Image

വിദ്യാഭ്യാസ സഹായം ആവശ്യമുള്ളത് ഏഴരക്കോടി കുട്ടികള്‍ക്ക്: യൂനിസെഫ്

Published on 08 May, 2016
വിദ്യാഭ്യാസ സഹായം ആവശ്യമുള്ളത് ഏഴരക്കോടി കുട്ടികള്‍ക്ക്: യൂനിസെഫ്

 ബെര്‍ലിന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രശ്‌നബാധിത മേഖലകളില്‍ ആകെ ഏഴരക്കോടിയോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ആവശ്യമുള്ളതായി യൂനിസെഫിന്റെ കണക്ക്.

മൂന്നു മുതല്‍ പതിനെട്ടു വരെ പ്രായമുള്ള കുട്ടികളെയാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരിക്കുന്നത്. ഇങ്ങനെ ആകെയുള്ള 46.2 കോടി കുട്ടികളില്‍ നാലിലൊന്നും ജീവിക്കുന്നത് ഗുരുതരമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ്.

സിറിയയില്‍ അഞ്ചു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കാരണം ആറായിരത്തോളം സ്‌കൂളുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞു. കിഴക്കന്‍ യുക്രെയ്‌നില്‍ അഞ്ചിലൊന്നു സ്‌കൂളുകളും സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടു.

സ്‌കൂളിനു പുറത്താകുന്ന കുട്ടികളില്‍ അഞ്ചിലൊന്നും അഭയാര്‍ഥികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ സ്‌കൂളിനു പുറത്താകാനുള്ള സാധ്യത രണ്ടര മടങ്ങ് അധികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക