Image

ഇന്‍ഡ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസം തകര്‍ച്ചയിലേയ്ക്ക് -കോര ചെറിയാന്‍

കോര ചെറിയാന്‍ Published on 09 May, 2016
 ഇന്‍ഡ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസം തകര്‍ച്ചയിലേയ്ക്ക് -കോര ചെറിയാന്‍
ഫിലാഡല്‍ഫിയ: ആഗോളതലത്തില്‍ മെഡിക്കല്‍ മേഖലയില്‍ സമര്‍ത്ഥരായി
അംഗീകാരം കൈവരിച്ചവര്‍ ഇന്‍ഡ്യന്‍ ഡോക്‌ടേഴ്‌സ് ആണ്. ഇപ്പോഴും ഡെല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ മെഡിക്കല്‍ സയന്‍സ്, വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് തുടങ്ങി വളരെയധികം അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍നിന്നും പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ ആതുര സേവന രംഗത്ത് സമര്‍ദ്ധര്‍ തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ 579 മെഡിക്കല്‍ കോളേജുകളും, മെഡിക്കല്‍ പരിശീലന ആശുപത്രികളും ഇന്‍ഡ്യയിലുണ്ട്. 2005 ലെ ന്യൂ ഇംഗ്ലണ്ട് മെഡിക്കല്‍ ജേണലിലെ അനാലൈസിസ് അനുസരിച്ച് അമേരിക്കയില്‍ 40838 ഇന്‍ഡ്യാക്കാരായ ഡോക്‌ടേഴ്‌സ് ഉണ്ട്. 2005 ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം അമേരിക്കയിലുള്ള ഡോക്ടര്‍മാരില്‍ 5 ശതമാനം ഇന്‍ഡ്യാക്കാര്‍ തന്നെ. 11 വര്‍ഷങ്ങള്‍ക്കുശേഷം ഇന്‍ഡ്യക്കാരായ ഡോക്ടര്‍മാരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കും. സെന്‍സസ് റിപ്പോര്‍ട്ടു ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയിലെ ആതുര സേവനരംഗത്ത് ഏറ്റവും ഉന്നത സ്ഥാനമായ യു. എസ്. സര്‍ജന്‍ ജനറല്‍ ഇന്‍ഡ്യക്കാരനായ ഡോ. വിവേക് മൂര്‍ത്തിയാണ്.

          അടുത്ത നാളില്‍ റോയിട്ടേഴ്‌സിന്റെ 4 മാസം നീണ്ടുനിന്ന അന്വേഷണ വാര്‍ത്തയില്‍ ഇന്‍ഡ്യയിലെ പകുതിയിലധികം മെഡിക്കല്‍ പഠന പരിശീലന സ്ഥാപനങ്ങളില്‍നിന്നും ബിരുദധാരികളായി ആതുരസേവന മേഖലയിലേക്കു പ്രവേശിക്കുന്ന ഡോക്ടര്‍മാരില്‍ പലര്‍ക്കും വേണ്ടത്ര ഗുണമേന്‍മ ഇല്ലെന്നും, ചിലര്‍ വ്യാജ ഡിഗ്രികള്‍ കരസ്ഥമാക്കി മെഡിക്കല്‍ മേഖലയില്‍ ജോലി സമ്പാദിക്കുന്നതായും വെളിപ്പെടുത്തിയിരിക്കുന്നു. വിശാലമായ മെഡിക്കല്‍ വിദ്യാഭ്യാസ പഠന പദ്ധതിയില്‍ ചില കോളേജുകള്‍ നീതി ശാസ്ത്രബോധത്തെക്കുറിച്ചും ധാര്‍മ്മിക ചിന്താഗതിയെക്കുറിച്ചും ഗൗരവമായി വീക്ഷിക്കുന്നതില്‍ താത്പര്യം കാണിക്കാത്തതായും രേഖപ്പെടുത്തുന്നു.
ഡല്‍ഹി, അടിസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന ഉദരത്തിന്റെയും കുടലിന്റെയും സര്‍ജന്‍ ലോകപ്രസിദ്ധിയാര്‍ജ്ജിച്ച സമിറാന്‍ നൂണ്‍ഡിയുടെ, ടെലിഗ്രാഫ് ദിനപത്രം പ്രസിദ്ധീകരിച്ച, പഠന റിപ്പോര്‍ട്ടില്‍ ഇന്‍ഡ്യയിലെ വളരെയധികം പ്രൈവറ്റ് മെഡിക്കല്‍ കോളേജുകള്‍ വെറും ബിസിനസ് സ്ഥാപനമായി നടത്തുന്നതായും, ഇവര്‍ പുറപ്പെടുവിക്കുന്ന പകുതിയിലധികം ഗവേഷണ പ്രബന്ഥനങ്ങളില്‍ യാതൊരുവിധ ഗുണമേന്‍മയും ഇല്ലെന്നും ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു. 69 ഇന്‍ഡ്യന്‍ മെഡിക്കല്‍ കോളേജുകളെ പ്രതിസ്ഥാനത്താക്കി 2010 ല്‍ കോര്‍ട്ട് ഓര്‍ഡറോടുകൂടി ആറുമാസം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കൈക്കൂലി കൈപ്പറ്റിയതായും ചോദ്യക്കടലാസ് ചോര്‍ത്തിയതായും ന്യായരഹിതമായി വിദ്യാര്‍ത്ഥികള്‍ക്കു അഡ്മിഷന്‍ കൊടുത്തതായും ഔപചാരികമായി വെളിപ്പെടുത്തി.

          ലോകത്തില്‍ ഏറ്റവുമധികം ആരോഗ്യനിലവാരം താണ, വളരെയധികമായി മരണസംഖ്യ ഉയര്‍ന്ന, ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന വയറിളക്കം, ക്ഷയം, ന്യൂമോണിയ മുതലായ രോഗങ്ങളാല്‍ അനുദിനം ആയിരങ്ങള്‍ മരിച്ചുവീഴുന്ന രാജ്യമാണ് ഇന്‍ഡ്യ. 98 ശതമാനം ഈശ്വരവിശ്വാസികളുണ്ടെന്ന് അഭിമാനിക്കുന്ന മഹാ ഭാരതത്തിലെ മെഡിക്കല്‍ കോളേജുകളിലെ ദുര്‍നടപടിയും അഴിമതിയും കൈക്കൂലിയും ആധുനികയുഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്നും പഠനം പൂര്‍ത്തീകരിച്ചശേഷം ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗ ചികിത്സയ്ക്കായി എത്തിചേര്‍ന്നവരില്‍ ഏകദേശം പകുതിയിലധികം മെഡിക്കല്‍ ബിരുദധാരികള്‍ സാമാന്യ പരിശീലനംപോലും ലഭിക്കാത്തവര്‍ ആണെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ സമിതി ജനശ്രദ്ധയ്ക്കായി അറിയിച്ചിട്ടുണ്ട്.

          50000-ലധികം വ്യാജ മെഡിക്കല്‍ ഡിഗ്രികള്‍ വെറും 6500 രൂപാ പ്രതിഫലം വാങ്ങി വിതരണം ചെയ്ത, സ്വയമായി ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ച ബള്‍വന്റ് അറോറ 2011 ലെ കോര്‍ട്ടു കേസില്‍ കുറ്റസമ്മതം നടത്തി. 2010 ല്‍ ഇതേകുറ്റത്തിനു 4 മാസം ജയില്‍ ശിക്ഷ അനുഭവിച്ച 'ദേശസ്‌നേഹി'യുടെ മൊഴിയില്‍ ഇന്‍ഡ്യയിലെ ഡോക്ടര്‍മാരുടെ
കുറവ് പരിഹരിക്കുവാന്‍ വേണ്ടിയും വ്യാജ ഡിഗ്രി കരസ്ഥമാക്കിയവര്‍ക്ക് മരുന്നുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പരിമിതമായ പരിജ്ഞാനമുള്ളവരാണെന്നും കോടതിയില്‍ വാദിച്ചു. അറോറ ഇരുമ്പഴിക്കുള്ളിലാണെങ്കിലും വ്യാജ മെഡിക്കല്‍ ഡിഗ്രിയുമായി രഹസ്യമായി പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും പലരും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നതായി പറയപ്പെടുന്നു.

           ഡോക്ടറായി ഉന്നത നിലവാരത്തില്‍ രൗദ്രഭാവം നടിച്ചു ജീവിത സുഖം മാത്രം അനുഭവിക്കണമെന്ന ആശമാത്രം കാലത്തിന്റെ തിരിവില്‍ നിരാശയായി മാറും. ഡോക്ടര്‍മാര്‍ അഹങ്കാരംമൂലം അര്‍ജ്ജുനന് ലഭിച്ച ബ്രഹ്മാസ്ത്രമായി മെഡിക്കല്‍ ഡിഗ്രിയെ കരുതരുത്. ആതുരസേവനം ഒരു സമര്‍പ്പണമാണ്; ഒരു യജ്ഞമാണ്; ഒരു തപസ്‌സ്യ ആണ്.


 ഇന്‍ഡ്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസം തകര്‍ച്ചയിലേയ്ക്ക് -കോര ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക