Image

തെരഞ്ഞെടുപ്പ് കാലങ്ങളിലെ ജയലളിതമാരുടെ സോഷ്യലിസം(ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 08 May, 2016
തെരഞ്ഞെടുപ്പ് കാലങ്ങളിലെ ജയലളിതമാരുടെ സോഷ്യലിസം(ഡല്‍ഹികത്ത്: പി.വി.തോമസ്)
ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെയും അരകിലോ ആട്ടിറച്ചിയുടെയും അരകുപ്പി വിസ്‌ക്കിയുടെയും കഥയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ എന്റെ ന്യൂസ് പേപ്പര്‍ ബ്യൂറോയിലെ ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ മുകേഷ് അമിതാഹ്ലാദത്തില്‍ ആയിരുന്നു നിയമസഭ തെരഞ്ഞെടുപ്പിന്റെ തലേന്ന്. ഞാന്‍ കാരണം ആരാഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശുകാരനും ഡല്‍ഹിയിലെ സമ്മതിദായകനുമായ അയാള്‍ പറഞ്ഞു സന്തോഷിക്കുവാന്‍് കാരണം ഉണ്ട്. അന്ന് രാവിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അയാളുടെ വീട്ടിലെത്തുകയും അരകിലോ ആട്ടിറച്ചിയും അരകുപ്പി വിസ്‌ക്കിയും സൗജന്യമായി നല്‍കുകയും ഉണ്ടായി. നമ്മുടെ ജനാധിപത്യം നീണാള്‍ വാഴപ്പെട്ട സാഹിബ്, മുകേഷ് പറഞ്ഞു. പിറ്റെ ദിവസം ഞാന്‍ വെറുതെ മുകേഷിനോട് ചോദിച്ചു താങ്കള്‍ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു തന്നെ വോട്ട് ചെയ്‌തോയെന്ന്. 'ഇല്ല സര്‍. വോട്ട ചെയ്യുവാന്‍ പോകുവാന്‍ പറ്റിയില്ല. കള്ളടിച്ചുറങ്ങിപോയി.' നേരിയ ജനാധിപത്യ കുറ്റബോധത്തോടെ അദ്ദേഹം പറഞ്ഞു. അരകിലോ ആട്ടിറച്ചിയും അരകുപ്പി വിസ്‌ക്കിയും മുകേഷിന് നല്‍കിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം എടുത്തു പറഞ്ഞു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്.

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വാഗ്ദാനങ്ങളും സമ്മാനമഴയും പെയ്യിക്കുന്നത് വാര്‍ത്തയല്ല. ഇന്‍ഡ്യയില്‍. പക്ഷേ, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്(മെയ് 16) അണ്ണാ ഡി.എം.കെ. നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ജയലളിതാ പെയ്യിച്ച സമ്മാനമഴ ഭയങ്കരമായിരുന്നു. സംസ്ഥാനം ഈയിടെ അനുഭവിച്ച ആ പ്രളയത്തെക്കാള്‍ ഭയാനകം ആയിരുന്നു അത്.
രണ്ട് കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മൊബൈല്‍ ഫോണ്‍ സൗജന്യമായി വിതരണം ചെയ്യും. ജോലിക്ക് പോകുന്ന വനിതകള്‍ക്ക് സ്‌ക്കൂട്ടര്‍ വാങ്ങുന്നതിന് 50 ശതമാനം വിലയിളവ് നല്‍കും. 100 യൂണിറ്റ് വൈദ്യുതി സൗജന്യം. വയര്‍ലസ് ഫിസലിറ്റി പൊതുസ്ഥലങ്ങളില്‍ സൗജന്യമായി ലഭ്യമാക്കും.

സമ്മാനമഴയുടെ കുത്തൊഴുക്ക് ഇവിടെ തീര്‍ന്നില്ല. ദാരിദ്ര്യരേഖക്കുതാഴെ വസിക്കുന്ന യുവതികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണ്ണം വിവാഹവേളയില്‍ സൗജന്യമായി നല്‍കും. അമ്മ മാസ്റ്റര്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കും. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് ആദായ നിരക്കില്‍ ആരോഗ്യപരിശോധന പരിപാടികള്‍ ആസൂത്രണം ചെയ്യും. അമ്മ ബാങ്കിംങ്ങ് കാര്‍ഡുകള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കും. പെന്‍ഷന്‍ പദ്ധതികള്‍, ഭവനവായ്പകള്‍(40 ലക്ഷം രൂപ വരെ), വിദ്യാഭ്യാസ വായ്പ്പകള്‍, അമ്പലങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായം എന്നിങ്ങനെ നിരവധി.
തീര്‍ന്നില്ല സമ്മാനങ്ങളുടെ ഈ പെരുമഴക്കാലം. തമിഴ് ഉത്സവമായ പൊങ്കലിന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 500 രൂപയുടെ സമ്മാന കൂപ്പണ്‍, 10 ലക്ഷം ഭവന സമ്മാനപദ്ധതി, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും 152 അടി ആയി ഉയര്‍ത്തുക തുടങ്ങി നിരവധി. 2016 മുതല്‍ 2021 വരെയുള്ള അഞ്ച്് വര്‍ഷകാലത്തേക്ക് 40,000 കോടിരൂപയാണ് ജയലളിതാ കര്‍ഷകര്‍ക്ക് വാഗ്്ദാനം ചെയ്തിരിക്കുന്നത്. ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിക്കുകയില്ല, പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകള്‍ ന്ല്‍കും, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി പ്രത്യേക ഭവനനിര്‍മ്മാണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും ഇങ്ങനെ പോകുന്നു ജയലളിതയുടെ വാഗ്ദത്ത ഭൂമി.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഈ വകകാര്യങ്ങളില്‍ ഒട്ടും പിറകിലല്ല ഉദാഹരണമായി ഡി.എം.ഡി.കെ.യുടെ നേതാവും സിനിമാതാരവും ആയ ക്യാപ്റ്റന്‍ വിജയകാന്തിന്റെ പ്രകടനപത്രിക നോക്കുക. പെട്രോള്‍ 45 രൂപയ്ക്ക്(ഒരു ലിറ്റര്‍), ഡീസല്‍ 35 രൂപ, സ്ത്രീകള്‍ക്ക് ഒരു ലക്ഷം ടാക്‌സിയോ ഓട്ടോറിക്ഷയോ സൗജന്യമായി നല്‍കുക, 25000 കര്‍ഷകര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗജന്യ വിദേശയാത്ര, വിദ്യാര്‍ത്ഥിനികള്‍ക്ക് ഭാഗികസമയജോലിയും 2000 രൂപ മാസ ശമ്പളവും. പോരെ? പട്ടാളി മക്കള്‍ കച്ചിയുടെ അമ്പുമണി രാമദാസും ഒട്ടും മോശമല്ല. ഓരോ ഗ്രാമത്തിനും ഓരോ സൗജന്യ ട്രാക്ക്റ്റര്‍, എല്ലാവര്‍ക്കും സൗജന്യ വൈദ്യസഹായം, ദുര്‍ബ്ബല വിഭാഗത്തില്‍്‌പ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ടാബലറ്റ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ ചിലത്. ഡി.എം.കെ. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുത്തുവേല്‍ കരുണാനിധി ടാബലറ്റുകളും സ്മാര്‍ട്ട് ഫോണുകളും 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അദ്ദേഹം ഗൃഹ-കാര്‍ഷീക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇളവ്, ആദായ പാല്‍വില, കാര്‍ഷിക-വിദ്യാഭ്യാസ വായ്പകളുടെ എഴുതി തള്ളല്‍ എന്നിവയെല്ലാം നിര്‍ല്ലോഭം വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്താണ് ഈ തെരഞ്ഞെടുപ്പുകാല മഹാമനസ്‌കതയുടെ അര്‍ത്ഥം? ഇവ ശുദ്ധ തട്ടിപ്പല്ലെ? തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രകാരം യുക്തിസിദ്ധമായ വാഗ്ദാനങ്ങള്‍ മാത്രമെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു വേളകളില്‍ ജനങ്ങള്‍ക്ക് നല്‍കാവൂ. അവ പ്രാവര്‍ത്തികമാക്കുവാനുള്ള സാമ്പത്തികശേഷിയും സാമ്പത്തിക ഭൂപടവും പാര്‍ട്ടികള്‍ വെളിപ്പെടുത്തണം. ഈ വക വാഗ്ദാനങ്ങള്‍ ഒരു കാരണവശാലും സംസ്ഥാനത്തിന്റെ സാമ്പത്തീക ശേഷിയെ ദോഷമായി ബാധിക്കരുത്. പക്ഷേ, ഇതൊന്നും ജയളലിതമാര്‍ പിന്തുടരാറില്ല. ഇവര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി ചൊരിയുകയാണ്. ഇതില്‍ പലതും നിറവേറ്റാറില്ല. പ്രകടന പത്രികളും അവയിലെ വാഗ്ദാനങ്ങളും പൊള്ളയാണ്. അവ കൈക്കൂലിപോലെയാണ്. എന്തിനാണ് ശരിയായ ഒരു ജനാധിപത്യത്തില്‍ ഈ വക കൈക്കൂലികള്‍? കോടിക്കണക്കിന് കള്ളപ്പണം ആണ് തെരഞ്ഞെടുപ്പുകളില്‍ ഒഴുകുന്നത്്. എന്തിനാണത്? ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യം ആണ് തെരഞ്ഞെടുപ്പുകളില്‍ ഒഴുകുന്നത്. എന്തിനാണത്? പോരാത്തതിന് ഈ വക വാഗ്ദാനങ്ങളുടെ പ്രലോഭന പ്രളയവും. തെരഞ്ഞെടുപ്പുകളിലെ മസില്‍ പവര്‍ ഇന്നലത്തെ കഥയല്ല. ഇപ്പോഴും അത് നല്ലയൊരളവ് വരെ പ്രകടമാണ്.

കാശും കള്ളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കി വോ്ട്ട് വാങ്ങുന്നത് അധാര്‍മ്മികം ആണ്. ശരിയാണ് ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചേക്കാം. രാഷ്ട്രീയക്കാര്‍ അധാര്‍മ്മീകമായി സമ്പാദിച്ച സ്വത്തിന്റെ ഒരു ശതമാനം ജനങ്ങളിലേക്ക് തിരിച്ചെത്തുന്ന അവസരം ആയിരിക്കാം തെരഞ്ഞെടുപ്പ് വേള. പക്ഷേ, അതിന് യാതൊരുവിധ ന്യായീകരണവും ഇല്ല. കാശും കള്ളും കൊടുത്തു വോട്ടു വാങ്ങുന്ന ഭരണാധികാരി അധമന്‍ ആണ്. വ്യാജ പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലേറുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരന്‍ വ്യാജനാണ്. മദ്യനിരോധനം വാഗ്ദാനം ചെയ്ത് വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരന്‍ അവന്റെ സൗജന്യങ്ങളുടെ താങ്ങുവില സ്വീകരിക്കുന്നത് ഈ മദ്യലോബിയില്‍ നിന്നും ആണ്. ജയലളിതയുടെ ഗവണ്‍മെന്റിന്റെ സാമ്പത്തിക നട്ടെല്ല് മദ്യലോബിയുടെ പണം ആണ്. ഘട്ടംഘട്ടം ആയി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് ജനപ്രീതിക്കായി പ്രസംഗിക്കുമ്പോള്‍ ജയലളിതക്ക് അത് നടപ്പിലാക്കുവാന്‍ സാധിക്കുമോ? മദ്യലോബിയുടെ പണത്തിനും പകരം വ്യാജമദ്യലോബിയുടെ പണം മതിയെന്നാണോ ഉദ്ദേശം? എങ്കില്‍ തന്നെയും വ്യാജമദ്യ ദുരന്തങ്ങളുടെ ഉത്തരവാദിത്വം ആര്് ഏറ്റെടുക്കും.
ജയലളിത, അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷിക്കപ്പെട്ടതാണ്. 100 കോടി രൂപയുടെ പിഴയും കോടതി അവരില്‍ ചുമത്തിയതാണ്. ഈ ശിക്ഷ മുഖാന്തിരം മുഖ്യമന്ത്രിസ്ഥാനം ജയലളിതക്ക് നഷ്ട്‌പ്പെട്ടതും ആണ്. എന്നാല്‍ തികച്ചും നാടകീയവും അത്യന്തം വിവാദപരവുമായ ഒരു മേല്‍ക്കോടതി വിധിയിലൂടെയാണ് ജയലളിത കുറ്റവിമുക്തയായി മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയത്.

തെരഞ്ഞെടുപ്പ് കാലത്ത് ജയലളിതമാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വന്‍വാഗ്ദാനങ്ങള്‍ വെറും വഞ്ചനയാണ്. വീമ്പാണ്. കണ്ണില്‍ പൊടിയിടല്‍ ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ ഈ ചതിയില്‍ അകപ്പെടുന്നു. ഈ  വകകണ്ണുകെട്ടല്‍ പരിപാടികള്‍ നമ്മുടെ ജനാധിപത്യ പ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുന്നു. വോട്ട് വിലക്ക് വാങ്ങിക്കുവാന്‍ ശ്രമിക്കുന്നത് ജനവഞ്ചനയാണ്. വോട്ട് പൊള്ളയായ വാഗ്ദാനത്തിലൂടെ വാങ്ങിക്കുവാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധം ആണ്. അത് ധാര്‍മ്മിക അഴിമതിയാണ്. കള്ളിനും കാശിനും ലാപ്‌ടോപ്പിനും ടെലിവിഷനും വേണ്ടി വോട്ട് മറിക്കുന്ന സമ്മതിദായകന്‍ ജനാധിപത്യ വ്യഭിചാരം ആണ് ചെയ്യുന്നത്. പ്രലോഭനങ്ങളില്‍ വീഴരുത്. വോട്ടിന്റെ വിലയറിഞ്ഞ് അത് ഉപയോഗിക്കുന്ന സമ്മതിദായനിലൂടെ മാത്രമെ ഇന്‍ഡ്യന്‍ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. അതിന്റെ പവിത്രത സംരക്ഷിക്കപ്പെടുകയുള്ളൂ. 1977-ല്‍ വടക്കെ ഇന്‍ഡ്യയിലെ സമ്മതിദായകര്‍ അത് തെളിയിച്ചതാണ്. അവര്‍ക്ക് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ചരിത്രബോധം ഉണ്ടായിരുന്നു. ചരിത്രത്തിന്റെ പ്രതികാരവാഞ്ച അവരില്‍ തിളച്ചു നിന്നിരുന്നു. ഇന്ന് ആ സാമൂഹ്യപ്രതിബദ്ധത അരകിലോ ആട്ടിറച്ചിയിലും അരകുപ്പി വിസ്‌ക്കിയിലും വില്‍ക്കപ്പെടുമോ?

തെരഞ്ഞെടുപ്പ് കാലങ്ങളിലെ ജയലളിതമാരുടെ സോഷ്യലിസം(ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക