Image

പുതിയ പ്രേക്ഷകരേയും പുതിയ നാടുകളും തേടി മലയാളം സിനിമകള്‍

Published on 06 June, 2016
പുതിയ പ്രേക്ഷകരേയും പുതിയ നാടുകളും തേടി മലയാളം സിനിമകള്‍
പുതിയ പ്രേക്ഷകരേയും പുതിയ നാടുകളും തേടി ജൈത്രയാത്ര തുടരുകയാണ് മലയാളം സിനിമകള്‍. മള്‍ട്ടിപ്ലക്‌സുകളുടെ വരവോടെ മലയാളിയുടെ സിനിമാസങ്കല്‍പത്തിന് തന്നെ മാറ്റം വന്നിരിക്കുന്നു. ഇന്ന് മറുനാടന്‍ മലയാളികള്‍ക്കും ലേറ്റസ്റ്റ് മലയാളം സിനിമകള്‍ കാണാന്‍ അവസരം ലഭിക്കുന്നു. 

മുംബൈയിലായാലും ചെന്നൈയിലായാലും മലയാളം സിനിമ കാണാന്‍ ആഗ്രഹം തോന്നിയാല്‍ അടുത്തുള്ള മള്‍ട്ടിപ്ലക്‌സിലേക്ക് ചെന്നു കയറിയാല്‍ മതി, അവിടെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ഏറ്റവും പുതിയ മലയാളം സിനിമകള്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നുണ്ടാവും. 

മലയാളം സിനിമകള്‍ വര്‍ഷങ്ങളായി കേരളത്തിന് പുറത്തും റിലീസ് ചെയ്യുക പതിവുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായാണ് അവയ്ക്ക് മലയാളികള്‍ക്ക് പുറമേ, ഇതരഭാഷാപ്രേക്ഷകരുമുണ്ടായത്. 

കോയമ്പത്തൂരിലും മൈസൂറിലും ഗുജറാത്തിലെ ചില പ്രധാന നഗരങ്ങളിലുമൊക്കെ ആഴ്ച അവസാനം രാവിലെ മലയാളം സിനിമകള്‍ ഒരു ഷോ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മള്‍ട്ടിപ്ലക്‌സുകള്‍ വന്നതോടെ സ്ഥിതി മാറി. ഒരു ദിവസം തന്നെ പല പ്രദര്‍ശനങ്ങള്‍ നടന്നുവരുന്നു. 

ഇംഗ്ലീഷ് സബ്‌ടൈറ്റിലുമായി പ്രദര്‍ശിപ്പിക്കുന്ന പുതിയ മലയാളം സിനിമകള്‍ മലയാളികള്‍ക്ക് പുറമേ മറ്റ് ഭാഷക്കാരെയും ആകര്‍ഷിക്കുന്നുണ്ട്.

 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' വിജയവാഡയില്‍ നാല് ആഴ്ചകള്‍ പ്രദര്‍ശിപ്പിച്ചു. നല്ല സിനിമയാണെങ്കില്‍ ഭാഷയൊന്നും പ്രശ്‌നമല്ലന്നാണ് സമീപകാല സിനിമകള്‍ പറയുന്നത്. 

'പ്രേമം', 'ബാംഗ്ലൂര്‍ഡെയ്‌സ'് തുടങ്ങിയ സമീപകാല ഹിറ്റ് സിനിമകള്‍ മുംബൈയിലും ബാംഗ്ലൂരിലുമൊക്കെ 50 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 മോഹന്‍ലാലിന്റെ 'ദൃശ്യം' മുബൈയില്‍ 100 ദിവസം പ്രദര്‍ശിപ്പിച്ചു. പൂനെ, ഡല്‍ഹി, അഹമ്മദ്ബാദ്, സൂററ്റ്, വഡോദര തുടങ്ങിയ ഇടങ്ങളിലൊക്കെ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. 

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയ ന്യൂജനറേഷന്‍ താരങ്ങളുടെ സിനിമകള്‍ക്കൊക്കെ കേരളത്തിനുപുറത്ത് വന്‍ ഡിമാന്‍ഡാണ്. ഹിറ്റായ ഒരു മലയാളം സിനിമ മുംബൈയില്‍ നിന്നു തന്നെ രണ്ട് മില്യണ്‍ കലക്ട് ചെയ്യും. 

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊക്കെ കേരളത്തിനു പുറത്തും യുവജനങ്ങള്‍ക്കിടയില്‍ പേരുണ്ടെങ്കിലും പഴയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമുമൊക്കെ വളരെ പണ്ടേ തന്നെ കേരളത്തിനു പുറത്തും നിരവധി പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു എന്നത് പറയാതെ വയ്യ. 

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ അടുത്തകാലത്തിറങ്ങിയ 'കമ്മട്ടിപ്പാടം' ചെന്നൈ, ഹൈദരബാദ്, ബാംഗലൂര്‍, മുംബൈ, പൂനെ, ഡല്‍ഹി, ഗോവ, മൈസൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലൊക്കെ റിലീസ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക