാണ്. ഉണ്ണിമുകുന്ദനെ നായകനാക്കി സാജന്‍ മാത്യു സംവിധാനം ചെയ്യുന്ന "ഒരു മുറൈ വന്ത് പാര്‍ത്തായ' എന്ന ചിത്രം ഒരു നാട്ടിന്‍പുറത്തെ സാധാരണക്കാരനായ യുവാവിന്റെ അസാധാരണമായ ജീവിതകഥ പറയുന്ന ചിത്രമാണ്.

നാട്ടിന്‍പുറത്തുകാരനായ പ്രകാശന്‍ എന്ന യുവാവായാണ് ഉണ്ണിമുകുന്ദന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ഇലക്ടീഷനാണ് അയാള്‍. കൂടാതെ ഗുസ്തിയിലും അയാള്‍ക്ക് താല്‍പ്പര്യമുണ്ട്. എല്ലാ ചെറുപ്പക്കാരെയും പോലെ അയാള്‍ക്കും തന്റെ ഭാവിവധുവിനെ കുറിച്ച് ഒരുപാട് സങ്കല്‍പ്പങ്ങളുണ്ട്. അയാളുടെ എല്ലാ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും നിറഞ്ഞു നില്‍ക്കുന്നത് കാമുകിയായ അശ്വതി എന്ന പെണ്‍കുട്ടിയും. അവളാണ് അയാളുടെ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദു. സനുഷയാണ് അശ്വതിയെ അവതരിപ്പിക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് പാര്‍വ്വതി ( പ്രയാഗ മാര്‍ട്ടിന്‍) പ്രകാശന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതോടെ സ്വച്ഛമായ ഒരു തെളിനീരുറവ പോലെ ഒഴുകിയിരുന്ന പ്രകാശന്റെയും അശ്വതിയുടെയും പ്രണയത്തില്‍ കലക്കലുണ്ടാകുന്നു. ഇവിടെ നിന്നും കഥ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയാണ്. അവിടെ നിന്നങ്ങോട്ട് പാര്‍വ്വതി എന്ന പെണ്‍കുട്ടിയുടെ ദുരൂഹതകള്‍ നിറഞ്ഞ ആഗമനവും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളും കഥയ്ക്ക് പിരിമുറുക്കം നല്‍കുന്നു. ആദ്യപകുതി കഴിയുന്നതോടെ സിനിമയുടെ സഞ്ചാരം തന്നെ വേറിട്ട വഴികളിലൂടെയാവുകയാണ്.

തന്റെ പതിവു റോക്കിംഗ് സ്‌റ്റൈലില്‍ നിന്നും മാറി പ്രകാശന്‍ എന്ന തനി നാട്ടിന്‍പുറത്തുകാരനായ യുവാവായി ഉണ്ണി മുകുന്ദന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. മലയാളത്തില്‍ ആദ്യമായ അഭിനയിക്കുന്ന പ്രയാഗ മാര്‍ട്ടിന്‍ പാര്‍വതി എന്ന ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പതിവു പോലെ ഈ ചിത്രത്തിലും നായകന്റെയൊപ്പം ആടിപ്പാടാനല്ലാതെ സനുഷ അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രകാശന്റെ അമ്മയായി എത്തിയ ബിന്ദു പണിക്കര്‍ തന്റെ കഥാപാത്രത്തെ സ്വാഭാവിക അഭിനയശൈലിയിലൂടെ മികവുറ്റതാക്കി.

നാട്ടിന്‍പുറത്തെ ചായക്കടയും നെല്‍പ്പാടവും തെങ്ങിന്‍തോപ്പുകളുമൊക്കെ നിറഞ്ഞ മനോഹരമായ ദൃശ്യഭംഗി ചിത്രത്തില്‍ ഒരുക്കുന്നതിന് ഛായാഗ്രാഹകന്‍ ധനേഷ് രവീന്ദ്രന് കഴിഞ്ഞിട്ടുണ്ട്. വിനു എം.തോമസ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. ഹാസ്യരംഗങ്ങള്‍ ആവശ്യത്തിനു കരുതിയിട്ടുണ്ടെങ്കിലും ചില രംഗങ്ങളില്‍ അത് വിജയിക്കുന്നില്ല. സമീപകാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ആഖ്യാനശൈലിയാണ് ഒരു മുറൈ വന്ത് പാര്‍ത്തായ ' എന്ന ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, കൊച്ചു പ്രേമന്‍, ടിനി ടോം, സുധി കോപ്പ, സാദിഖ്, ബിജുക്കുട്ടന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട എല്ലാവരും തങ്ങളുടെ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. കോക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ അഭിലാഷ് ശ്രീധന്റേതാണ് തിരക്കഥ. പരമാവധി ഭംഗിയായി തന്നെ അദ്ദേഹം തിരക്കഥാ രചന നിര്‍വഹിച്ചിട്ടുമുണ്ട്.. കഥയുടെ വഴിത്തിരിവ് മികച്ച രീതിയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.

അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ബോറടിക്കാതെ കാണാന്‍ കഴിയുന്ന ഒരു നല്ല കൊച്ചുചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായ .
"ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടിരിക്കാം ഈ നല്ല ചിത്രം
"ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടിരിക്കാം ഈ നല്ല ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക