Image

122 ടു ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി

Published on 02 February, 2012
122 ടു ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: എ. രാജ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 122 ടു ജി ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിചാരണ കോടതിയ്ക്ക് തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ വിചാരണ കോടതി രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണം. സി.ബി.ഐ. നടത്തുന്ന ടു ജി. കേസന്വേഷണം കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടക്കുമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് 122 ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. 2008 ജനവരിയ്ക്ക് ശേഷം 11 കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദാക്കുന്നത്. നാലു മാസത്തിനകം ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പി. ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ ടു ജി. കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സ്വാമി മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നി ശനിയാഴ്ച വിധി പറയും.

ടു ജി. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കോടതിയെ സഹായിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിദഗ്ദ്ധസംഘം ആവശ്യമില്ല, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.

നിയമ വിരുദ്ധമായാണ് ടു ജി ലൈസന്‍സുകള്‍ അനുവദിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ടെലികോം ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. നാലു മാസത്തിനകം ടു ജി ലൈസന്‍സുകള്‍ ലേലം ചെയ്യണം. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

യൂണിനോര്‍, ലൂപ് ടെലികോം, സിസ്റ്റമ ശ്യാം, എത്തിസലാത്ത് ഡി.ബി, എസ് ടെല്‍, വീഡിയോകോണ്‍, ടാറ്റ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളാണ് റദ്ദാക്കിയത്. 2 ജി ലൈസന്‍സ് ലഭിച്ചശേഷം ഓഹരികള്‍ വിറ്റഴിച്ച മൂന്ന് ടെലികോം കമ്പനികളില്‍നിന്നും അഞ്ചു കോടി രൂപവീതം പിഴ ഈടാക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയില്‍ സന്തുഷ്ടനാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വലിയ അഴിമതിയാണ് സ്‌പെക്ട്രം ഇടപാടില്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിന് വലിയ പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക