Image

ബോകോ ഹറാം വക്താവ് നൈജീരിയയില്‍ പിടിയിലായി

Published on 02 February, 2012
ബോകോ ഹറാം വക്താവ് നൈജീരിയയില്‍ പിടിയിലായി
അബുജ: ഇസ്‌ലാമിക തീവ്രവാദ സംഘടനയായ 'ബോകോ ഹറാം' വക്താവ് അബു ക്വാക നൈജീരിയയില്‍ പിടിയിലായി. രണ്ടാഴ്ച മുന്‍പ് നൈജീരിയയിലെ വടക്കന്‍ നഗരമായ കാനോയില്‍ ബോകോ ഹറാം നടത്തിയ തീവ്രവാദി ആക്രമണങ്ങളില്‍ ഇന്ത്യക്കാരനടക്കം 85 പേര്‍ മരിച്ചിരുന്നു. രഹസ്യ കേന്ദ്രത്തില്‍നിന്ന് തീവ്രവാദി സംഘടനയ്ക്കുവേണ്ടി സംസാരിച്ചിരുന്ന ക്വാക നിരവധി സ്‌ഫോടനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വടക്കന്‍ നൈജീരിയയില്‍ നിന്ന് ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ക്വാകയെ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 'പാശ്ചാത്യവിദ്യാഭ്യാസം പാപമാണ്' എന്നര്‍ഥം വരുന്ന 'ബോകോ ഹറാം' എന്ന പേരിലുള്ള തീവ്രവാദസംഘടന സമീപകാലത്ത് നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ വന്‍ ആക്രമണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ പള്ളികളില്‍ നടത്തിയ സ്‌ഫോടനപരമ്പരയില്‍ അമ്പതോളം പേര്‍ മരിച്ചിരുന്നു. നൈജീരിയയില്‍ അടുത്തിടെ നടന്ന നിരവധി തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബോകോ ഹറാം ഏറ്റെടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക