Image

നിയോഗത്തിന്റെ പൂര്‍ണതയില്‍, എണ്‍പതാണ്ടുകളുടെ ധന്യതയില്‍

Published on 03 June, 2016
നിയോഗത്തിന്റെ പൂര്‍ണതയില്‍, എണ്‍പതാണ്ടുകളുടെ ധന്യതയില്‍
വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പാ 80 –ാം ജന്മദിനവും 36–ാം കോര്‍എപ്പിസ്‌കോപ്പാ സ്ഥാനാഭിഷേക വാര്‍ഷികവും ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). ആഘോഷിക്കുകയാണ്. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പൊലീത്തായുടെ ആദ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നിരവധി വൈദീകരും പ്രഗത്ഭ വ്യക്തികളും പങ്കെടുക്കും.

(അറുപതാം പൗരോഹിത്യ വാര്‍ഷികത്തില്‍ അദ്ധേഹവമായി ടാജ് മാത്യു നടത്തിയ അഭിമുഖത്തില്‍ നിന്ന്) 

വൈദീക ജീവിതത്തിന്റെ 63 
ണ്ടുകള്‍ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ പൂര്‍ത്തീകരിച്ചത്‌ ആയിരക്കണക്കിന്‌ കണ്ണുകളുടെ പുണ്യത്തോടെയാണ്‌. ജന്മനാ കിട്ടിയ രണ്ടു കണ്ണുകള്‍ക്കുപുറമെ ഇത്രയേറെ നേട്ടങ്ങളുടെ ഉള്‍ക്കാഴ്‌ച അദ്ദേഹത്തിന്‌ നല്‍കിയതാവട്ടെ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമരക്കാരനായിരുന്ന ഔഗേന്‍ ബാവായും. 

പന്ത്രണ്ടാം വയസില്‍ അള്‍ത്താര ശുശ്രൂഷകനായി തെരഞ്ഞെടുത്ത സമയത്താണ്‌ ഔഗേന്‍ ബാവ കണ്ണുകളെ ഓര്‍മ്മിച്ചതെന്ന്‌ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ അനുസ്‌മരിച്ചു. നിനക്കെത്ര കണ്ണുകളുണ്ടെന്നായിരുന്നു ബാവയുടെ ചോദ്യം. രണ്ട്‌ എന്ന്‌ കുഞ്ഞുകുട്ടി എന്ന്‌ വിളിപ്പേരുള്ള യോഹന്നാന്‍ ശങ്കരത്തില്‍ മറുപടി നല്‍കി. ശരിതന്നെ പക്ഷെ ശുശ്രൂഷകനായി മദ്‌ബഹയില്‍ നില്‍ക്കുമ്പോള്‍ എത്രയേറെ കണ്ണുകള്‍ നിന്നെ നോക്കുന്നുണ്ടെന്ന്‌ ഓര്‍ത്തിരിക്കണം. പള്ളിയില്‍ നൂറു പേരുണ്ടെങ്കില്‍ ഇരുനൂറ്‌ കണ്ണുകള്‍. ഇരുനൂറ്‌ പേരുണ്ടെങ്കില്‍ നാനൂറ്‌ കണ്ണുകള്‍....അഞ്ഞൂറ്‌ പേരുണ്ടെങ്കില്‍ ആയിരം കണ്ണുകള്‍...പരിശുദ്ധ ബാവാ  ഓര്‍മ്മിപ്പിച്ചു. 

ഔഗേന്‍ ബാവാ സമ്മാനിച്ച ആഴത്തിലുള്ള ഈ ആശയം ഇക്കഴിഞ്ഞ നാളുകള്‍ മുഴുവന്‍ ഞാന്‍ ഓര്‍ക്കാറുണ്ടെന്ന്‌ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ പറയുന്നു. ദൈവസന്നിധിയില്‍ ബലിയര്‍പ്പിക്കുമ്പോള്‍ അത്യധികം ഭക്തിയും ശ്രദ്ധയും വേ
മെന്നു ബോധിപ്പിക്കാനാണ്‌ ഔഗേന്‍ ബാവ ഈ ആശയം നല്‍കിയത്‌. ഈ ഉപദേശം ഇക്കാലമത്രയും പാലിച്ചിട്ടുണ്ട്‌. 63 വര്‍ഷത്തെ വൈദീക ജീവിതത്തിനിടെ എത്രയേറെ ബലികള്‍ അര്‍പ്പിച്ചിട്ടുണ്ട്‌. ആ സമയത്തൊക്കെ എത്രയേറെ കണ്ണുകള്‍ എന്നെ വീക്ഷിച്ചിട്ടുണ്ട്‌. ആയിരമല്ല, ആയിരങ്ങളുടെ മടങ്ങുകള്‍....

നിയോഗവും ദൈവനിശ്ചയവും തന്നെയാണ്‌ ഇക്കാലമത്രയും എന്നെ നയിച്ചത്‌. സ്‌കോളര്‍ഷിപ്പോടെ ന്യൂയോര്‍ക്കിലെ യൂണിയന്‍ തിയോളജിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതു മുതല്‍ നിയോഗങ്ങളുടെ പരമ്പര തുടങ്ങുന്നു. തുടര്‍ന്ന്‌ അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇടവകകള്‍ സ്ഥാപിക്കുന്നതിനായി പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ ബാവാ കല്‍പ്പനയിലൂടെ നിര്‍ദേശിക്കുന്നു. കല്‍പ്പനയുടെ പൂര്‍ത്തീകരണം വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ തന്നെ സാധിച്ചെടുത്തു. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍, ഡിട്രോയിറ്റ്‌ തുടങ്ങി  വിവിധ നഗരങ്ങളില്‍ ശങ്കരത്തിലച്ചന്‍ സ്ഥാപിച്ച ഏഴു പള്ളികള്‍ ഇന്ന്‌ വലിയ ഇടവക സമൂഹമായി മാറിയിരിക്കുന്നു. 

സഭയ്‌ക്ക്‌ നല്‍കുന്ന സേവനങ്ങളെ പോലെ തന്നെ സഭ തന്നെ അനുഗ്രഹിച്ചിട്ടുമുണ്ട്‌. അമേരിക്കയില്‍ മലങ്കര സഭയുടെ പ്രഥമ വികാരിയായ ഇദ്ദേഹം തന്നെയാണ്‌ അമേരിക്കയിലെ ആദ്യത്തെ കോര്‍എപ്പിസ്‌കോപ്പയും നാല്‍പ്പത്തനാലാം വയസില്‍ കോര്‍ എപ്പിസ്‌കോപ്പ പദവി അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ ഇത്രയും ചെറു പ്രായത്തില്‍ ഈ പദവിയിലെത്തിയ ഒരാള്‍ മാത്രമേ മുമ്പുണ്ടായിരുന്നുള്ളൂ-പരിശുദ്ധ പരുമല തിരുമേനി. 

വിശ്രമമില്ലാത്ത പ്രവര്‍ത്തനം തന്നെയാണ്‌ ശങ്കരത്തിലച്ചന്റെ കര്‍മ്മകാണ്‌ഡങ്ങളുടെ ആകെ തുക. സഭാ ജീവിതത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം മികവുകാട്ടി. കേരളത്തില്‍ നിന്ന്‌ ധനതത്വശാസ്‌ത്രത്തില്‍ ബിരുദവും മലയാളം, സംസ്‌കൃതം വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുള്ള ഇദ്ദേഹം ജീവതം മുഴുവന്‍ വിദ്യാര്‍ത്ഥിതന്നെയായിരുന്നുവെന്ന്‌ പറയാം. അമേരിക്കയില്‍ വന്നതിനുശേഷം വിവിധ വിഷയങ്ങളിലായി അഞ്ച്‌ മാസ്റ്റര്‍ ബിരുദങ്ങളാണ്‌ ശങ്കരത്തിലച്ചന്‍ സമ്പാദിച്ചത്‌. തിയോളജി, കൗണ്‍സലിംഗ്‌ സൈക്കോളജി, ഫാമിലി കൗണ്‍സലിംഗ്‌, തെറാപ്യൂട്ടിക്‌ റിക്രിയേഷന്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സലിംഗ്‌ എന്നിങ്ങനെ. 69-മത്തെ വയസിലാണ്‌ ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടുന്നത്‌. കാനഡ ക്രിസ്‌ത്യന്‍ കോളജിലാണ്‌ ഡോക്‌ടറല്‍ പഠനം പൂര്‍ത്തീകരിച്ചത്‌. കാല്‍ നൂറ്റാണ്ടുകാലം ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സൈക്യാട്രിക്‌ ഹോസ്‌പിറ്റലില്‍ ജോലി ചെയ്‌തശേഷം വിരമിച്ചു. 

അമേരിക്കയില്‍ താമസിക്കുന്നതിനൊ
പ്പം നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മുറിയാതെയും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. ജന്മനാടായ കുമ്പഴയില്‍ എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തുന്ന അദ്ദേഹം സാധു ജനങ്ങളെ സഹായിക്കുവാനായി പത്തുലക്ഷം രൂപ മുതല്‍മുടക്കി ശങ്കരത്തില്‍ എന്‍ഡോവ്‌മെന്റ്‌ ഫണ്ടിനും രൂപം നല്‍കി. മാധ്യമ കുലപതി മലയാള മനോരമ ചീഫ്‌ എഡിറ്ററായിരുന്ന അന്തരിച്ച കെ.എം. മാത്യുവാണ്‌ എന്‍ഡോവ്‌മെന്റ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. അന്ന്‌ ചടങ്ങില്‍ സംസാരിച്ച ഇപ്പോഴത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫസര്‍ പി.ജെ. കുര്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ അംബാസിഡറാണ്‌ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ എന്നു വിശേഷിപ്പിക്കുകയുണ്ടായി. 

മൂന്നാം വയസില്‍ അമ്മയെ നഷ്‌ടപ്പെട്ട തന്നെ മൂത്ത ജ്യേഷ്‌ഠന്റെ പത്‌നിയാണ്‌ മാതൃസ്‌നേഹം നല്‍കി വളര്‍ത്തിയതെന്ന്‌ എഴുപത്തിയേഴുകാരനായ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ അനുസ്‌മരിച്ചു. ഇരുപത്തിയേഴാം വയസില്‍ പിതാവിനേയും നഷ്‌ടപ്പെട്ടു. ബന്ധത്തിലെ നഷ്‌ടങ്ങളുടെ വേദന അറിഞ്ഞതുകൊണ്ടാവും ദുഖമനുഭവിക്കുന്നവര്‍ക്ക്‌ സാന്ത്വനമേകാന്‍ മനസ്‌ തുടിക്കുന്നത്‌. 

ചിരപരിശ്രമിയായ ഈ വൈദീക ശ്രേഷ്‌ഠന്‍ 80-ന്റെ തികവിലും ചുറുചുറുക്കോടും ശുഷ്‌കാന്തിയോടും കൂടി ഇടവക കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുന്നു. കാലം ചെയ്‌ത പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടേയും പരിശുദ്ധ ഔഗേന്‍ ബാവായുടേയും സെക്രട്ടറിയായും ശങ്കരത്തിലച്ചന്‍ സേവനം ചെയ്‌തിട്ടുണ്ട്‌. സഭയുടെ ഔദ്യോഗിക നാവായ മലങ്കര സഭാ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. സഭയിലെ മികച്ച വാഗ്മിയും കണ്‍വന്‍ഷന്‍ പ്രാസംഗികനും ധ്യാന ഗുരുവുമാണ്‌ അച്ചന്‍. 

ബന്ധുക്കളും ചാര്‍ച്ചക്കാരുമായി അനേകം പേരെ അമേരിക്കയിലെത്തിക്കുവാനും അദ്ദേഹം കാരണഭൂതനായി. പരിശുദ്ധ ബാവായുള്‍പ്പടെ അമേരിക്കയിലെത്തുന്ന എല്ലാ സഭാ മേലധ്യക്ഷന്മാരും ശങ്കരത്തിലച്ചന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്‌. 

കഴിഞ്ഞ 30 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തിന്റെ വികാരിയാണ്‌ വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ. കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (ലോംഗ്‌ ഐലന്റ്‌, ക്വീന്‍സ്‌, ബ്രൂക്ക്‌ലിന്‍) പ്രസിഡന്റ്‌, അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗം, പന്തളം, തലനാട്‌ (ശങ്കരത്തില്‍) പൊതു കുടുംബയോഗം എന്നിവയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിക്കുന്നു. 

ശത്രുക്കളും എതിരാളികളുമില്ലാതെ സഭാ സേവനം നടത്തുന്നതിന്‌ അദ്ദേഹത്തിന്‌ ഒരു മാജിക്കല്‍ ടച്ചുണ്ട്‌. എതിര്‍പ്പുള്ളവര്‍ ഉണ്ടെന്നുകണ്ടാല്‍ അന്നുതന്നെ അവരെ വിളിച്ച്‌ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ പ്രതിക്ഷേധത്തിന്റെ മഞ്ഞുരുക്കുകയാണ്‌ ആ ശങ്കരത്തില്‍ മാജിക്‌. 

സാഹിത്യ പ്രതിഭ എല്‍സി യോഹന്നാനാണ്‌ (റിട്ട. എന്‍ജിനീയര്‍, നാസാ കൗണ്ടി ഡി.പി.ഡബ്ല്യു) ശങ്കരത്തിലച്ചന്റെ ഭാര്യ. ഫൈനാന്‍സറായ മാത്യു യോഹന്നാന്‍, അറ്റോര്‍ണി തോമസ്‌ യോഹന്നാന്‍ എന്നിവര്‍ മക്കള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക